UPDATES

സിനിമ

ആരാണീ സുഡാനി, എന്താണീ സുഡാനി; സുഡാനി ഫ്രം നൈജീരയുടെ സംവിധായകന്‍ സക്കറിയ/അഭിമുഖം

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ഈ ചിത്രം നിര്‍മിക്കുന്നത് സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്

അനു ചന്ദ്ര

അനു ചന്ദ്ര

നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ഈ ചിത്രം നിര്‍മിക്കുന്നത് സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ ചിത്രീകരണം നടക്കുന്ന സുഡാനി ഫ്രം നൈജീരിയയുടെ വിശേഷങ്ങളുമായി സംവിധായകന്‍ സക്കറിയയുമായി അനു ചന്ദ്ര നടത്തുന്ന അഭിമുഖം.

സുഡാനി ഫ്രം നൈജീരിയ’; ഒരു കൗതുകത്തിന്റെ പുറത്ത് ചോദിക്കട്ടെ, എന്താണ് ഈ സുഡാനി?

കേരളത്തില്‍ നവംബര്‍ മാസം മുതല്‍ മേയ് മാസം വരെ സെവന്‍സ് ടൂര്‍ണമെന്റുകളുടെ സീസണ്‍ ആണ്. എണ്ണത്തില്‍ കൂടുതല്‍ ടൂര്‍ണമെന്റകള്‍ നടക്കുന്നത് മലബാര്‍ മേഖലയിലാണ്. ഏറ്റവും കൂടുതല്‍ ക്ലബ്ബുകള്‍ ഒരു പക്ഷെ മലപ്പുറം ജില്ലയില്‍ നിന്നായിരിക്കും മത്സരത്തിനെത്തുന്നത്. ഓരോ ക്ലബ്ബിലും വിദേശ താരങ്ങള്‍ കളിക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ കളിക്കാരാണ് എല്ലാവരും. തുടക്കത്തില്‍ സുഡാനില്‍ നിന്നുള്ള ഒന്നു രണ്ട് കളിക്കാരാണ് ഉണ്ടായിരുന്നത്. ആളുകള്‍ കണ്ട ആദ്യത്തെ ആഫ്രിക്കന്‍ കളിക്കാരന്‍ എന്നു പറയുന്നത് ഒരു സുഡാനി ആണ്. പിന്നീട് ലൈബീരിയയില്‍ നിന്നും നൈജീരിയയില്‍ നിന്നും കോംഗോയില്‍ നിന്നും ഒക്കെ കളിക്കാര്‍ വരാന്‍ തുടങ്ങി. ഇപ്പോള്‍ അഞ്ചോ ആറോ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കളിക്കാര്‍ ഇവിടെ കളിക്കുന്നുണ്ട്. പക്ഷെ രാജ്യങ്ങള്‍ മാറിയത് ആളുകള്‍ കണക്കിലെടുത്തില്ല. എല്ലാവരെയും സുഡാനി എന്ന പേരിലാണ് അഭിസംബോധന ചെയ്തത്. അങ്ങനെ രാജ്യത്തിന്റെ വ്യത്യാസം ഒന്നും നോക്കുന്നില്ല. അതും ചുരുക്കി സുഡു എന്ന് ഒറ്റ പേരിലാണ് ആഫ്രിക്കന്‍ കളിക്കാര്‍ വിളിക്കപ്പെടുന്നത്. അതാണ് സുഡാനി ഫ്രം നൈജീരിയായിയിലെ സുഡാനി.

ഇതെങ്ങാനെയാണ് ഒരു സിനിമയായി രൂപപ്പെട്ടു വരുന്നത്?
കഥ നടക്കുന്നത് ഒരു സെവന്‍സ് സീസണിലാണ്. നാട്ടിന്‍പുറത്തും അങ്ങാടികളിലും ആഫ്രിക്കന്‍ കളിക്കാരെ ഈ സമയത്തു സ്ഥിരമായി കാണാന്‍ കഴിയും. ഒരു ക്ലബ്ബില്‍ കളിക്കാന്‍ സീസണില്‍ ആഫ്രിക്കയില്‍ നിന്നും വന്ന ആഫ്രിക്കന്‍ കളിക്കാരന്റെ കൂടി കഥയാണ് ഈ സിനിമ.

