UPDATES

സിനിമ

മോഹന്‍ലാല്‍ സിനിമ കണ്ട് ആര്‍പ്പു വിളിക്കലാണോ സാമൂഹ്യപ്രവര്‍ത്തനം? ‘ഫെമിനിച്ചി’കളെ ഉപദേശിക്കാന്‍ വരുന്നവരോട് സജിത മഠത്തില്‍

ഈ ചോദ്യങ്ങള്‍ തന്നെയാണു സജിത മഠത്തില്‍, റിമ കല്ലിങ്കല്‍ പോലുള്ള വിമന്‍ കളക്ടീവ് അംഗങ്ങള്‍ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്നത്

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നുവെന്നതിന്റെ പേരില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ അംഗങ്ങളായ വനിത സിനിമ സിനിമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരമായ അപഹാസ്യങ്ങള്‍ക്കും അസഭ്യതയാര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ഇരകളാകുന്നുണ്ട്. മറ്റു വിഷയങ്ങളിലൊന്നും ഇടപെടാതെ നടിയുടെ കേസില്‍ മാത്രം അഭിപ്രായവും നിലപാടുകളും പറയുന്നത് സ്വാര്‍ത്ഥ്യതാത്പര്യാര്‍ത്ഥമാണെന്നും പബ്ലിസിറ്റിക്കു വേണ്ടിയാണെന്നുമാണ് ഇവര്‍ക്കെതിരേയുള്ള ആക്ഷേപം. കഞ്ചാവ് ഉപയോഗിക്കുന്നവരാണന്ന തരത്തിലുള്ള ഗുരുതരമായ കുറ്റപ്പെടുത്തലുകള്‍ പോലും ഇവര്‍ക്കെതിരേ നടക്കുന്നുണ്ട്. നടന്‍ ദിലീപിനെതിരേ വനിത സംഘടന ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇവരെ അധിക്ഷേപിക്കുന്നതിനുള്ള ഒരു കാരണമാക്കിയിട്ടുണ്ട്. ദിലീപ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വനിത കൂട്ടായ്മയിലെ അംഗങ്ങള്‍ക്കെതിരേയുള്ള ആക്രമണം രൂക്ഷമായിരുന്നു. മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങി സംഘടനയിലെ പ്രധാനപ്പെട്ട അംഗങ്ങള്‍ക്കെതിരെയെല്ലാം വിജയാഹ്ലാദത്തിന്റെ ഭാഗമായ അധിക്ഷേപവര്‍ഷങ്ങള്‍ ഉണ്ടായിരുന്നു.

ഇതിനിടയിലാണ് ലൂസേഴ്‌സ് മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ സ്ത്രീകളെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന തരത്തില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഏട്ടനെതിരേ സംസാരിച്ച ഫെമിനിച്ചികള്‍ ഓര്‍ത്താല്‍ നല്ലത്, യഥാര്‍ത്ഥ കൊട്ടേഷന്‍ ഇനി കേരളം കാണാന്‍ കിടക്കുന്നതെയുള്ളൂ…ദിലീപേട്ടന്‍ ഒന്ന് മനസ് വെച്ചാല്‍ മതി മക്കളെ…പിന്നെ നീയൊക്കെ ഇവിടുത്തെ അണ്‍പിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങള്‍ ആകും’ എന്നായിരുന്നു ദിലീപിന്റെ ജയില്‍ മോചനത്തിലുള്ള ആഹ്ലാദം പ്രകടിപ്പിക്കല്‍.

ഈ പോസ്റ്റ് കടുത്ത വിമര്‍ശനത്തിനു വിധേയമായതിനെ തുടര്‍ന്ന്, തങ്ങളുടെ ഒരു തമാശയായിരുന്നു അതെന്നുള്ള ന്യായം പറഞ്ഞ് പോസ്റ്റ് പിന്‍വലിക്കുകയും തുടര്‍ന്ന് ആ പേജ് തന്നെ ഡിആക്ടിവേറ്റ് ആക്കുകയും ചെയ്തു.

പ്രസ്തുത പോസ്റ്റിലെ സ്ത്രീവിരുദ്ധയെ ഓര്‍മപ്പെടുത്തി, സ്ത്രീ വിരുദ്ധതയുടെ ആരവങ്ങള്‍ ഇതുപോലെ ഉള്ള പോസ്റ്റുകള്‍ ആയി മാറുമ്പോള്‍ ഇവിടെ സ്ത്രീയായി ജീവിക്കുക അത്ര എളുപ്പമല്ല! കഷ്ടം! എന്ന തന്റെ വികാരം പ്രകടിപ്പിച്ച സജിത മഠത്തിലിനു പക്ഷേ കേള്‍ക്കേണ്ടി വന്നത് അതിലും കടുത്ത സ്ത്രീവിരുദ്ധമായ വിമര്‍ശനങ്ങളായിരുന്നു.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്ന സ്ത്രീകളെ ഫെമിനിച്ചികളെന്നും കൊച്ചമ്മമാര്‍ എന്നുമാണ് നടന്റെ ആരാധകരും പിന്തുണയ്ക്കാരും വിളിക്കുന്നത്. പരിഹാസമെന്ന നിലയില്‍ ഉപയോഗിക്കുന്ന ഈ പ്രയോഗങ്ങള്‍ ഉപയോഗിച്ചു തന്നെയാണ് സജിത മഠത്തിലിനേയും ആക്രമിക്കുന്നത്.

