TopTop
Begin typing your search above and press return to search.

മാസ്റ്റർ ഫിലിം മേക്കർ സ്റ്റാൻലി കുബ്രിക്കിന്റെ യാഥാർത്ഥ്യമാക്കാത്ത മൂന്ന് തിരക്കഥാ ആശയങ്ങള്‍ കണ്ടെത്തി

മാസ്റ്റർ ഫിലിം മേക്കർ സ്റ്റാൻലി കുബ്രിക്കിന്റെ യാഥാർത്ഥ്യമാക്കാത്ത മൂന്ന് തിരക്കഥാ ആശയങ്ങള്‍ കണ്ടെത്തി

ലോക സിനിമയിലെ എണ്ണപ്പെട്ട സംവിധായകരില്‍ ഒരാളാണ് സ്റ്റാൻലി കുബ്രിക്ക്. ഇതിഹാസം എന്ന വാക്കിന്റെ എല്ലാ അർത്ഥതലങ്ങളെയും അന്വർത്ഥമാക്കിയ പ്രതിഭ. വെറും 13 ഫീച്ചർ ഫിലിമുകൾ മാത്രമാണ് നിർമ്മിച്ചതെങ്കിലും മാസ്റ്റർ ഫിലിം മേക്കർ എന്നും വിഷ്വൽ സ്റ്റൈലിസ്റ്റ് എന്നും അദ്ദേഹം പ്രകീര്‍ത്തിക്കപ്പെട്ടു. കുബ്രിക്കിന്‍റെ യാഥാർത്ഥ്യമാക്കാത്ത മൂന്ന് തിരക്കഥാ ആശയങ്ങള്‍ യുകെയിൽ നിന്നും കണ്ടെത്തിയെന്നതാണ് അദ്ദേഹത്തെ വീണ്ടും വാര്‍ത്തകളില്‍ നിറക്കുന്നത്.

ഇതുവരെ അറിയപ്പെടാതിരുന്ന കുറിപ്പുകളുടെ ശേഖരണവും 1954-നും 1956-നും ഇടയിൽ ടൈപ്പ് ചെയ്ത സ്ക്രിപ്റ്റുകളുമാണ് കണ്ടെത്തിയത്. വിവാഹം, അസൂയ, വ്യഭിചാരം തുടങ്ങിയ പ്രമേയങ്ങളാണ് അവ കൈകാര്യം ചെയ്യുന്നതെന്ന് ‘ദ ഗാർഡിയൻ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘വിവാഹിതനായ മനുഷ്യൻ’ എന്ന തിരക്കഥയുടെ ടൈപ് ചെയ്ത 35 പേജുകളും, സ്വന്തം കൈപ്പടയില്‍ എഴുതിയ അതിന്‍റെ വ്യാഖ്യാനങ്ങളും കുറിപ്പുകളും അതിന്‍റെ കൂടെയുണ്ട്. മറ്റൊന്ന് ‘പെർഫെക്റ്റ് മാര്യേജി’ന്‍റെ സ്ക്രിപ്റ്റാണ്. ആ കഥയുടെ ഏഴ് പേജ് സീനുകളും കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന് പൂര്‍ത്തീകരിക്കാന്‍ കഴിയാതെപോയ പ്രൊജക്ടാണ് ‘അസൂയ’. ദമ്പതികൾ തമ്മിലുള്ള നീരസത്തെക്കുറിച്ചു പറയുന്ന ഈ കഥയുടെ 13 പേജ് ടൈപ് ചെയ്ത സ്ക്രിപ്റ്റും മറ്റ് കുറിപ്പുകളുമാണ് ലഭിച്ചിരിക്കുന്നത്.

