TopTop
Begin typing your search above and press return to search.

താരം വന്നാല്‍ ആളു കൂടും, വോട്ടുകൂടുമോ രാഷ്ട്രീയക്കാരേ...?

താരം വന്നാല്‍ ആളു കൂടും, വോട്ടുകൂടുമോ രാഷ്ട്രീയക്കാരേ...?

രാകേഷ് നായര്‍

പറഞ്ഞുകേട്ടിട്ടുള്ളതാണ്, കൊല്ലങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫിസില്‍ നിന്ന് ഇറങ്ങി വന്നൊരു മലയാളി, ഓഫിസ് മുറ്റത്ത് അല്പം ദൂരെ മാറി തലകുനിച്ചിരിക്കുന്നൊരു മനുഷ്യനെ ശ്രദ്ധിച്ചു, എവിടെയോ കണ്ടപോലെ. അടുത്തുചെന്നു ആളെ മനസ്സിലായപ്പോള്‍ ഞെട്ടിപ്പോയി; മലയാള സിനിമയുടെ നിത്യഹരിത നായകന്‍... തനിക്കു ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധത്തിന്റെ മുഴുവന്‍ നിരാശയും അന്ന് നസീറിന്റെ മുഖത്തുണ്ടായിരുന്നുവത്രേ.

അതാണ് രാഷ്ട്രീയം. അവര്‍ക്ക് സിനിമയും സിനിമാക്കാരെയുമൊക്കെ ഇഷ്ടമാണ്. പക്ഷെ തച്ചന്റെ കൊത്ത് പടിക്കപ്പുറം മതി അകത്തമ്മയുടെ അടുത്ത് വേണ്ട എന്ന നിലപാടെടുത്തിരുന്നു. തിരശ്ശീലയില്‍ കാണുന്നവനെ ജാതിയും മതവും നോക്കാതെ ആരാധിച്ചിരുന്നവര്‍ക്കും താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് താല്‍പര്യവും തോന്നാതിരുന്നതോടെ സിനിമാക്കാര്‍ക്ക് രാഷ്ട്രീയം രാശിയില്ലാത്തയിടമായി മാറി. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ വെള്ളിത്തിരയിലെ താരങ്ങളായ എംജിആറും ജയയും എന്‍ടിആറുമൊക്കെ മുഖ്യമന്ത്രിമാരായി വിരാജിക്കുമ്പോഴും അത്തരം ആഗ്രഹങ്ങളൊക്കെ കഥാപാത്രങ്ങളിലൂടെ മാത്രം സ്വാര്‍ത്ഥകമാക്കാനായിരുന്നു ഇവിടെയുള്ളവരുടെ യോഗം. ഒടുവില്‍ കെ ബി ഗണേഷ്‌കുമാറും ഇന്നസെന്റുമെക്കൊ വന്നപ്പോഴാണ് രണ്ടിടങ്ങളിലും വേണ്ടത് ഒരേ യോഗ്യതയാണെന്നും പരസ്പരം മാറ്റിനിര്‍ത്തേണ്ടകാര്യമില്ലെന്നും തിരിച്ചറിയുന്നത്.

അകത്തേക്കാനയിച്ചിരുന്നില്ലെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് എന്നും സിനിമാക്കാരെ വേണമായിരുന്നു. തങ്ങളെക്കാള്‍ ആളെക്കൂട്ടാന്‍ ഇവര്‍ ഉപകരിക്കുമെന്ന തിരിച്ചറിവായിരുന്നു അതില്‍ പ്രധാനം. പിന്നെ, ഞാന്‍ സൂപ്പര്‍താരത്തിന്റെ അടുത്ത സുഹൃത്താണെന്നും നായികയെന്റെ സ്വന്തമാണെന്നുമൊക്കെയുള്ള മേനി പറച്ചിലിനും. രാഷ്ട്രീയക്കാര്‍ വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റുമോ? എന്ന പേടിയും, രാഷ്ട്രീയക്കാരനെ മുട്ടിനിന്നാല്‍ ഉണ്ടാകുന്ന ലാഭവുമായിരുന്നു സിനിമാക്കാരുടെ ഉള്ളില്‍. തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോഴാണ് ഈ പരസ്പരസഹായസംഘങ്ങള്‍ കൂടുതല്‍ ഊര്‍ജ്വസ്വലമാകുന്നത്. തങ്ങളുടെ പാര്‍ട്ടിയുടെ പ്രചരണയോഗങ്ങളില്‍ ഒരു സിനിമാതാരത്തെ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ രക്ഷപ്പെട്ടൂ എന്ന തരത്തിലാണ് രാഷ്ട്രീയക്കാരുടെ ചിന്ത. മന്ത്രിയും എംഎല്‍എയുമൊക്കെയായി വളരെ അനുഭവപരിചയമുള്ള, ലോകം കണ്ടിട്ടുള്ള രാഷ്ട്രീയക്കാരുപോലും ഇതില്‍ നിന്ന് മുക്തരല്ലായിരുന്നു. അരുവിക്കരയില്‍വരെ നാം അതു കണ്ടുകഴിഞ്ഞു.