കേരളത്തില്‍ അടുത്തകാലത്ത് നടന്ന ചില സംഭവങ്ങളില്‍ സജിത മഠത്തിലിനെ പോലുള്ളവര്‍ അഭിപ്രായം പറയുന്നില്ലെന്നതാണ് ഇവരുടെ ഇരട്ടത്താപ്പായി എതിരാളികള്‍ പറയുന്നത്. നടിയുടെ കാര്യത്തില്‍ മാത്രമാണ് സജിതയെപോലുള്ളവര്‍ക്ക് താത്പര്യമെന്നു ചിലര്‍ പറയുന്നു. കുളത്തൂപ്പുഴയില്‍ ഏഴുവയസുകാരി കൊല്ലപ്പെട്ടതില്‍ പ്രതികരണം നടത്തിയില്ലെന്നതാണ് ഇതിനുള്ള വാദം(സജിത ആ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു). മറ്റു ചിലരുടെ ആക്ഷേപം സ്ത്രീകളുടെ വിഷയത്തില്‍ മാത്രമാണ് സജിതയേയും റിമയേയും പോലുള്ളവര്‍ ഇടപെടുന്നുവെന്നുള്ളതാണ്. കൊച്ചിയില്‍ ഒരു ടാക്‌സി ഡ്രൈവറെ സ്ത്രീ യാത്രികര്‍ മര്‍ദ്ദിച്ചെന്ന പരാതിയാണ് ഇവിടെ അടിസ്ഥാനമാക്കുന്നത്.

എന്നാല്‍ തങ്ങള്‍ക്കെതിരേ ഉയര്‍ത്തുന്ന ഇത്തരം ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയായി സജിതയുടെ ഒരു കമന്റ് ഉണ്ട്. അജിത് എന്നയാളുടെ ചോദ്യങ്ങളോടാണ് സജിത പ്രതികരിക്കുന്നത്. അജിത് സജിതയോടു ചോദിക്കുന്ന ചോദ്യങ്ങള്‍ ഇതാണ്;

ഞാന്‍ ദിലീപേട്ടന്‍ ഫാന്‍ അല്ല പക്കാ ലാലേട്ടന്റെ ആരാധകന്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ മെമ്പര്‍ഷിപ് ഇല്ലാ

സജിത ചേച്ചിയെ കുറച്ചു കാര്യങ്ങള്‍ ചോദിച്ചോട്ടെ
(1) ഒരു പിഞ്ചു കുഞ്ഞു കുറച്ചു ദിവസം മുന്‍പ് ഒരു കാമ വേറിയനാല്‍ മരിച്ചു അത് കണ്ടില്ലേ എന്താ ആ പൊന്നോമന സെലിബ്രിറ്റി അല്ലാത്തത് കൊണ്ടാണോ
(2) ഒരു ഓണ്‍ലൈന്‍ taxy െ്രെഡവര്‍ 3 പെണ്‍പട്ടികള്‍ ചേര്‍ന്ന് ആക്രമിച്ചു. എന്താ ആണിന്റെ വേദനക കാണില്ലെ ആണുങ്ങള്‍ ദയ അര്‍ഹിക്കുന്നില്ലേ.
(3) കോടതി കുറ്റക്കാരന്‍ എന്ന് വിധിച്ചോ ഇല്ലല്ലോ
(4) നിങ്ങള്‍ ഒക്കെ ഈ diloge അല്ലാതെ എത്ര പാവങ്ങളെ സഹായിച്ചു
(5) ഇപ്പോള്‍ പബ്ലിസിറ്റി കൂട്ടാന്‍ സാമൂഹിക സേവകര്‍ എന്ന് കുറേ കൊച്ചമ്മമ്മാര്‍ ഇഷ്ടം പോലെ ചാനല്‍ ഉണ്ടല്ലോ പിന്നെ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് അതോടെ തീര്‍ന്നു.
(6)അതിനൊക്കെ നിങ്ങള്‍ അനുകരിക്കേണ്ടത് സുഗതകുമാരിഅമ്മയെ കണ്ടാ..

അജിത്തിന്റെ ഈ ചോദ്യങ്ങള്‍ തന്നെയാണു സജിത മഠത്തില്‍, റിമ കല്ലിങ്കല്‍ പോലുള്ള വിമന്‍ കളക്ടീവ് അംഗങ്ങള്‍ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്നത്. അജിത്തിന്റെ കമന്റിനു റിപ്ലേ എന്ന നിലയില്‍ സജിത പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മേല്‍പ്പറഞ്ഞ ചോദ്യങ്ങളുമായി വരുന്നവര്‍ക്കെല്ലാവര്‍ക്കുമുള്ള മറുപടിയായാണ്;

ഈ വിഷയങ്ങളിലെല്ലാം പ്രതികരിച്ചാല്‍ മാത്രമെ എനിക്ക് ഈ വിഷയത്തില്‍ സംസാരിക്കാന്‍ പാടുള്ളൂ. പറയൂ താങ്കള്‍ കേരളത്തിലെ സാമൂഹിക വിഷയങ്ങളില്‍ ഇന്നുവരെ ഇടപെട്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? മോഹന്‍ലാല്‍ സിനിമ കണ്ടു ആര്‍പ്പുവിളിക്കുകയല്ലല്ലോ സാമൂഹ്യ പ്രവര്‍ത്തനം ! കേരളത്തിലെ സ്ത്രീ സംബന്ധമായ ഒട്ടനവധി പ്രശ്‌നങ്ങള്‍ വേറെയും ഉണ്ട്. അവ ഇവിടെ കുറിച്ചാല്‍ പേജ് തികയില്ല. അതിലൊക്കെ എന്തു നിലപാട് ആണ് എടുക്കേണ്ടത്?

പക്ഷേ താരാരാധകരും പിന്തുണക്കാരും അവരുടെ അധിക്ഷേപങ്ങള്‍ തുടരുക തന്നെയാണെന്നു സജിതയുടെ പോസ്റ്റിനു താഴെയുള്ള കമന്റുകള്‍ വായിച്ചാല്‍ മനസിലാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