അക്കാലത്ത്, ചലച്ചിത്രകാരന് തന്‍റെ രണ്ടാമത്തെ ഭാര്യ റൂത്ത് സോബോട്‌കയുമായി ദാമ്പത്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എങ്കിലും അക്കാലത്തുതന്നെയാണ് കില്ലേഴ്സ് കിസ് (1955), ദി കില്ലിംഗ് (1956), പാത്ത്സ് ഓഫ് ഗ്ലോറി (1957) എന്നീ വിഖ്യാത സിനിമകൾ പിറവിയെടുക്കുന്നതും.

ഗാർഡിയൻ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ‘വിവാഹിതനായ മനുഷ്യൻ’ തുടങ്ങുന്നത് ഇങ്ങനെയാണ്: “ദാമ്പത്യം എന്നത് തുടക്കത്തിൽ വിളമ്പുന്ന മധുരപലഹാരത്തിനൊപ്പം നല്‍കുന്ന ഒരു നീണ്ട ഭക്ഷണം പോലെയാണ്. ഒരു റബ്ബർ സക്ഷൻ കപ്പ് പോലെ നിങ്ങളുമായി കൂട്ടിക്കെട്ടി, ആജീവനാന്തം രാവിലെയും ഉച്ചയ്ക്കും രാത്രിയും നിങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഒരു സ്ത്രീയോടൊപ്പം ജീവിക്കുന്നതിന്‍റെ ഭീകരത നിങ്ങൾക്ക് ഊഹിക്കാന്‍ കഴിയുമോ? അത് തൂവലുകളുടെ കടലിൽ മുങ്ങിമരിക്കുന്നതുപോലെയാണ്. മാര്‍ദവത്തിന്‍റെ നീര്‍ക്കയങ്ങളിലേക്ക് ഊളിയിട്ട്, ശീലത്തിന്റെയും പരിചിതത്വത്തിന്‍റെയും ആഴങ്ങളില്‍വെച്ച് ശ്വാസംമുട്ടിക്കുന്നതുപോലെയാണ്. അവൾ തിരിച്ചടിക്കുകയാണെങ്കിൽ മാത്രം ഒരു തവണയെങ്കിലും ഭ്രാന്തനോ അസൂയാലുവോ ആവുക. നോക്കൂ, ഇന്നലെ രാത്രി അത്താഴത്തിനു ശേഷം ഞാൻ നടക്കാൻ പോയി. പുലർച്ചെ രണ്ടുമണിക്കാണ് തിരിച്ചു വീട്ടില്‍ എത്തിയത്. ഞാൻ എവിടെയായിരുന്നെന്ന് എന്നോട് ചോദിക്കരുത്”.

ലണ്ടൻ യൂണിവേഴ്‌സിറ്റി ഓഫ് ആർട്‌സിലെ കുബ്രിക് ആർക്കൈവിലേക്ക് മെറ്റീരിയൽസ് മാറ്റിയിട്ടുണ്ട്. കുബ്രിക്കിന്‍റെ മിക്ക ചിത്രങ്ങളും നോവലുകളുടെയോ ചെറുകഥകളുടെയോ ചലച്ചിത്രാവിഷ്കാരങ്ങളാണ്. എ സ്പേസ് ഒഡീസി (2001), ബാരി ലണ്ടൻ (1975), ദി ഷൈനിംഗ് (1980), പാത്ത്സ് ഓഫ് ഗ്ലോറി (1957), ലോലിത (1962), എ ക്ലോക്ക്‌വർക്ക് ഓറഞ്ച് (1971) എന്നിവയൊക്കെ അദ്ദേഹത്തിന്‍റെ മികച്ച സിനിമകളില്‍ ചിലതു മാത്രമാണ്. 1999-ൽ അന്തരിച്ചു.

Read More: ബെഗുൺ കൊദാറിലെ പ്രേതങ്ങള്‍ നിശ്ചലമാക്കിയ റെയില്‍വേ സ്റ്റേഷന്‍; സന്താള്‍ ഗ്രാമങ്ങളിലെ അറിയാക്കഥകള്‍, ഇരുട്ട്, പേടികള്‍


Next Story

Related Stories