കൃത്യമായ രാഷ്ട്രീയബോധമുള്ള ജനം താമസിക്കുന്ന കേരളത്തില്‍ ഒരു സിനിമാതാരത്തിന് ഏതെങ്കിലും വിധത്തില്‍ അവരുടെ രാഷ്ട്രീയതാല്‍പര്യങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ വെറും മണ്ടന്മാരാണ്. തങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു താരവും കൃത്യമായൊരു രാഷ്ട്രീയം പറയരുതെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലുള്ളത്. തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന താരങ്ങളെ, ആരാധിച്ച അതേ മനസ്സുകൊണ്ട് രാഷ്ട്രീയ എതിരാളിയായി കണ്ട് എതിര്‍ക്കാന്‍ മടിയില്ലാത്തവരുമാണ് കേരളത്തിലുള്ളത്. ഇവിടെ ഒരു താരവും സര്‍വ്വസമ്മതനും സര്‍വ്വാരാധ്യനുമല്ല. മമ്മൂട്ടി എന്ന സൂപ്പര്‍താരത്തെ, കമ്യൂണിസ്റ്റായും മുസ്ലിം ആയും വേര്‍തിരിച്ച് കണ്ട് വെറുക്കുന്ന സിനിമാപ്രേക്ഷകര്‍ ഇവിടെയുണ്ട്. മോഹന്‍ലാല്‍ സവര്‍ണകുലത്തിന്റെ പ്രതിനിധിയാണെന്നു കണ്ട് കുറ്റം പറയുന്നവരുമുണ്ട്. ആക്ഷന്‍ ഹീറോ പട്ടത്തില്‍ നിന്ന് അടിമഗോപിയും കേരളാ തൊഗാഡിയുമായൊക്കെയായി സുരേഷ് ഗോപി എന്ന നടന്‍ വിമര്‍ശിക്കപ്പെടാന്‍ എത്രസമയം എടുത്തു എന്ന് നോക്കിയാല്‍ മതി. അതിവേഗകോടതിയിലെ ജഡ്ജിമാരാണ് മലയാളികള്‍.എന്നിട്ടും രാഷ്ട്രീയക്കാര്‍ വിചാരിക്കുന്നത് തങ്ങളുടെ കൂടെ ഒരുതാരമുണ്ടെങ്കില്‍ അയാളെ ഇഷ്ടപ്പെടുന്നവരുടെ എല്ലാം വോട്ടും തങ്ങള്‍ക്കു കിട്ടുമെന്നാണ്. അതുകൊണ്ടാണ് മുന്നണികളെല്ലാം കിട്ടാവുന്നത്ര താരങ്ങളെ, സിനിമയില്‍ നിന്നായാലും സീരിയലില്‍ നിന്നായാലും, കൊണ്ടുവരുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മോഹന്‍ ലാലും മമ്മൂട്ടിയും പാര്‍ട്ടി കോട്ടകളില്‍ അല്ലാതെ, ഒരു പൊതുമണ്ഡലത്തില്‍ നിന്നാല്‍ വിജയിക്കുമെന്ന് യാതൊരു ഉറപ്പും പറയാന്‍ പറ്റില്ലെന്നതാണ് വസ്തുത. കാരണം ജനങ്ങള്‍ക്ക് അവരിലെ നടന്മാരെയാണ് ഇഷ്ടം. ഒരു നല്ല കമ്യൂണിസ്റ്റുകാരനായിരുന്നിട്ടും കേരളം ആരാധിച്ചിരുന്ന നടനായിട്ടും മുരളി ആലപ്പുഴപോലെ ഇടതുപക്ഷാനുഭാവം പുലര്‍ത്തുന്ന ഒരു ജില്ലയില്‍ മത്സരിച്ചപ്പോള്‍ തോല്‍ക്കുകയാണ് ഉണ്ടായത്. അന്നത്തെ കാലത്ത് ഒരു പൊതുയോഗം വെച്ചാല്‍ സുധീരനെ കാണാന്‍ കൂടുന്നതിനെക്കാള്‍ ആളുകള്‍ മുരളിയെ കാണാന്‍ എത്തുമായിരുന്നു. എന്നിട്ടെന്തായി? സുധീരന്‍ ജയിച്ചു. കാരണം ജനം മുരളിയുടെ മുന്നില്‍ തടിച്ചുകൂടിയത് ഒരു സിനിമാനടനെ കാണാനായിരുന്നു. സുധീരന്റെ മുന്നില്‍ നിന്നത് ഒരു രാഷ്ട്രീയക്കാരന്റെ വാക്കുകള്‍ കേള്‍ക്കാനും.

