TopTop
Begin typing your search above and press return to search.

സുഡാനി ഫ്രം നൈജീരിയ; ലോകത്തിന്റെ അഭയാര്‍ത്ഥികള്‍ക്കായി ദുനിയാവിന്റെ പ്രാര്‍ത്ഥന

സുഡാനി ഫ്രം നൈജീരിയ; ലോകത്തിന്റെ അഭയാര്‍ത്ഥികള്‍ക്കായി ദുനിയാവിന്റെ പ്രാര്‍ത്ഥന
കയ്യില്‍ ഉമ്മവച്ച് അടുത്തെയ്ക്ക് ചേര്‍ത്ത് പിടിച്ചു, കെട്ടിപ്പിടിച്ച് ഇന്‍റെ കുട്ടീനെ പടച്ചോന്‍ കാക്കും, വല്യേ നെലേലെത്തും എന്ന് പറഞ്ഞു തീര്‍ക്കും നേരത്തും കണ്ണ് നിറഞ്ഞിരിക്കുന്ന ഒരുമ്മയുണ്ട്. അമ്മയും അച്ഛനും ജോലിയ്ക്ക് പോണ ദിവസങ്ങളില്‍, ഉമ്മേടെ നേരങ്ങളിലും, ഓലെ നിസ്ക്കാരപ്പായിലും, അടുക്കളചൂടിലും, സൊറപറച്ചിലുകളിലും കരഞ്ഞും പിഴിഞ്ഞും, ഒച്ചയിട്ടും, വാശികാട്ടിയിരുന്ന കുഞ്ഞായിരുന്ന ഞാന്‍ ഉണ്ടായിരുന്നിട്ടുണ്ട്. ഓര്‍മ്മയിലെ ബ്ലാക്ക് ആന്‍ വൈറ്റ് റീലില്‍, ഓലെ അടുക്കളപ്പുറത്തെ ഇറച്ചി വേവുന്ന നേരത്ത് കരയുന്ന എന്നോട് ഇന്‍റെ കുട്ടിയ്ക്കെന്താ പറ്റിയെ എന്ന് ചോദിച്ചു ഓടി വരുന്നത് ആ ഉമ്മ തന്നെയാണ്. അതേ വിശാലതയിലേക്കാണ് ഓരിപ്പോഴും കെട്ടിപ്പിടിച്ച് ചേര്‍ത്ത് നിര്‍ത്തുന്നത്. നിസ്ക്കാരപ്പായില്‍ കൂടെ നിര്‍ത്തി നിസ്കാരം പഠിപ്പിച്ച ഓര് തന്നെയാണ് കരഞ്ഞോണ്ട് ഉമ്മ വയ്ക്കുന്നത്. ഇന്‍റെ മോന് വേണ്ടി ഉമ്മ ദുഅ ചൊല്ലാം എന്ന് പറഞ്ഞിന്നും പ്രാര്‍ത്ഥനകളില്‍ ചേര്‍ത്ത് നിര്‍ത്തുന്നത്.

പടച്ചോനോടെന്നും ഓരോന്ന് പറയുന്ന കൂട്ടത്തില്‍ നമ്മള്‍ടെ കഥകൂടി അവടെയ്ക്ക്ത്തിയ്ക്കുന്ന വല്ലാത്ത ജാതി മനുഷ്യര്‍. ഓരെ ഇത്തിരി പോന്നയിടങ്ങളില്‍, ഒത്തിരിയുള്ള പ്രാര്‍ത്ഥനകളില്‍, നെഞ്ച് നെറച്ചും കൂട്ടിവച്ചിരിക്കുന്ന “എന്‍റെ കുട്ടി” സ്നേഹത്തിലേക്ക് ചേര്‍ന്നിരിക്കാന്‍ കഴിയും ലോകത്തിലെ മുഴുവന്‍ അഭയാര്‍ത്ഥികള്‍ക്കും. പാസ്സ്പോര്‍ട്ടില്ലാതെ, രാജ്യമേതെന്നു പറയാതെ, ഒരുപോലെ കേറിയിരിക്കാന്‍ കഴിയും ആ ഇടങ്ങളില്‍. ഇയ്യെന്തെങ്കിലും കയ്ച്ചിണോ മാനെ എന്ന ചോദ്യം കൊണ്ട് ഒരാമനുഷ്യരെ വീട്ടിലേക്ക്, അതിന്‍റെ വിശാലതയിലേക്ക് കൈപിടിച്ചിരുത്തും. പാസ്‌ പോര്‍ട്ടില്ലാത്തോരു മനുഷ്യരല്ലെന്ന് പറയുന്ന സ്റ്റേറ്റിനോട്‌ എന്നാപ്പീ പാസ്‌ പോര്‍ട്ട്‌ ഒക്കെ ഇണ്ടായേ, ഇന്‍റെ കെട്ട്യോന്‍ ജീവിച്ചു മണ്ണടിഞ്ഞ്, മൂപ്പരെത്ര രാജ്യത്ത് പോയതാ എന്നവര്‍ തിരിച്ചു പറയും.

