TopTop
Begin typing your search above and press return to search.

'സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് നിമിഷയെ പലരും കളിയാക്കി'; അവിടെ നിന്നാണ് നിമിഷയുടെ വിജയം

മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍, സനല്‍ കുമാര്‍ ശശിധരന്റെ ചോല എന്നീ സിനിമകളിലെ അഭിനയത്തിനാണ് നിമിഷ സജയന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. തൊണ്ടി മുതലും ദൃകസാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ ആദ്യമായി മുഴുനീള വേഷം മലയാളത്തില്‍ വരുന്നത്. അതിന് മുമ്പ് കെയര്‍ ഓഫ് സൈറബാനു എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലും നിമിഷ അഭിനയിച്ചിട്ടുണ്ട്. ചോലയാണ് നിമിഷയുടേതായി ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രം. ചോലയില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് നിമിഷ പ്രേക്ഷകരിലേക്കെത്തുന്നത്. പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും പുരസ്‌കാരങ്ങള്‍ ഒരു ബാധ്യത സൃഷ്ടിക്കുന്നില്ലെന്നും വലിയ അംഗീകാരമാണ് അവയെന്നും നടി പ്രതികരിച്ചിരുന്നു. എന്നാല്‍ നിമിഷയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ചേര്‍ത്താണ് സുഹൃത്തും സംവിധായകയുമായ സൗമ്യ സദാനന്ദന്‍ ആശംസകള്‍ അറിയിച്ചത്.

സൗന്ദര്യം കുറവാണെന്ന കാരണത്താല്‍ പല അവസരങ്ങളിലും നിമിഷയ്ക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സംവിധായിക സൗമ്യ സദാനന്ദന്‍ പറയുന്നത്. ഇവയെല്ലാം അവളെ വളരെ അധികം തളര്‍ത്തിയെന്നാണ് നിമിഷയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടിട്ട പോസ്റ്റില്‍ സൗമ്യ പറയുന്നത്. സൗമ്യ സംവിധാനം ചെയ്ത മാംഗല്യം തന്തുനാനേന എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴാണ് ഇത്തരത്തിലുള്ള മോശം വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് നിമിഷ എത്തിയത്.

എന്നാല്‍ കുഞ്ചാക്കോ ബോബന്റെ നായികയാവാനുള്ള സൗന്ദര്യം നിമിഷയ്ക്കില്ലെന്ന് ചില ഫാന്‍സ് അസോസിയേഷനും പ്രേക്ഷകരും വിമര്‍ശിക്കുകയായിരുന്നു. അന്ന് നിമിഷ കരഞ്ഞുകൊണ്ട് തന്നെ വിളിച്ചെന്നും സൗമ്യ കുറിച്ചു. മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയത് വിമര്‍ശകര്‍ക്കുള്ള മറുപടിയാണെന്നാണ് സൗമ്യ പറയുന്നത്.

സൗമ്യ സദാനന്ദന്റെ കുറിപ്പ്

ഒരുപാട് വിഷമിച്ച് നിമ്മി എന്നെ വിളിച്ച ദിവസം ഓര്‍മയുണ്ട്. അവള്‍ കരയുകയായിരുന്നു. അവള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ എന്റെ മനസ് തകര്‍ത്തു. എനിക്ക് വാക്കുകള്‍ കിട്ടിയില്ല. എന്റെ നായകനേക്കാള്‍ ഗ്ലാമര്‍ കുറവാണ് നായികയ്ക്ക് എന്നായിരുന്നു ചില ഫാന്‍സ് ഗ്രൂപ്പിന്റെയും പ്രേക്ഷകരുടേയും വിമര്‍ശനം. ഇത് ആ പെണ്‍കുട്ടിയുടെ ഉത്സാഹത്തെ കൊല്ലുന്നതായിരുന്നു. വിടരാന്‍ തുടങ്ങുന്ന പൂമുട്ടിനെ സൂര്യപ്രകാശം കാണുന്നതിന് മുന്‍പ് നശിപ്പിച്ചു കളയുന്നതുപോലെയായിരുന്നു ഇത്. ലോകത്തിന്റെ സൗന്ദര്യം കാണുന്നതിന് മുന്‍പ് ഇല്ലാതാക്കുന്നപോലെ.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ജീവിതം പറഞ്ഞാണ് ഞാന്‍ അവളെ സമാധാനിപ്പിച്ചത്. സച്ചിനില്‍ നിന്നും വലിയ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ക്രിക്കറ്റ് കരിയറില്‍ ഫോം ഇല്ലായ്മയുടെ പേരില്‍ മാധ്യമങ്ങളും ആരാധകരും ഈ ലോകം മുഴുവനും സച്ചിന്റെ ദിനങ്ങള്‍ കഴിഞ്ഞു എന്നു പറഞ്ഞ് അദ്ദേഹത്തെ എഴുതിത്തള്ളുമായിരുന്നു. അപ്പോഴായിരിക്കും അദ്ദേഹം തന്റെ അടുത്ത മാച്ചില്‍, യാതൊരു നാടകീയതയും ഇല്ലാതെ കടന്നു വന്ന് സെഞ്ചുറിയും ഡബിള്‍ സെഞ്ച്വറിയും നേടി തന്റെ വിമര്‍ശകരുടെ വായടപ്പിക്കുക. അദ്ദേഹത്തിന് മാന്യതയും, അദ്ദേഹത്തിന്റെ മധുരപ്രതികാരങ്ങള്‍ക്ക് ഒരു വ്യക്തിത്വവും ഉണ്ടായിരുന്നു.

ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയത് നിന്റെ ഇരട്ടസെഞ്ച്വറിയാണ്. നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു. അവര്‍ക്ക് മറുപടി കൊടുക്കാന്‍ ഇതിലും നല്ല വഴിയില്ല.


Next Story

Related Stories