അരുവിക്കരയില്‍ സുരേഷ് ഗോപിയും മുകേഷും ഖുശ്ബുവുമൊന്നും പ്രചാരണത്തിനു വന്നില്ലെങ്കിലും സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു ചുക്കും വരില്ലായിരുന്നു. ഇവരെയാരെയും കൊണ്ടുവന്നില്ലായെന്നു പറഞ്ഞ് ഒരു വോട്ടും കുറയാനും പോകുന്നില്ല, ഇവരൊക്കെ വന്നെന്നു പറഞ്ഞ് വോട്ടൊന്നും കൂടാനും പോകുന്നില്ല. 'താരമെത്തി ജനമിളകി മറിഞ്ഞു'വെന്നാണ് പക്ഷെ പറയുന്നത്. അങ്ങനാണേല്‍ ഇതേ സിനിമാതാരങ്ങള്‍ പോകുന്ന ജ്വല്ലറി ഉദ്ഘാടനങ്ങള്‍ ഒന്നുപോയി കാണണം. അവിടെ കൂടുന്ന ജനത്തെ കണ്ടാല്‍ ആ സ്വര്‍ണ്ണക്കടയില്‍ ഈ ഭൂമിയിലുള്ള സകലസ്വര്‍ണ്ണവും കുഴിച്ചെടുത്തു വില്‍പ്പനയ്ക്ക് വയ്‌ക്കേണ്ടി വരുമെന്നു തോന്നും. ബോളിവൂഡിലെ കിംഗ് ഖാന്‍ എറണാകുളത്തെ ഒരു തുണിക്കട ഉദ്ഘാടിക്കാന്‍ വന്നതിന്റ വാര്‍ത്തയും പടങ്ങളുമൊക്കെ ഓര്‍മയുണ്ടല്ലോ. അന്നത്തെ തിരക്ക് എന്തായിരുന്നു. മണിക്കൂറുകളോളം ഹൈവേ നിശ്ചലമായി. ഒടുക്കമെന്തായി, കൊല്ലം രണ്ടാകും മുന്നേ കച്ചോടം പൂട്ടി.