ലോകത്തിന്‍റെ അഭയാര്‍ത്ഥികള്‍ക്കായി, അവരുടെ വേദനയ്ക്കായി ദുനിയാവിന്‍റെ പ്രാര്‍ത്ഥന തന്നെയാണ് സുഡാനി ഫ്രം നൈജീരിയ. അവരുടെ മുറുവുണങ്ങി നല്ലൊരു ലോകത്തെയ്ക്ക് അവര്‍ ചിറകടിച്ചു പറക്കാന്‍ വേണ്ടി ഒരു വീടും നാടും ദുഅ ചൊല്ലി കൂടെയിരിപ്പുണ്ട്. സുഡാനിയുടെ വല്യുമ്മ മരിച്ചെന്നു കേള്‍ക്കുമ്പോ അള്ളാഹ് എന്നൊരു ഞെട്ടലിലാണ് മജീദ്‌ പ്രതികരിക്കുന്നത്. ഇന്നാലില്ലാഹ് എന്ന് പറഞ്ഞു വേദനിച്ചാണ് മജീദിന്‍റെ ഉമ്മ ഞെട്ടലറിയിക്കുന്നത്. പ്രാര്‍ത്ഥന നടത്തുന്നുണ്ട് അറിയാത്ത നാട്ടിലെ മനുഷ്യനായി, ഭക്ഷണം വിളമ്പുന്നുണ്ട് ആ മരണത്തിന്‍റെ ചടങ്ങെന്ന വണ്ണം. മമ്പുറത്തെയ്ക്ക് വണ്ടി പിടിക്കുന്നുണ്ട് രണ്ടുമ്മമാര്‍, മനസ്സിലെ സ്നേഹമൊക്കെയും ഉരുക്കി പ്രാര്‍ത്ഥനയാക്കി തിരിച്ചു വരുന്നുണ്ടുവര്‍. പ്രാര്‍ത്ഥന സ്നേഹമാണെന്നറിയുന്ന നേരങ്ങളാണീ സിനിമയിലുള്ളത്. അഭയാര്‍ത്ഥികള്‍ മനുഷ്യരാണെന്നാണ് സക്കറിയും മുഹ്സിനും ഓര്‍മ്മപ്പെടുതുന്നത്. പ്രാര്‍ഥിയ്ക്കുന്ന മനുഷ്യര്‍ പുരോഗമനത്തിന്‍റെ അപ്പുറത്താണെന്ന ബൈനറിക്കഥകള്‍ പറയുന്ന കാലത്ത് ഈ മനുഷ്യര്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് തന്നെ ലോകത്തെ വേദനകളെ ചേര്‍ത്ത് പിടിക്കുന്നുണ്ട്. ഓര്‍ക്ക് എല്ലാം വേം മാറിയ മതിയാര്‍ന്നു പടച്ചോനെ എന്നൊരു ആഗ്രഹത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്നുണ്ട്‌.

Came to a public meeting; the speaker got up and said;
"If we let them in, they will steal our daily bread":
He was talking of you and me, my dear, he was talking of you and me.

W H Auden കവിതയാണ്, രണ്ടാംലോക മഹായുദ്ധകാലത്തെ റെഫ്യൂജികളെക്കുറിച്ചാണ്. റെഫ്യൂജി മനുഷ്യരെ പറ്റി ലോകത്തിനു മുഴുവന്‍ പറയാനുള്ളത് ഇതേ വര്‍ത്ത‍മാനമാണ്. അവര്‍ നമ്മുടെ റിസോഴ്സുകള്‍ തിന്നു തീര്‍ക്കും, തെരേസ്സ മേയും, ട്രമ്പും പറയുന്നതും, ഹിറ്റ്‌ലര്‍ പറഞ്ഞതും ഇത് മാത്രമാണ്. ആ ഇടത്താണ് ഇയ്യെന്തെങ്കിലും കയിച്ചോ എന്ന് പറഞ്ഞു ഒരു ദേശവും, വീടും അവടുത്തെ പ്രാദേശികതയും അവരെ പ്രാര്‍ത്ഥനകളോടെ ചേര്‍ത്ത് പിടിക്കുന്നത്. യാചകനിരോധന മേഖലകളായി നമ്മള്‍ മാറുന്ന നേരത്താണ് ജമീലയുടെ വീട്ടില്‍ ഒരു ടപ്പയില്‍ ആരെങ്കിലും വന്നാല്‍ കൊടുക്കാന്‍ കാശിട്ട് വച്ചിട്ടുള്ളത്. സക്കരിയയും കൂട്ടവും വിനയത്തോടെ തിരുത്താവശ്യപ്പെടുന്നത് ഒരു ദേശത്തെക്കുറിച്ചുള്ള, മലപ്പുറം മനുഷ്യരെ കുറിച്ചുള്ള നമ്മുടെ മുന്‍ധാരണകളോട് മാത്രമല്ല ലോകത്തിന്‍റെ തന്നെ സെനോഫോബിയകളോടാണ്.