"</p

സൗബിന്‍ കേന്ദ്രകഥാപാത്രമായി എത്തുന്നതെങ്ങനെയാണ്?
ഇതൊരു ഇന്‍ഡിപെന്‍ഡന്റ് മൂവി ആയി ചെയ്യാനായിരുന്നു തുടക്കത്തില്‍ വിചാരിച്ചിരുന്നത്. സുഹൃത്തുക്കളായ നടന്മാരെയും ടെക്‌നീഷ്യന്മാരെയും സഹകരിപ്പിച്ചു കുറഞ്ഞ ചിലവില്‍ ഒരു സിനിമ. ഈ സ്വപ്നപദ്ധതി ഞാന്‍ രാജീവ് രവി സാറിനോട് സംസാരിച്ചിരുന്നു. അദ്ദേഹമാണ് ഇതിലെ നായക കഥാപാത്രത്തിന് സൗബിനെ നിര്‍ദ്ദേശിക്കുന്നത്. പിന്നീട് നിര്‍മാതാക്കളായ സമീര്‍ താഹിറും ഷാജു ഖാലിദും സൗബിന്‍ തന്നെയാണ് ആപ്റ്റ് എന്നു പറഞ്ഞു.

മറ്റൊരു കേന്ദ്ര കഥാപാത്രമായി വരുന്നത് ആഫ്രിക്കക്കാരനാണ്?
ഇതൊരു ഒരു സ്വതന്ത്ര സിനിമ ആക്കുവാനായിരുന്നു തുടക്കത്തിലേ തീരുമാനമെന്ന് ഞാന്‍ പറഞ്ഞല്ലോ. എന്റെ നാട്ടിലെ ഒരു ക്ലബ്ബിന്റെ മാനേജര്‍ ഉണ്ട്. അദ്ദേഹത്തിന്റെ ടീമില്‍ കളിക്കാന്‍ വരുന്ന താരങ്ങള്‍ താമസിച്ചിരുന്നത് ഞങ്ങളുടെ നാട്ടില്‍ തന്നെയായിരുന്നു. അവരില്‍ ഒരാളെ ഓഡീഷന്‍ നടത്തി അഭിനയിപ്പിക്കാം എന്നാണ് വിചാരിച്ചിരുന്നത്. പിന്നീട് ഈ പ്രോജക്ടിന്റെ സ്വഭാവം മാറി സൗബിനില്‍ എത്തിയപ്പോള്‍ കുറെക്കൂടി പ്രൊഫഷണലി ട്രെയിന്ഡ് ആയ അഭിനേതാവിനെ വിദേശത്ത് നിന്നു തന്നെ കണ്ടെത്താന്‍ തീരുമാനിച്ചു. അങ്ങനെ ഞാന്‍ തന്നെ ഗൂഗിളില്‍ തിരഞ്ഞ് പ്രധാനപ്പെട്ട ആഫ്രിക്കന്‍ രാജ്യങ്ങളിലെ അഭിനേതാക്കളുടെ ലിസ്റ്റ് എടുത്തു. തിരച്ചിലിനോടുവിലാണ് സാമുവല്‍ അഭിയോള റോബിന്‍സണ്‍ എന്ന നടനെ തിരഞ്ഞെടുക്കുന്നത്. അദ്ദേഹം നൈജീരിയയിലെ അറിയപ്പെടുന്ന നടനാണ്. അടുത്ത ആഴ്ച്ച ആഫ്രിക്കയില്‍ പോവുകയാണ്. കഥയുടെ കുറച്ചു ഭാഗങ്ങള്‍ അവിടെയും ഷൂട്ട് ചെയ്യാനുണ്ട്. ഇപ്പോള്‍ ആ ഒരു യാത്രയുടെ excitement ല്‍ ആണ്.

നായികയെക്കുറിച്ച്?
നായകന് ഒരു നായിക എന്ന സ്വഭാവത്തില്‍ അല്ല ഈ സിനിമയുടെ കഥയും കഥാസന്ദര്‍ഭവും മുന്‍പോട്ടു പോകുന്നത്. എന്നാല്‍ നായകനോളം തന്നെ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ ഉണ്ട്.

സൗബിന്‍ എന്ന കഴിവ് തെളിയിച്ച ഒരു സംവിധായകന്റെയും നടന്റെയും സഹകരണം എത്രത്തോളമുണ്ടായി?
സൗബിന്‍ ഒരു നല്ല ഒരു വ്യക്തിയാണ്. പിന്നെ മറ്റെല്ലാവരെയും പോലെ തന്നെ താന്‍ ഉള്‍പ്പെടുന്ന സിനിമ നന്നാവണമെന്നു ആഗ്രഹമുള്ള ആളാണ് സൗബിന്‍. ആ നിലയ്ക്ക് എല്ലാ അര്‍ത്ഥത്തിലും സൗബിന്‍ ഈ വര്‍ക്കിന്റെ ഭാഗമായിരുന്നു.

മലപ്പുറത്തുകാര്‍ പൊതുവില്‍ ഫുട്ബാള്‍ പ്രേമികളാണ്. മലപ്പുറത്തുകാരനായ താങ്കളില്‍ ഫുട്‌ബോള്‍ ചെലുത്തിയ സ്വാധീനം ഈ സിനിമയുടെ പിന്നിലുണ്ടോ?
മലപ്പുറത്ത് വളാഞ്ചേരിക്കടുത്ത് പൂക്കാട്ടിരിയാണ് എന്റെ ഗ്രാമം. ഞങ്ങളുടെ പ്രദേശത്തും അടുത്ത പ്രദേശത്തും സെവന്‍സ് ടൂര്‍ണമെന്റ്കള്‍ നടക്കാറുണ്ട്. സുഹൃത്തുക്കളില്‍ സെവന്‍സ് ടൂര്‍ണമെന്റ് കളിക്കുന്നവര്‍ ഉണ്ട്. ഞങ്ങളുടെ ഗ്രാമത്തില്‍ ആഫ്രിക്കന്‍ കളിക്കാര്‍ താമസിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ ക്ലബ്ബുകളുടെ ഫാന്‍സുകാരുണ്ട്. ഫുട്‌ബോളുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ട്. ഗ്രൗണ്ടിന് പുറത്തെ സൗഹൃദങ്ങള്‍ ഉണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. മത്സരത്തിന്റെ വാശികള്‍ ഉണ്ട്. ഭാഷയും ദേശങ്ങളും കടന്നുള്ള സൗഹൃദങ്ങള്‍ ഉണ്ട്. കൂടിച്ചേരലുകള്‍ ഉണ്ട്. ഇങ്ങനെയുള്ള ഒരു കൗതുകത്തില്‍ നിന്നാണ് എന്റെ മനസ്സില്‍ ഈ കഥ ഉടലെടുക്കുന്നത്. സുഹൃത്ത് മുഹ്‌സിന്‍ പരാരിയുമായി ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

"</p

സമീര്‍ താഹിര്‍ ആണ് നിര്‍മാതാക്കളില്‍ ഒരാള്‍. അദ്ദേഹം എത്രത്തോളം പ്രചോദനമായി?
ഇന്‍ഡസ്ട്രിയിലെ തന്നെ ബഹുമാനിക്കപ്പെടുന്ന സംവിധായകനും നിര്‍മ്മാതാവുമാണ് അദ്ദേഹം. അതോടു കൂടി എന്റെ ഉത്തരവാദിത്തം ഏറുകയാണ്. അതിന്റെ ടെന്‍ഷന് എന്റെ ഉള്ളില്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ പ്രൊഡ്യൂസര്‍മാര്‍ ഉപദേശങ്ങളും നിര്‍ദേശങ്ങളുമായി കൂടെ തന്നെ ഉണ്ട്.

താങ്കളെ കുറിച്ച്?
ചെറുപ്പം മുതലേ സിനിമ കൂടെ ഉണ്ട്. ഞാന്‍ ഒരു തുടക്കക്കാരനാണ്. വലിയൊരു ക്രൂവിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് ഒരു അനുഗ്രഹമായി കാണുന്നു. ഈ സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ മുതല്‍ ഇപ്പോള്‍ വരെ ഓരോ പുതിയ കാര്യങ്ങള്‍ ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