ഇതു തന്നെയാണ് തെരഞ്ഞെടുപ്പുകളിലും സംഭവിക്കുന്നത്. സിനിമാനടനെയോ നടിയേയോ കാണാന്‍ ആളുകൂടും പക്ഷെ കൂടുന്നവരൊന്നും അവര് പറയുന്നയാള്‍ക്ക് വോട്ട് ചെയ്യില്ലെന്നുമാത്രം. കഴിഞ്ഞ തവണ ചാലക്കുടയില്‍ നിന്ന് ലോകസഭയിലേക്ക് മത്സരിച്ച ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ നടന്‍ ജനാര്‍ദ്ദനന്‍ നടത്തിയ പ്രസംഗത്തില്‍ ഈ വസ്തുത കൃത്യമായി പറഞ്ഞിരുന്നു. ഇവിടെയെത്തിയിരിക്കുന്ന ആളുകളെല്ലാം സിനിമാക്കാരെ കാണാന്‍ വന്നിരിക്കുന്നവരാണ്, അങ്ങനെ കണ്ടിട്ടുപോവുകയല്ല വേണ്ടത്. നിങ്ങള്‍ ഇന്നസെന്റിന് വോട്ട് ചെയ്യുകയും വേണമെന്നായിരുന്നു ജനാര്‍ദ്ദന്‍ പറഞ്ഞത്. അതാണു സത്യവും. തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ഒരു പ്രമുഖനടന് പാര്‍ട്ടി ഓഫര്‍ നല്‍കിയെങ്കിലും തനിക്ക് രാജ്യസഭയിലൂടെ പാര്‍ലമെന്റില്‍ എത്തിയാല്‍ മതിയെന്ന് നടന്‍ നിലപാട് എടുത്തത് പുള്ളി വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്നൊരാളായതുകൊണ്ടാണ്. പണ്ട് ഗുജാറാത്തുമായി ബന്ധപ്പെട്ട് മനസ്സു തുറന്നൊന്നു പറഞ്ഞുപോയതില്‍ നിന്ന് തന്നെ, രാഷ്ട്രീയത്തില്‍ ധ്രുവീകരിക്കപ്പെട്ടുപോയ തന്റെ ഇമേജിനെ കുറിച്ച് ഈ നടന് ബോധ്യം വന്നതാണ്. സിനിമയിലെ കഥാപാത്രത്തിന് ജാതിയും മതവുമൊന്നും പ്രശ്‌നമില്ല, പക്ഷെ രാഷ്ട്രീയത്തില്‍ ഇതെല്ലാം വലിയ പ്രശ്‌നമാണെന്ന സത്യവും അദ്ദേഹത്തിനറിയാം. ഇതേ കാര്യങ്ങളൊക്കെ ഈ സിനിമാക്കാരെക്കാള്‍ നല്ലവണ്ണം രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് അറിയാമെന്നതാണ് സിനിമാക്കാരെ ആളെക്കൂട്ടാന്‍ മാത്രം ഉപയോഗിക്കാനുള്ള ഉപകരണമായി കാണുന്നതും.അരുവിക്കരയില്‍ തന്നെ നോക്കിയാല്‍, പി. ശ്രീകുമാര്‍, മുകേഷ്, കെ പി എസ് സി ലളിത എന്നിവരൊഴിച്ചാല്‍ ബാക്കി അവിടെയെത്തിയ അഭിനേതാക്കളെല്ലാം തന്നെ സ്വയം അഹാസ്യരായി തീരുന്നതാണ് കണ്ടത്. ലളിതയ്ക്കും മുകേഷിനും ശ്രീകുമാറിനുമൊക്കെ ഒരു രാഷ്ട്രീയമുണ്ട്, അതവര്‍ വര്‍ഷങ്ങളായി പിന്തുടരുന്നതുമാണ്. അതിന്റെയൊരു അനുഭവം ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയും. അതേസമയം താരം എന്ന ഇമേജ് മാത്രം മുന്‍നിര്‍ത്തി ഇറക്കുന്നവരെ കൊണ്ട് നാട്ടുകാര്‍ക്ക് കൈയടിക്കാന്‍ ഉതകുന്ന തരത്തില്‍ രണ്ടു ഡയലോഗ് പോലും പറയിപ്പിക്കാന്‍ കഴിയാതെ പോയി. തിരക്കുകൊണ്ട് ഒന്നിനും സമയമില്ലെന്നു അഭിമാനത്തോടെ പറയുന്നവരാണ് നമ്മുടെ സിനിമാ-സീരിയല്‍ താരങ്ങള്‍. കൃത്യമായി പത്രം വായിക്കുന്നവര്‍ പോലും വിരലിലെണ്ണാവുന്നവരെയുള്ളൂ. അഭിമുഖങ്ങളില്‍ പറയാന്‍ ഒന്നോ രണ്ടോ പാശ്ചാത്യ എഴുത്തുകാരുടെ ബ്രീഫ് പ്രൈഫൈലും അവരുടെ ഏതെങ്കിലും രണ്ടു കൃതികളുടെ ബ്ലര്‍ബും കാണാതെ പഠിച്ചുവയ്ക്കുന്നവരാണ് അധികവും. അവര്‍ക്ക് ഈ നാട്ടില്‍ നടക്കുന്ന അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് ഒരു ധാരണയും കാണില്ല. കാരണം, അവര്‍ക്ക് സമയമില്ല. അങ്ങനെയുള്ളവരാണ് മേക്കപ്പിന് അനുയോജ്യമല്ലാത്ത നമ്മുടെ റോഡുകളെ കുറിച്ച് ആവലാതി പറഞ്ഞുപോകുന്നത്. ആ നടി പറഞ്ഞതിന്റെ സാരം വികസനമില്ലാത്ത നമ്മുടെ നാടിന്റെ അവസ്ഥയാണ്. പക്ഷെ, അത് വ്യക്തമായി പറയാനുള്ള ബോധം അവര്‍ക്കില്ലാതെ പോയി. സ്‌ക്രിപ്‌റ്റോ, പ്രോംപ്റ്റിംഗോ ഇല്ലാതെ അഭിനയിക്കാന്‍ പറഞ്ഞാല്‍ അവര്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാനേ കഴിയൂ. സിനിമയില്‍ നല്ല അന്തസ്സോടെ രാഷ്ട്രീയം പറയുന്ന സുരേഷ് ഗോപി പോലും അരുവിക്കരയില്‍ വന്നു പറഞ്ഞതൊക്കെ കേട്ടാല്‍ സഹതപിക്കാനേ തോന്നൂ. ആദിവാസി മേഖലയില്‍ ടൂറിസം കൊണ്ടുവരാനൊക്കെയുള്ള പുള്ളിയുടെ ആഗ്രഹം, വല്ലാത്തൊരാഗ്രഹമായി പോയി. സിപിഎമ്മും ബിജെപിയും നാട്ടിലുള്ളതാരങ്ങളെ കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് അല്‍പ്പം കൂടി കടന്നു. അവര്‍ സാക്ഷാല്‍ ഖുശ്ബുവിനെ തന്നെ വരുത്തിച്ചു. ആയമ്മയിപ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയനേതാവ് കൂടിയാണല്ലോ. ഖുശ്ബു എത്തി,അരുവിക്കര അലകടലായി എന്നൊക്കെ ഏതോ പത്രം എഴുതി കണ്ടു. ഖുശ്ബിന് പറയാന്‍ എന്തു രാഷ്ട്രീയമാണുണ്ടായിരുന്നത്? അവര്‍ക്ക് അരുവിക്കരയിലെ കാര്യങ്ങളോ, എന്തിന് കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ചുപോലുമോ യാതൊരു വ്യക്തതയുമില്ലായെന്ന് പ്രസംഗം കേട്ടാല്‍ മനസ്സിലാകും. മോദി റൊമ്പ കെട്ടവനെന്നും ഉമ്മന്‍ ചാണ്ടി റൊമ്പ നല്ലവനെന്നും ഇടയ്ക്കിടയ്ക്ക് പറയാനാല്ലാതെ ജനങ്ങളെ സ്വാധീനിക്കാന്‍ പോന്ന ഒരുകാര്യവും ആ നാവില്‍ നിന്നു പൊഴിഞ്ഞില്ല. എന്നിട്ടും ജനം തടിച്ചുകൂടി നിന്നു. എന്തുകൊണ്ടെന്നാല്‍ ഖുശ്ബു എന്ന ഹാങ് ഓവറിന്റെ കെട്ട് ഇപ്പോഴും വിട്ടിട്ടില്ല മലയാളിക്ക്.

