TopTop

കാനില്‍ ലൈംഗിക പീഡന ഹോട്ട്ലൈന്‍; നടിമാര്‍ക്ക് പരാതി നല്‍കാം

കാനില്‍ ലൈംഗിക പീഡന ഹോട്ട്ലൈന്‍; നടിമാര്‍ക്ക് പരാതി നല്‍കാം
ഓസ്കാര്‍ നിലവാരത്തിലുള്ള നടിമാര്‍ മുതല്‍ താരാരാധകര്‍ വരെ ആര്‍ക്കും കാന്‍ ചലച്ചിത്രമേളയിലെ പുതിയ ലൈംഗിക പീഡന ഹോട്ട്ലൈനില്‍ വിളിക്കാം. അവിടെ മൂന്നു സ്ത്രീകള്‍ രാവിലെ 2 മണിവരെ നിങ്ങളുടെ പരാതികള്‍ സ്വീകരിക്കും.

മേളയിലെ പ്രതിനിധികള്‍ക്കുള്ള അറിയിപ്പുകളില്‍ ഒന്നിതാണ്, “നമുക്ക് വിരുന്ന് നശിപ്പിക്കാതിരിക്കാം,” ഫ്രഞ്ചിലുള്ള അറിയിപ്പില്‍ പറയുന്നു. “പീഡനം നിര്‍ത്തൂ!”

പ്രധാന വിധിനിര്‍ണയ സമിതിയില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. സമിതിയെ നയിക്കുന്നത് ആസ്ട്രേലിയന്‍ നടി കേയ്റ്റ് ബ്ലാഞ്ചേറ്റ് ആണ്. ശനിയാഴ്ച, 82 സ്ത്രീകള്‍-ഇതുവരെ പ്രധാന പുരസ്കാരത്തിനായി മത്സരിച്ച സ്ത്രീകള്‍ സംവിധാനം ചെയ്ത ഓരോ ചലച്ചിത്രത്തിനും ഒരാള്‍, അത് 5% മാത്രമാണ്- ചുവപ്പ് പരവതാനിയില്‍ പ്രകടനം നടത്തി.

“സ്ത്രീകള്‍ ലോകത്ത് ന്യൂനപക്ഷമല്ല, എന്നാല്‍ നമ്മുടെ വ്യവസായത്തിന്റെ ഇന്നത്തെ സ്ഥിതി അതല്ല കാണിക്കുന്നത്,” സംവിധായിക ആഗ്നസ് വര്‍ധ ഫ്രഞ്ചില്‍ വായിച്ച ബ്ലാഞ്ചെറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. മേളയുടെ പരവതാനി വിരിച്ച ചവിട്ടുപടികളില്‍ ചിത്രമെടുപ്പുകാരുടെ നിരകള്‍ക്ക് മുന്നില്‍ നിന്നു, ബ്ലാഞ്ചേറ്റ് കൂട്ടിച്ചേര്‍ത്തു, “സ്ത്രീകളെ, നമുക്ക് ചവിട്ടിക്കയറാം.”

#MeToo പ്രചാരണത്തിന്റെ പ്രതിധ്വനികളാണ് താരപ്പൊലിമയും കൊഴുപ്പുമുള്ള 11 ദിവസം നീളുന്ന കാനിലെ വാര്‍ഷികമേളയിലും വലിയ ഓളങ്ങളുണ്ടാക്കുന്നത്. പക്ഷേ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ചലച്ചിത്രമേള വ്യവസായത്തിന്റെ ഇരുണ്ട ഭൂതകാലവുമായി മുഖാമുഖം നില്‍ക്കുമ്പോള്‍ കാന്‍ അതിന്റെ വര്‍ത്തമാനകാലത്തെ പിഴവുകളെ കൂടി കാണണം. ഉദാഹരണത്തിന് ഈ വര്‍ഷത്തെ Palme d’Or പുരസ്കാരത്തിനായി മത്സരിക്കാന്‍ തെരഞ്ഞെടുത്ത 21 ചലച്ചിത്രങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് സ്ത്രീകള്‍ സംവിധാനം ചെയ്തത്.

ഇപ്പോള്‍ അതിന്റെ 71-ആം പതിപ്പിലെത്തി നില്‍ക്കുന്ന മേള വന്‍ ചലച്ചിത്രങ്ങളുടെ അവതരണസ്ഥലം മാത്രമല്ല. അത് ചലചിത്ര ഇടപാടുകളുടെയും, ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെ പോലുള്ളവര്‍ വര്‍ഷങ്ങളോളം വാണിജ്യ, വിനോദ കളിക്കളമാക്കി മാറ്റിയ വിരുന്നുകളുടെയും ഇടം കൂടിയാണ്. നിരവധി സ്ത്രീകള്‍ ഉന്നയിച്ച ലൈംഗിക പീഡനാരോപണങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ് വെയിന്‍സ്റ്റീന്‍ ഇപ്പോള്‍. അതില്‍ രണ്ടെണ്ണമെങ്കിലും നടന്നതായി ആരോപിക്കുന്നത് കാന്‍ മേളയുടെ മുന്‍ വര്‍ഷങ്ങളിലാണ്. (സമ്മതം കൂടാതെയുള്ള ലൈംഗികബന്ധത്തിന്റെ എല്ലാ ആരോപണവും വെയിന്‍സ്റ്റീന്‍ നിഷേധിച്ചിട്ടുണ്ട്).

അയാള്‍ ഇക്കൊല്ലം ഇല്ലെങ്കിലും അയാളുടെ കഴിഞ്ഞ കാലത്തിന്റെ ലൈംഗികപീഡനാരോപണത്തിന്റെ അന്തരീക്ഷം ഇപ്പോഴുമുണ്ട്. മേളയുടെ കടല്‍തീരത്തുള്ള കേന്ദ്രത്തില്‍ ചെറുപ്പക്കാരികള്‍ ഒരു ഫാഷന്‍ മാസികയുടെ പതിപ്പുകള്‍ നല്‍കുന്നു. വലിയ താരമോഹങ്ങളുമായി നടിമാര്‍ സുതാര്യവും, ഇറക്കിവെട്ടിയതുമായ വസ്ത്രങ്ങളില്‍, പുരുഷന്മാരായ നിര്‍മാതാക്കളുടെയും, സംവിധായകരുടെയും, ഛായാഗ്രാഹകരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ ചുവപ്പു പരവതാനിയില്‍ വന്നും പോയുമിരിക്കുന്നു.

കാനിലെ മുന്തിയ ഹോട്ടലുകളുടെ ഇടനാഴികളില്‍ ഏതൊക്കെ കച്ചവടമാണ് ഉറപ്പിക്കുന്നതെന്ന് മേളയില്‍ ഉള്ളവര്‍ക്കറിയാം. അത്തരമൊന്നിലെത്തി 10 മിനിറ്റിനുള്ളില്‍ രണ്ടു സ്ത്രീകള്‍ ഒരു റിപ്പോര്‍ട്ടറെ സമീപിച്ചു. 600 യൂറോ അല്ലെങ്കില്‍ 700 ഡോളര്‍, അയാളുടെ താമസസ്ഥലത്തേക്ക് എത്താമെന്ന് അതിലൊരാള്‍ വാഗ്ദാനം ചെയ്തു.

“അഭിലാഷങ്ങളുടെ പുറത്തു കെട്ടിപ്പോക്കിയ ഒരു ലോകമാണ് സിനിമ: ഈ നടിയുടെ അല്ലെങ്കില്‍ ആ നടിയുടെ കൂടെ ഒരു സിനിമയെടുക്കാനുള്ള നിര്‍മാതാക്കളുടെ, സംവിധായകരുടെ ആഗ്രഹം; ആ സിനിമ കാണാനുള്ള കാണികളുടെ ആസക്തി-ആ മോഹങ്ങളുടെ അടിസ്ഥാനവും ശാരീരിക ആകര്‍ഷണത്തിലാണ്,” ഫ്രാന്‍സിലെ ലിംഗ നീതിക്കായുള്ള സഹ മന്ത്രി മാര്‍ലീന്‍ ഷിയാപ്പ പറഞ്ഞു. “അധികാരം, ദൃശ്യത, കുടിലത, പണം” എന്നിവയുമായി കൂടിച്ചേരുമ്പോള്‍, ഷിയാപ്പാ പറയുന്നു, അതിന്റെ ഫലം, അതിരുകള്‍ അതിക്രമിക്കുന്ന “പല ഘടകങ്ങളുടെയും ഒരു മിശ്രിതമാണ്.”

Next Story

Related Stories