http://www.azhimukham.com/film-sudani-from-nigeria-review-by-aparna/

അര്‍ജന്‍റീനയുടെയും, ബ്രസ്സീലിന്‍റെയും, ഇംഗ്ലണ്ടിന്‍റെയും കൊടികള്‍ പാറണ നാടാണ്. ക്ലോസെ ഗോളടിച്ചപ്പോ നെഞ്ചു പിടഞ്ഞവരുടെ നാട്, ഏഴേ ഒന്നിന് ബ്രസീല്‍ തോറ്റപ്പോ തളര്‍ന്നു പോയവരുടെ നാട്. ആ നാട്ടില്‍ “അതെന്തപോ ഇന്നെ ഒരു ഒറ്റപ്പെടുത്തല്.” എന്ന് ചോയ്ക്കുന്നൊരു മലപ്പുറം മനുഷ്യനുണ്ട്. മറ്റുള്ള മനുഷ്യന്‍റെ വേദനകളില്‍, പ്രശ്നങ്ങളില്‍ കൂടെ വരേണ്ടെന്നു പറയുമ്പോള്‍ വേദന തോന്നുന്ന ഒരാള്‍. കാശിനു വേണ്ടിയല്ല, കളിക്കാന്‍ വേണ്ടി കാശിണ്ടാക്കണം എന്ന് ഉപദേശം കൊട്ക്കുന്ന തലമുതിര്‍ന്ന മറ്റൊരു മനുഷ്യനുമുണ്ട്‌, അള്ളാ ന്‍റെ പരദേവതകളെ എന്ന് ഞെട്ടുന്നൊരു വണ്ടിയുള്ള കൂട്ടുക്കാരനുണ്ട്, ഒന്നിച്ചിരുന്ന എത്രപേര്‍ക്കും യാത്ര ചെയ്യാവുന്നൊരു ഓട്ടോയും അയിനൊരു ഓട്ടോക്കാരനുമുണ്ട്. മലപ്പ്രത്താരോട് പ്രത്യേക താല്പര്യമുള്ള സ്റ്റേറ്റിന്‍റെ സ്വന്തം ജോലിക്കാരുണ്ട്, ഓരടെ സംശയകണ്ണ്കളോടും ഏതാ അന്‍റെ രാജ്യം എന്ന് ചോയ്ക്കുന്ന ഉമ്മയുണ്ട്. ഓനെ നമുക്കവടെ പോയി കാണാം എന്ന് പറഞ്ഞവര്‍ സ്റ്റേറ്റിന്‍റെ അധികാരങ്ങളെ കയ്യില്‍ കോര്‍ക്കാന്‍ വച്ച സൂചി കൊണ്ട് കുത്തി പൊട്ടിയ്യ്കുന്നുമുണ്ട്. യൂ ഹാവ് നോ മണി, ഐ നോ മണീ, മണീ വീല്‍ കം സാമുവല്‍ എന്ന് പറഞ്ഞു കായി ഒരു പ്രശ്നല്ലടാ എന്നറിയുന്ന മജീദുണ്ട്, ആ മജീദിന്‍റെ വീട്ടിലും വിരുന്നാരെ താത്കരിക്കാന്‍ ഒരു മടിയുമില്ലാത്ത ഉമ്മയുണ്ട്, ആ ഉമ്മയുടെ അടുക്കളയിലെ ടപ്പയിലാണ് ഇനി ആരെങ്കിലും വന്നാല്‍ കൊടക്കാന്‍ ചില്ലറപൈസ പോലുമുള്ളത്.

ബാര്‍സലോണയുടെയും റെയലിന്‍റെയും ജേഴ്സിയിട്ട് അടിപിടിക്കുന്നവർ, അര്‍ജന്റീനയുടെയും, ബ്രസീലിന്‍റെയും കൊടികള്‍ ഉയര്‍ത്തി വീമ്പു പറയുന്നവർ, വെയര്‍ത്തു ഉപ്പാവുന്ന നേരങ്ങളില്‍, കരഞ്ഞു തളരുന്ന നേരങ്ങളില്‍ പരസ്പരം ഈ ജേഴ്സികള്‍ ഊരികൊടുത്തു കെട്ടിപ്പിടിച്ചു കൂടെനില്‍ക്കുന്ന മലപ്പുറത്തിന്‍റെ സര്‍വ്വദേശീയതയുടെ പാഠങ്ങളാണ് ഈ സക്കറിയ സിനിമ. ഫാദര്‍... ഫാദര്‍... എന്ന് പറഞ്ഞു സുഡാനിയോടടുത്തിരുന്ന ആ മനുഷ്യന്‍ ഇറങ്ങി പോവ്വുമ്പോള്‍ തിരിഞ്ഞു നോക്കാതെ കൈ ഉയര്‍ത്തി സലാം പറയുന്നുണ്ട്, വയ്യാത്ത കൈപൊക്കി സുടു തിരിച്ചും യാത്ര പറയുമ്പോള്‍ അറിയുന്നുണ്ട് സൈലന്റായൊരു സീനിനും കയ്യടി കിട്ടുമെന്ന്, ഭാഷയറിയാതെയും ഉള്ളറിയാമെന്ന്.

http://www.azhimukham.com/trending-ajeeb-komachi-remembers-sudani-who-manhandled-by-mob-15-years-ago/

എത്ര ലോക്കലാണവര്‍, ട്രൌസറിനു മേലെ ഒരു തുണി ചുറ്റി എത്ര കാഷ്വലായാണവര്‍ ലോകത്തോട്‌ രാഷ്ട്രീയം പറയുന്നത്. വെർതെ ഓലി ട്ട്‌ ട്ട്‌ കാര്യല്ലന്ന ഓരോടെ ഭാഷപഠിപ്പിച്ച നേരോടെയാണ് അവര്‍ പടം പിടിക്കുന്നത്. സിനിമയുടെ ഫോര്‍മുലകള്‍പ്പുറത്താണ് അവര്‍ കളിച്ചു തുടങ്ങുന്നത്. കളിക്കാന്‍ കയ്യാത്ത കട്ട പൊന്തിയ പാടത്ത് കളിച്ചു കളിച്ചു പാടം ഗ്രൌണ്ടാക്കിയ മനുഷ്യരാണ്. ഏഴു ഗോളിന് തോറ്റു നിക്കുമ്പോഴും ഈ പത്തു മിനിറ്റില്‍ ജയിക്കാം എന്ന് കരുതി ശീലിച്ചോരാണ്. ഒരാണ് കളിച്ചു കയറുന്നത്. മലപ്പുറത്തെ ഇട്ടാവട്ടത്തെ പറമ്പില്‍ തുടങ്ങി കളികൊട്ടി കയറുന്നത് ന്യൂ ക്യാമ്പിലേക്ക് തന്നെയാണ്. അല്ലെങ്കി തന്നെ പനിച്ചു വിറയ്ക്കുന്ന അന്യദേശക്കാരനെ, ഇന്ന് തന്നെ ആശുപത്രിയില്‍ കാണിക്കണം എന്ന് പറഞ്ഞു ദുഅ ചൊല്ലി ഊതുന്ന ഉമ്മയോളം മനുഷത്വത്തിന്‍റെ രാഷ്ട്രീയം പറഞ്ഞിട്ടുള്ളതാരാണ്. എല്ലാം അവരും ഞങ്ങളുമാവുന്ന കാലത്ത് ഞമ്മള്‍ രാഷ്ട്രീയം പറഞ്ഞു പഠിപ്പിക്കുന്നുണ്ട് സക്കറിയും കൂട്ടുകാരും. അത്ര ലോക്കലായി തന്നെ പ്രാര്‍ത്ഥനകളാല്‍, ആരവങ്ങളാല്‍, വിയര്‍പ്പുകളാല്‍, പൊട്ടിക്കരച്ചിലുകളാല്‍, ചിരികളാല്‍ ഇനിയെന്നും മറിച്ചു നോക്കാവുന്ന വിശുദ്ധ പുസ്തക്മാവുന്നുണ്ട് സുഡാനി ഫ്രം നൈജീരിയ.

(ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്)

Next Story

Related Stories