തങ്ങള്‍ ഒരു പ്രത്യേക ഗ്രഹത്തില്‍ വസിക്കുന്നവരാണെന്നു ധരിച്ചവശരായിരിക്കുന്ന ഒരു വിഭാഗത്തെ എന്നിട്ടും ജനസ്വാധീനത്തിനായി ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോഴാണ് സത്യം പറഞ്ഞാല്‍ ഈ രാഷ്ട്രീയക്കാരോട് ചളിപ്പ് തോന്നുന്നത്. അരുവിക്കരയില്‍ വോട്ടില്ലാത്ത മമ്മൂട്ടിയെ പോയി ആദ്യം വിജയകുമാര്‍ കാണുന്നു, പിറ്റേദിവസം ശബരിനാഥന്‍ കാണുന്നു. മമ്മൂട്ടിയുടെ പിന്തുണയും അനുഗ്രഹവും തങ്ങള്‍ക്ക് കിട്ടിയെന്ന് വാര്‍ത്തയുണ്ടാക്കി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കുന്നു. എന്ത് കാര്യത്തിന്? അരുവിക്കരയിലെ മമ്മൂട്ടി ഫാന്‍സിന്റെ വോട്ട് മൊത്തമായി നേടിയെടുക്കാനോ? ഇതിനിടയില്‍ ഒരു കൂട്ടര് മോഹന്‍ ലാല്‍ ബിജെപിയില്‍ ചേരുന്നുവെന്നൊരു വാര്‍ത്ത ഉണ്ടാക്കി. മോഹന്‍ലാല്‍ ബിജെപിക്കാരനാകുമെങ്കില്‍ അരുവിക്കരയിലുള്ള എല്ലാ ലാലേട്ടന്‍ ഫാന്‍സിന്റെയും വോട്ട് രാജേട്ടന് കിട്ടുമല്ലോ! എങ്ങനുണ്ട് ബുദ്ധി. ഇങ്ങനൊക്കെ സംഭവിക്കുമായിരുന്നെങ്കില്‍ ഇവിടെ പ്രേംനസീറും യേശുദാസുമൊക്കെ ക്ലിഫ് ഹൗസിലെ താമസക്കാരാകുമായിരുന്നല്ലോ.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ് നായര്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories