TopTop

ഓഷോയുടെ രജനീഷ് പുരം; കുറ്റകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന ലോകം

ഓഷോയുടെ രജനീഷ് പുരം; കുറ്റകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന ലോകം
ആറ് ഭാഗങ്ങളുള്ള Netflix പരമ്പര Wild Wild Country നമ്മളെ രജനീഷിന്റെ അനുയായികള്‍ ഒരു ഉട്ടോപ്യന്‍ ജീവിതം ജീവിക്കാനായി രജനീഷ് പുരം എന്ന നഗരം പണിതീര്‍ത്ത 1980-കളിലേക്ക് കൊണ്ടുപോകുന്നതായി സംപദ ശര്‍മ ദി ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ എഴുതുന്നു. ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

ആരാണ് രജനീഷ്?

തന്റെ ഉദാര ആശയങ്ങളുടെ പേരില്‍ ലോകത്തെമ്പാടും നിരവധി സ്വതന്ത്ര സ്വഭാവക്കാരെയും സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തികളെയും ആകര്‍ഷിച്ച, വലിയ തോതില്‍ അനുയായികളെ നേടിയ ഒരു ആത്മീയ ഗുരുവായിരുന്നു രജനീഷ്. തിന്മകളില്‍ നിന്നും മുക്തമായി, ഐക്യത്തിലും സമാധാനത്തിലും ജീവിക്കുന്ന ഒരു ‘പുതിയ മനുഷ്യന്‍’ എന്ന രജനീഷിന്റെ ആശയത്തെക്കുറിച്ചും വാര്‍ത്താചിത്രത്തില്‍ പറയുന്നുണ്ട്.

പക്ഷേ ഈ പരമ്പര രജനീഷിന്റെ തത്വചിന്തയെക്കുറിച്ചല്ല, വാസ്തവത്തില്‍ ഇത് രജനീഷിനെക്കുറിച്ചുമല്ല. ഈ പരമ്പരയിലെ താരം, അധികാര ശ്രേണിയില്‍ അയാള്‍ക്ക് തൊട്ട് പിറകില്‍ ഉണ്ടായിരുന്ന, രജനീഷിന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന, മുഴുവന്‍ പരിപാടികളും ആസൂത്രണം ചെയ്യുകയും, അവരുടെ മേല്‍നോട്ടത്തില്‍ നടന്ന വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്ത മാ ആനന്ദ് ഷീലയാണ്.

സന്യാസികള്‍ അല്ലെങ്കില്‍ രജനീഷികള്‍ എന്നറിയപ്പെട്ട അയാളുടെ അനുയായികള്‍, ഒറിഗോണിന്റെ പ്രാന്തപ്രദേശത്തുള്ള, ആന്‍റിലോപ്പ് എന്ന ചെറിയ നഗരത്തിനടുത്ത് 64,000 ഏക്കര്‍ വരുന്ന ഒരു മേച്ചില്‍പ്രദേശത്തേക്ക് മാറി. നാട്ടുകാര്‍ക്ക്, ഈ സന്യാസികള്‍, ആ പട്ടണത്തിന്റെ നന്മയെ എന്നെന്നേക്കുമായി നശിപ്പിച്ച പുറം നാട്ടുകാരായിരുന്നു. നഗ്നരായുള്ള വെയില്‍ കായല്‍ പതിവ് കാഴ്ച്ചയായതോടെ നാട്ടുകാര്‍ ഇവരെ ഒരു രതി ആസക്ത കുലമായി കണക്കാക്കാന്‍ തുടങ്ങി. രാത്രികള്‍ ഇതിലേറെ ബുദ്ധിമുട്ടായി. അവരുണ്ടാക്കിയിരുന്ന ഒച്ചയും ബഹളവും കാരണം ആന്‍റിലോപ്പുകാര്‍ അവരെ ‘കിടപ്പുമുറിയില്‍ ജീവിക്കുന്നവര്‍’ എന്നാണ് വിശേഷിപ്പിച്ചത്.

1981 മുതലുള്ള അഞ്ചുവര്‍ഷക്കാലം കൊണ്ട് രജനീഷ് പുരം വിവിധ കാരണങ്ങളാല്‍ വാര്‍ത്താത്തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചു. ഈ പരമ്പര ഇതിനെക്കുറിച്ച് ഇനിയും പുറത്തുവരാത്ത ചില ചരിത്ര വസ്തുതകള്‍ വെളിപ്പെടുത്തുന്നു.750-ലേറെ ആളുകള്‍ക്കെതിരെ വിഷപ്രയോഗം

ആന്റിലോപ് പട്ടണത്തില്‍ കിട്ടാവുന്ന എല്ലാ ഭൂമിയും വാങ്ങിക്കൂട്ടിയ രജനീഷികള്‍, നിലനില്‍ക്കണമെങ്കില്‍ നഗര സമിതിയില്‍ പ്രാതിനിധ്യം ഉണ്ടാകണമെന്ന് പെട്ടെന്നുതന്നെ മനസിലാക്കി. അതിനവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കണം. അന്നവര്‍ നേരിട്ടിരുന്ന എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ രജനീഷികളല്ലാത്ത ആരും അവര്‍ക്ക് വോട്ട് ചെയ്യുമായിരുന്നില്ല. എന്നിട്ടും വിജയം ഉറപ്പിക്കാന്‍, മാ ആനന്ദ് ഷീല, വാസ്കോ കൌണ്ടിയിലെ സലാഡ് ബാറുകളിലും ഭക്ഷണശാലകളിലും വിഷം കലര്‍ത്തുന്ന പരിപാടി തുടങ്ങി. തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയില്‍ 750-ലേറെപ്പേര്‍ ഗുരുതരമായ തരത്തില്‍ രോഗബാധിതരായി.

വെള്ളത്തില്‍ വിഷം കലര്‍ത്തി വാസ്കോ കൌണ്ടി കമ്മീഷണര്‍ ബില്ല്‍ ഹല്‍സിനെ വിഷബാധയേല്‍പ്പിക്കാനും സംഘം ശ്രമിച്ചു എന്നാരോപണമുണ്ടായി. സന്യാസികളെപ്പോലും വിഷപ്രയോഗത്തില്‍ നിന്നും ഒഴിവാക്കിയില്ല. ഷീലയെ ധിക്കരിക്കാന്‍ ശ്രമിച്ചവരെയെല്ലാം അവര്‍ നോട്ടമിട്ടു. തനിക്ക് ബോധക്കേടുണ്ടാക്കിയ കാപ്പി പോലൊന്ന് ഒരു ദിവസം കുടിച്ചതായി സണ്ണി എന്ന സന്യാസിനി പറയുന്നു. പിന്നീട് പലതും കൂട്ടിവായിച്ചപ്പോളാണ്, താന്‍ രാജനീഷുമായി സംസാരിക്കുന്നതു ഷീല കണ്ടെന്നും അതില്‍ നിന്നുണ്ടായ വെറും അസൂയയാണ് ഈ വിഷപ്രയോഗത്തിന് കാരണമെന്നും മനസിലായതെന്ന് സണ്ണി പറയുന്നു.

പിന്നീട് ഷീല തടവിലാവാന്‍ ഇടയായ കുറ്റങ്ങളിലൊന്ന് ഈ ജൈവാക്രമണമായിരുന്നു.ആയുധശേഖരം

സമാധാനസ്നേഹികളായ സന്യാസിമാര്‍ സ്വയ‘രക്ഷക്കായി’ ഒരു സേന തന്നെയുണ്ടാക്കി. ദിവസം മുഴുവന്‍ വെടിയുടെ ശബ്ദങ്ങള്‍ അവരുടെ കേന്ദ്രത്തില്‍ നിന്നും കേള്‍ക്കാമായിരുന്നു എന്നു പരമ്പരയില്‍ ആന്റിലോപ്പിലെ നാട്ടുകാര്‍ പറയുന്നു. ഒരു ഘട്ടത്തിലും തങ്ങളുടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളുടെ കൃത്യം കണക്ക് രജനീഷികള്‍ പുറത്തു പറഞ്ഞില്ല. എന്നാല്‍ അത് ഒറിഗോണ്‍ സംസ്ഥാനത്തിനുണ്ടായിരുന്നതിനെക്കാള്‍ കൂടുതലായിരുന്നു എന്ന് പരമ്പര സൂചിപ്പിക്കുന്നു. സന്യാസിനികളില്‍ ഒരാളായ ജെയിന്‍ സ്ട്രോക് പറഞ്ഞത്, താന്‍ വിവിധ സംസ്ഥാനങ്ങളില്‍ പോയി, പല കടകളില്‍ നിന്നുമായി ആയുധങ്ങള്‍ വാങ്ങി ഷീലയ്ക്ക് കൈമാറിയിരുന്നു എന്നാണ്. നഗരത്തില്‍ എഫ്‌ബി‌ഐ നടത്തിയ പരിശോധനയില്‍ ഈ ആയുധങ്ങള്‍ കണ്ടെടുത്തു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കല്‍

രജനീഷികളല്ലാത്തവരെ വിഷബാധയേല്‍പ്പിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഷീല ശ്രമിച്ചു. പക്ഷേ കൂടുതല്‍ വോട്ടുകള്‍ കിട്ടാനായി യു എസിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് അവര്‍ ബസുകള്‍ അയച്ചു. സൌജന്യ ഭക്ഷണം, മദ്യം, താമസിക്കാന്‍ താവളം എന്നിവ വാഗ്ദാനം ചെയ്തു തെരുവില്‍ അലയുന്ന നിരവധി പേരെ രജനീഷ് പുരത്തെത്തിച്ചു. അവരെ വോട്ടര്‍മാരാക്കി രേഖയില്‍ ചേര്‍ത്തു തെരഞ്ഞെടുപ്പില്‍ ജയിക്കലായിരുന്നു ലക്ഷ്യം.

വധ ശ്രമങ്ങള്‍

ചില ഉദ്യോഗസ്ഥരെയും സന്യാസികളെയും വധിക്കാനും ഷീലയും സംഘവും ലക്ഷ്യമിട്ടു. രജനീഷിന്റെ ഡോക്ടര്‍ ദേവ രാജ് ഒരു വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. അറ്റോര്‍ണി ജനറലിന്റെ കാര്യാലയത്തിലെ ചിലരെ വധിക്കാനും സംഘം പദ്ധതിയിട്ടിരുന്നു. ദേവ രാജ് രജനീഷിനെ കൊല്ലുമെന്ന് ഷീല കരുതിയതിനാലാണ് അയാളെ വധിക്കാന്‍ ഷീല ശ്രമിച്ചത്.ഫോണ്‍ ചോര്‍ത്തല്‍

1980-കള്‍ വരെയുണ്ടായതില്‍ ഏറ്റവും വലിയ ഫോണ്‍ ചോര്‍ത്തലും ഷീല നടത്തി. ഓഷോയുടെ വീടടക്കം രജനീഷ് പുറത്തെ പല വീടുകളില്‍ നിന്നും ഷീല ഫോണ്‍ ചോര്‍ത്തി. രജനീഷ് അയാളുടെ വീട്ടിന്നകത്ത് നടത്തിയ എല്ലാ സംസാരങ്ങളും ശബ്ദലേഖനം ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്തു. 10,000ത്തിലേറെ ടേപ്പുകള്‍ എഫ് ബി ഐ പിന്നീട് കണ്ടെത്തി.

കുടിയേറ്റ തട്ടിപ്പ്

വലിയതോതിലുള്ള കുടിയേറ്റത്തട്ടിപ്പും രജനീഷികള്‍ക്ക് നേരെ ആരോപിക്കപ്പെട്ടു. ഈ കുറ്റാരോപണത്തിന്റെ പേരിലാണ് രജനീഷിനോട് ഇന്ത്യയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതും. അനുയായികളില്‍ നിരവധിപേര്‍ യു എസ് പൌരന്‍മാര്‍ അല്ലായിരുന്നു. രജനീഷിന്റെ വിശ്വാസികള്‍ വിവാഹത്തില്‍ വിശ്വസിച്ചിരുന്നില്ല. അപ്പോള്‍ ഈ സന്യാസികളെ യു എസില്‍ താമസിപ്പിക്കാന്‍ രജനീഷികള്‍ തന്ത്രപൂര്‍വം ഒരു വഴികണ്ടെത്തി. ഒരു യു എസ് പൌരത്വമുള്ളയാള്‍ക്കൊപ്പം പങ്കാളിയാകാന്‍ ഇവരോട് ആവശ്യപ്പെടും. അവര്‍ യു എസിലെ മറ്റൊരു സംസ്ഥാനത്ത് താമസമാക്കുകയും അവിടെ വിവാഹം കഴിച്ച് രജനീഷ് പുരത്തേക്ക് തിരിച്ചുവരികയും ചെയ്യും. ഇത് കുടിയേറ്റ നിയമങ്ങളുടെ ലംഘനമായിരുന്നു.

1980-കാലഘട്ടത്തിലെ നിരവധി ദൃശ്യങ്ങളും, രജനീഷ് അനുയായികള്‍, ആന്റിലോപ് നിവാസികള്‍, ഉദ്യോഗസ്ഥര്‍, എന്നിവരുടെ അഭിമുഖങ്ങളും അടങ്ങുന്ന ഈ ആറ് ഭാഗങ്ങളുള്ള പരമ്പര ചരിത്രത്തില്‍ നമുക്ക് അറിയാതെ കിടന്ന പല വസ്തുതകളും പുറത്തുകൊണ്ടുവരും.

Next Story

Related Stories