UPDATES

സിനിമ

ഞാന്‍ കണ്ട, ഞാന്‍ ജീവിക്കുന്ന മലപ്പുറം; സുഡാനിയുടെ സംവിധായകന്‍ സക്കറിയ-അഭിമുഖം

‘രാജീവ് രവി സാര്‍ പറഞ്ഞു, ഇതൊരു ചെറിയ സിനിമയല്ല, വലിയ ക്യാന്‍വാസില്‍ ചെയ്യണം’

Avatar

വീണ

സുഡാനി ഫ്രം നൈജീരിയ, അടുത്ത കാലത്ത് മലയാളി പ്രേക്ഷകര്‍ ഇതുപോലെ ഏറ്റെടുത്ത മറ്റൊരു ചിത്രമില്ല. പ്രമേയം കൊണ്ടും ആഖ്യാന ശൈലി കൊണ്ടും പ്രേക്ഷക മനസില്‍ ഇടം നേടിയ ചിത്രം അനൗണ്‍സ് ചെയ്യുന്നത് മുതല്‍ തുടങ്ങുന്ന പ്രമോഷന്‍ രീതികളില്‍ നിന്നും വിട്ട് നിന്നതും ശ്രദ്ധേയമായി. ആദ്യ ഷോ മുതല്‍ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും കണ്ടവര്‍ പങ്കുവെച്ച അഭിപ്രായങ്ങള്‍ തന്നെയാണ് ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ പ്രേമോഷന്‍. നല്ല സിനിമകള്‍ക്കൊപ്പം എന്നും പ്രേക്ഷകരുണ്ടാകുമെന്നതിനുള്ള തെളിവ് കൂടിയാണ് ചിത്രത്തിന് ലഭിച്ച സ്വീകാര്യത. ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകനായ സക്കറിയ സംസാരിക്കുന്നു.

സുഡാനി തരംഗമാവുകയാണ്… ആദ്യ സിനിമ, ഏതൊരു സംവിധായകനും ആഗ്രഹിക്കുന്ന, സ്വപ്‌നം കാണുന്ന വിജയം?

തീര്‍ച്ചയായും സന്തോഷമാണ്. പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിളിച്ച് ചിത്രം നന്നായി, ഹൃദയത്തില്‍ തൊട്ടു എന്നൊക്കെ പറയുമ്പോള്‍ മറ്റെന്തിനെക്കാളും ആ ചിത്രത്തിന് വേണ്ടി നിന്ന ആള്‍ എന്ന നിലയില്‍ വലിയ അംഗീകാരമാണ്. സാമ്പത്തിക വിജയത്തിനുമൊക്കെ അപ്പുറം സന്തോഷം നല്‍കുന്നത് ഈ വാക്കുകളാണ്. സന്തോഷവും നന്ദിയും മാത്രമാണ് പങ്കുവെക്കാനുള്ളത് .

നവാഗത സംവിധായകര്‍ പലരും താരങ്ങളുടെ ഡേറ്റിനായി നടക്കുമ്പോള്‍ തികച്ചും പുതുമുഖങ്ങളെ വെച്ചൊരു ചിത്രം, അതും മികച്ച കാസ്റ്റിംഗ്, ആ തെരഞ്ഞെടുപ്പ് എങ്ങനെ സാധ്യമായി? അതിനുള്ള ധൈര്യം?

ഈ കഥയ്ക്ക് ആവശ്യം പുതിയ മുഖങ്ങള്‍ ആയിരുന്നെങ്കില്‍ കൂടി ധൈര്യം തീര്‍ച്ചയായും നിര്‍മ്മാതാവിന്റെതാണ്. ചിരപരിചിതനായ ഒരാളെ അഭിനയിപ്പിക്കാം എന്ന് കരുതിയിരുന്നു, കഥാപാത്രത്തിന് യോജിക്കുക കൂടി ചെയ്യുന്ന സൗബിന്‍ ഷാഹിറിനെ തെരഞ്ഞെടുക്കുന്നത് അങ്ങനെയാണ്. സാധാരണക്കാരായ കുറേ മനുഷ്യരുടെ കഥയാണ് ഇത്. അപ്പോള്‍ അഭിനേതാക്കളും ആ രീതിയില്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നിര്‍മ്മാതാവ് ഒപ്പം നിന്നപ്പോള്‍ അത് സാധ്യമായി. ആ ആവശ്യകത നിര്‍മ്മാതാവ് മനസിലാക്കി എന്നതാണ് സത്യം. ഒരുഘട്ടത്തില്‍ നമുക്ക് സിനിമയില്‍ നിന്നുള്ളവരെ തന്നെ വിളിക്കാം എന്ന് ഞാന്‍ നിലപാട് മാറ്റിയെങ്കിലും നിര്‍മ്മാതാവ് സമ്മതിച്ചില്ല. പിന്നെ കുറേ പേരെ ഓഡിഷനിലൂടെ കണ്ടെത്തി, ബാക്കിയുള്ളവരൊക്കെ എന്റെ സുഹൃത്തുകളാണ്. നാടകത്തില്‍ ഒരുമിച്ച് ഉണ്ടായിരുന്നവര്‍, പരിചയക്കാര്‍, അവരൊക്കെ നന്നായി ചെയ്തു.

ഈ ചിത്രത്തിന് വലിയൊരു പ്രമോഷന്‍ ഉണ്ടായിരുന്നില്ല, അത്രയും ആത്മവിശ്വാസമുണ്ടായിരുന്നോ?

സത്യം പറഞ്ഞാല്‍ എന്താണ് ഈ സിനിമയിലുള്ളതെന്ന് പറയാന്‍ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പറയാന്‍ വലിയ താരങ്ങളില്ല, ഈ ചിത്രത്തിന്റെ പ്രത്യേകത ഇതാണെന്ന് പറഞ്ഞ് ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ല, എത്രപേര്‍ക്ക് ഇഷ്ടപ്പെടുമെന്ന് അറിയില്ല. ഒരു നാല്‍പ്പത് ശതമാനം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം എന്നാണ് കരുതിയത്. തീര്‍ച്ചയായും ഞങ്ങള്‍ക്ക് ചിത്രത്തെ കുറിച്ച് പൂര്‍ണ്ണ സംതൃപ്തിയുണ്ടെങ്കില്‍ കൂടി, നിങ്ങള്‍ ഇത് കാണാന്‍ വരൂ എന്ന് പറഞ്ഞ് ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ല . അപ്പോള്‍ അതിന്റെ ഒരു ആശങ്ക കൂടിയുണ്ടായിരുന്നു. അതുകൊണ്ടാണ് വലിയൊരു പ്രമോഷന്‍ നല്‍കാതിരുന്നത്. ഞങ്ങളുടെ കണക്കുകൂട്ടലില്‍ ഒരു 40 ശതമാനം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നാണ് കരുതിയത്. ഈ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് കരുതിയിരുന്നില്ല.

‘കുറാ’ എന്ന പാട്ട് ഗംഭീരമായ ഒരു ഇന്‍ട്രൊഡക്ഷനല്ലേ ചിത്രത്തിന് നല്‍കിയത്?

തീര്‍ച്ചയായും, അതൊരു ഫില്ലറായിരുന്നു, ഒരു സമയം കടന്ന് പോകാന്‍. അതിന് വേണ്ടി ഒരു ഗാനത്തെ കുറിച്ച് ചിന്തിച്ചപ്പോഴാണ് ഈ പാട്ട് ശ്രദ്ധയില്‍പ്പെട്ടത്. ഷഹബാസ് അമന്റെ 10 വര്‍ഷം മുമ്പുള്ള പാട്ടാണ്. ഒരു ഡോക്യുമെന്ററിക്ക് വേണ്ടി ചെയ്ത ഗാനമാണ്. അദ്ദേഹത്തോട് അനുവാദം ചോദിച്ച് ഒന്ന് റീ അറേഞ്ച് ചെയ്ത് ഉപയോഗിച്ചു. പക്ഷെ ആദ്യം ഓഡിയോ വന്നപ്പോള്‍ എല്ലാവരും കരുതിയത് ഫുട്‌ബോളും അതിന്റെ പരിസരത്തും മാത്രം ഒതുങ്ങുന്ന ചിത്രമായിരിക്കും എന്നാണ്. പക്ഷെ വിഷ്വല്‍ വന്നപ്പോഴാണ് ഫുട്‌ബോള്‍ മാത്രമല്ല കുറേ ജീവിതങ്ങളും ചേര്‍ന്നതാണ് ചിത്രമെന്ന് എല്ലാവര്‍ക്കും മനസിലായത്; അതിന് ആ പാട്ട് സഹായകമായി. ഇങ്ങനെയൊരു സിനിമയുണ്ടെന്ന് ജനങ്ങളെ അറിയിക്കാന്‍ ആ ഗാനം സഹായിച്ചു.

കേരളത്തിലെ ഒരു ജില്ലയാണെങ്കിലും മലപ്പുറം ചിത്രീകരിക്കുന്നതിലും പറയുന്നതിലുമുണ്ടായിരുന്ന മുന്‍ധാരണകളെ പൊളിച്ചെഴുതുകയാണ് സിനിമ. അതൊരു ബോധപൂര്‍വ്വമായ ശ്രമമായിരുന്നോ?

അതൊരു ബോധപൂര്‍വ്വമായ ശ്രമമായിരുന്നില്ല. ഞാന്‍ കണ്ട, ഞാന്‍ ജീവിക്കുന്ന മലപ്പുറമാണ് ഈ ചിത്രത്തിലുള്ളത്. പിന്നെ ഇതുവരെ കണ്ട രീതികളൊക്കെ മുന്‍വിധികളോടെ അല്ലെങ്കില്‍ ആ രീതിയില്‍ ചെയ്യുമ്പോള്‍ ചെയ്യുന്നവരുടെ മനസില്‍ ഒരു ആനന്ദമുണ്ടെന്നാണ് തോന്നുന്നത്. മറ്റ് പല കാരണങ്ങളും ചിലപ്പോള്‍ ഉണ്ടാകാം. മതപരമായതും അല്ലാത്തതും. എന്നാല്‍ അവിടെ ജീവിക്കുന്നവരുടെ അനുഭവവും കാഴ്ചപ്പാടും അതല്ല. പക്ഷെ മറ്റെല്ലാ പ്രദേശങ്ങളെയും പോലെ തന്നെയാണ് മലപ്പുറവും. മാത്രമല്ല മലപ്പുറത്തെ മാറ്റി തിരുത്തി ചിത്രീകരിക്കേണ്ട ഗതികേട് ഉണ്ടെന്ന് തോന്നുന്നില്ല. മലപ്പുറത്ത് നിന്നുള്ള ആള് ഒരു സിനിമ എടുത്തപ്പോള്‍ അതിന്റെ നേര്‍ക്കാഴ്ചയായി; അത്രേയുള്ളു. അതിന് മാത്രം പ്രശ്‌നങ്ങളുള്ള ഒരു പ്രദേശമല്ല അത്. അത് അവിടെ ജീവിക്കുന്ന ഓരോരുത്തര്‍ക്കും അറിയാം.

എങ്ങനെയാണ് ഈ പ്രോജക്ടിലേക്കെത്തിയത്?

10 വര്‍ഷമായി സിനിമ സ്വപ്‌നവുമായി നടക്കുകയാണ്. പക്ഷെ ഈ സിനിമയുടെ കഥ മനസില്‍ തോന്നിയത് 3 വര്‍ഷം മുമ്പാണ്. വര്‍ക്ക് തുടങ്ങിയത് ഒന്നര വര്‍ഷം മുമ്പ്. ഒരു സിനിമയെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ ഒരു ക്യാമറയും വാങ്ങി. പക്ഷെ ഈ പ്രൊജക്ട് സംഭവിക്കുകയായിരുന്നു. പിന്നെ ഈ കഥ, ഇത് നമ്മുടെ അനുഭവങ്ങളില്‍ നിന്നുള്ളതാണ്. പലരീതിയില്‍ ആള്‍ക്കാരെ കൂട്ടിയോജിപ്പിക്കുന്ന ഫുട്‌ബോള്‍ എന്ന വികാരം, മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന കളിക്കാരോട് പോലും നമുക്ക് ഉണ്ടാകുന്ന അടുപ്പം, അതിന്റെ ഒരു മനോഹാരിത, സഹജീവിക്കളോട് നമ്മുടെ വീട്ടിലുള്ള സത്രീകളുടെ സമീപനം ഇതൊക്കെ ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണ് ഈ കഥ രൂപപ്പെടുന്നത്.

സുഡാനി ഫ്രം നൈജീരിയ; ലോകത്തിന്റെ അഭയാര്‍ത്ഥികള്‍ക്കായി ദുനിയാവിന്റെ പ്രാര്‍ത്ഥന

നവാഗത സംവിധായകന്‍, ചിത്രത്തില്‍ കൂടുതലും പുതുമുഖങ്ങള്‍, നിര്‍മ്മാതാവിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയോ?

ഇല്ല, ഇതൊരു ചെറിയ സിനിമയായി ചെയ്യാനായിരുന്നു മനസില്‍. രാജീവ് രവി സാറിന്റെ കീഴില്‍ കളക്ടീവ് ഫെയ്‌സ് വണ്ണിന്റെ കീഴില്‍ ചെയ്യാനാകുമോയെന്ന് ചോദിക്കാന്‍ അദ്ദേഹത്തെ പോയി കണ്ടു. കഥ കേട്ട സാറാണ് പറഞ്ഞത് ഇതൊരു ചെറിയ സിനിമയല്ല, വലിയ ക്യാന്‍വാസില്‍ ചെയ്യണമെന്നും നല്ല രീതിയില്‍ ചെയ്യണമെന്നും. അദ്ദേഹം തന്നെ ഡിസ്ട്രിബ്യൂട്ടറായ ഇ ഫോര്‍ എന്റെര്‍ടെയ്‌മെന്റിന്റെ അടുത്തേക്ക് വിടുകയും ചെയ്തു. അവരാണ് സൗബിന്‍ ഷാഹിറിനെയും നിര്‍മ്മാതാക്കളായ ഹാപ്പി അവഴേസിനെ നിര്‍ദ്ദേശിച്ചത്. കഥ കേട്ട സമീര്‍ താഹിറും ഷൈജു ഖാലിദും രണ്ടോ മൂന്നോ മിനിറ്റില്‍ നമുക്ക് ഇത് ചെയ്യാം എന്ന് പറയുകയായിരുന്നു. അങ്ങനെ ഓരോന്ന് ഓരോന്നായി തടസ്സങ്ങളില്ലാതെ സംഭവിക്കുകയായിരുന്നു.

ചിത്രം കണ്ട ശേഷം സിനിമയില്‍ നിന്ന് വിളിച്ചവര്‍?

ഒരുപാട് പേര് വിളിച്ചു. ഗീതു മോഹന്‍ദാസ്, അന്‍വര്‍ റഷീദ്, ആഷിക് അബു, ശ്യാം പുഷ്‌കരന്‍, ഉണ്ണി ആര്‍, സണ്ണി വെയ്ന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, സന്തോഷ് എച്ചിക്കാനം, സംവിധായകന്‍ ജോസ് തോമസ്… അങ്ങനെ സിനിമ കാണാന്‍ സാധിച്ചവരൊക്കെ വിളിച്ചു എന്നാണ് തോന്നുന്നത്.

അടുത്ത സിനിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചോ?

ഇല്ല, ഈ ചിത്രത്തിന്റെ വിജയം വലിയൊരു ഉത്തരവാദിത്വം തരുന്നുണ്ട്. മാത്രമല്ല, ഈ ചിത്രം പെര്‍ഫെക്ട് ആണെന്ന ധാരണയെനിക്കില്ല. ആദ്യ സംവിധായകന്റേതായ ഒരുപാട് പോരായ്മകള്‍ ചിത്രത്തിനുണ്ട്. ഇപ്പോഴത്തെ ഈ ആഘോഷങ്ങള്‍ കഴിയുമ്പോള്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ അതിനെ കുറിച്ചും സംസാരിക്കും. അവര്‍ ചര്‍ച്ച ചെയ്തില്ലെങ്കിലും അടുത്ത സിനിമ ഇതിനെക്കാള്‍ മികച്ചതാക്കാനുള്ള ഉത്തരവാദിത്വമുണ്ടല്ലോ. അതുകൊണ്ട് ആലോചിച്ച് മാത്രമേ അടുത്ത സിനിമ ചെയ്യുകയുളളു.

ഭാവി?

നല്ല കുറേ സിനിമകള്‍ ചെയ്യണം, മലയാളത്തിലെ മികച്ച അഭിനേതാക്കള്‍ക്കൊപ്പവും സിനിമകള്‍ ചെയ്യണം. ഓരോ സമയത്തും നമ്മുടെ സിനിമ സങ്കല്‍പ്പങ്ങള്‍ മാറുകയാണ്. അതുകൊണ്ട് എല്ലാ കാലത്തും നല്ല സിനിമകള്‍ ചെയ്യണം.

സ്നേഹമാണ്, മനുഷ്യത്വമാണ് സുഡാനി ഫ്രം നൈജീരിയ

ആരാണീ സുഡാനി, എന്താണീ സുഡാനി; സുഡാനി ഫ്രം നൈജീരയുടെ സംവിധായകന്‍ സക്കറിയ/അഭിമുഖം

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