TopTop
Begin typing your search above and press return to search.

സ്നേഹമാണ്, മനുഷ്യത്വമാണ് സുഡാനി ഫ്രം നൈജീരിയ

സ്നേഹമാണ്, മനുഷ്യത്വമാണ് സുഡാനി ഫ്രം നൈജീരിയ

മലയാളത്തിൽ ആദ്യമായി ഒരു നൈജീരിയക്കാരൻ അഭിനയിക്കുന്ന സിനിമ എന്ന നിലയില്‍ സുഡാനി ഫ്രം നൈജീരിയ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സെവന്‍സ് ഫുട്‍ബോളും മലപ്പുറവും നിറഞ്ഞു നില്‍ക്കുന്ന ട്രെയിലര്‍ കൂടി പുറത്തുവന്നതോടെ വ്യത്യസ്തമായ ഒരു സിനിമ ആയിരിക്കും ഇത് എന്ന തോന്നൽ പ്രേക്ഷകരില്‍ ഉണ്ടാക്കി. സക്കറിയ സംവിധാനം ചെയ്യുന്ന ഈ സിനിമക്ക് തിരക്കഥ എഴുതുന്നത് കെ എൽ 10 പത്തിന്റെ സംവിധായകൻ മുഹ്സിൻ പരാരി ആണ്. സിനിമയിലെ 'ചെറുകഥ പോൽ' എന്ന പാട്ടും ഉമ്മമാരായി വരുന്ന നടിമാരുടെ പ്രകടനവും ഒക്കെ റിലീസിന് മുന്നേ ചർച്ചയാവുകയും ചെയ്തു.

മജീദ് (സൗബിൻ ഷാഹിർ) എന്ന ഫുടബോൾ പ്രാന്തന്റെ സെവൻസ് ഫുടബോൾ ടീമിൽ കളിക്കാനെത്തുന്നു നൈജീരിയക്കാരനാണ് സാമുവേൽ അബിയോള റോബിൻസൺ (അതെ പേരിലുള്ള നൈജീരിയൻ സിനിമാ താരം). മജീദിന്റെ ടീമിന് പുത്തൻ ഉണർവും വിജയങ്ങളും നല്കാൻ സാമുവലിനാകുന്നു. കുറെ സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്നങ്ങളും കാരണം വിഷമിക്കുന്ന മജീദിന് അയാൾ നേടി തന്ന വിജയങ്ങൾ ആശ്വാസമാകുന്നു. സാമുവലിനു ആരാധകർ ഉണ്ടാകുന്നു. ആഫ്രിക്കൻ ഗോത്രത്തിൽ നിന്നുള്ള ഫുട്ബോൾ താരം സുഡാനിൽ നിന്നുള്ള ആളാകും എന്ന ധാരണയിൽ നാട്ടുകാർ അയാളെ സുഡു എന്ന് വിളിക്കുന്നു. അങ്ങനെ വളരെ സന്തോഷത്തോടെ അയാളും മജീദും സുഹൃത്തുക്കളും ഫുടബോൾ കളിയുമായി നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടാകുന്നു. അതിന്റെ തുടർച്ചകളും മജീദിന്റെയും സാമുവലിന്റെയും ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളും ഒക്കെയാണ് സുഡാനി ഫ്രം നൈജീരിയ. സാമുവലും അയാൾ എത്തിപ്പെട്ട ഈ നാടും തമ്മിലുള്ള ബന്ധത്തിലൂടെ അല്ലെങ്കിൽ നാട്ടുകാർക്ക് ആയാളോടു തോന്നുന്ന സാഹോദര്യത്തിലൂടെയും ഇഴയടുപ്പത്തിലൂടെയും ആണ് സിനിമ മുന്നോട്ട് നീങ്ങുന്നത്.

ഒരു സ്പോർട്സ് മൂവി എന്നതിലുപരി അല്പം വൈകാരികതകളുള്ള ഒരു ഫാമിലി ഡ്രാമ തന്നെയാണ് സുഡാനി ഫ്രം നൈജീരിയ. ആദ്യ പകുതിയിലെ കുറച്ചു കളി രംഗങ്ങൾ ഒഴിച്ചാൽ സാമുവലും മജീദും എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഒരു സ്വപ്നമാണ് ഫുടബോൾ ഗ്രൗണ്ട്. കളിമൈതാനം അവരുടെ അതിജീവന സ്വപ്നമാണ്. സാമുവലും മജീദിന്റെ ഉമ്മയും (സാവിത്രി ശ്രീധരൻ) ബീയുമ്മയും (സരസ ബാലുശ്ശേരി) തമ്മിൽ ഉടലെടുക്കുന്ന സ്നേഹബന്ധം കൂടിയാണ് കഥ നയിക്കുന്നത്. സുഡാനി ഫ്രം നൈജീരിയയുടെ ആത്മാവ് ആ അമ്മമാരാണ്. മലബാറിൽ പ്രശസ്തരായ ആ നാടക നടിമാരുടെ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ് എന്ന് നിസംശയം പറയാം. സിനിമയെ ആദ്യാവസാനം വൈകാരികമായും സജീവമായും നിലനിർത്തിയത് അവർ രണ്ടു പേരുമാണ്. മലപ്പുറത്തു ജനിച്ചു ജീവിച്ച ഒരാളെന്ന നിലയിൽ തേങ്ങാപ്പാലും കൂട്ടി തരുന്ന ഭക്ഷണം ഒരുക്കി കാത്തിരിക്കുന്ന ഒരുപാട് ഉമ്മമാരെ ഓർമ വന്നു. അത്രയും സ്വാഭാവികമായാണ് അവരുടെ ഒരു ചലനങ്ങളും നമുക്ക് മുന്നിൽ എത്തുന്നത്. പിന്നെ ഭാഷയോ സംസ്കാരമോ തമ്മിലുള്ള വ്യത്യാസങ്ങളെ മറികടക്കുന്ന സ്നേഹത്തെ വളരെ ഭംഗിയായി കാണികൾക്കു മുന്നിൽ എത്തിക്കുന്നത് ഈ ഉമ്മമാർക്ക് സാമുവലിനോടുള്ള സ്നേഹത്തിലൂടെയാണ്. ഗൾഫിൽ നിന്ന് മകനോ മരുമകനോ കൊണ്ട് വരുന്ന ഒരു വാച്ച്, മുല്ലപ്പൂ മണമുള്ള പെർഫ്യൂം ഒക്കെയാണ് ഇവിടെ ഉള്ള ഉമ്മമാർ പ്രിയപ്പെട്ടവർക്ക് വിലകൂടിയ സമ്മാനങ്ങളാണ് നൽകാറ്. സിനിമയിലെ ആ രംഗം ഒക്കെ വളരെ റിയലിസ്റ്റിക്ക് ആണ്. ഉമ്മയുടെ വിവാഹത്തിലെ ചോയ്സ് പോലെ ചില കാര്യങ്ങൾ വളരെ മൃദുവായി സിനിമയുടെ ഒഴുക്ക് കളയാതെ പറഞ്ഞു പോകുന്നുണ്ട്. ഉമ്മ വെരി സ്ട്രിക്റ്റ് എന്ന സാമുവലിന്റെ ഒറ്റ വാചകത്തിൽ ആ ബന്ധത്തെ പറ്റി പറയുന്നുണ്ട്. 'അമ്മ നന്മ' എന്ന ആത്യന്തിക കാഴ്ചയിൽ മാറ്റമില്ലെങ്കിലും നായകനെ ഊട്ടി മാറി നിൽക്കുന്ന ഒരു എക്സ്ട്രാ ഫിറ്റിങ് ആയി ഉമ്മ ചുരുങ്ങുന്നില്ല. മുഴുനീള സാന്നിധ്യമായി നിത്യ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്നു. സരസ ബാലുശേരിയുടെയും സാവിത്രി ശ്രീധരന്റെയും ഒരു പതർച്ചയും ഇല്ലാത്ത അഭിനയത്തിന് കയ്യടി കൊടുക്കണം.

ഉദയപുരം സുൽത്താനിൽ ഒരു രംഗമുണ്ട്, ദേ ഒരു ചെക്കൻ എന്ന് പറയുന്ന കൊച്ചിൻ ഹനീഫയെ ദ്വയാർത്ഥത്തിൽ നോക്കുന്ന സലിം കുമാർ. ഏയ്, അതിനല്ല അതിനല്ല എന്ന് അയാൾ ആണയിടുന്നു. മലയാള പോപ്പുലർ സിനിമയിലെ ഒരു കാലം വരെ ഉള്ള മുസ്ലിം പ്രതിനിധാനം ഏതാണ്ട് ഇതുപോലെ ആയിരുന്നു. മലപ്പുറം എന്ന നാടിന്റെ ബിംബങ്ങൾ അതിലും വിചിത്രമായിരുന്നു. കോഴിക്കോടോ മലപ്പുറമോ എന്നൊന്നുമറിയാത്ത ഭാഷ സംസാരിക്കുന്ന കുറേ മനുഷ്യർ, ഏതാ അമ്മ ഏതാ മകൾ എന്ന് തിരിയാത്ത ആർത്തി പൂണ്ടവർ ഒക്കെയാണ് സിനിമയിലുണ്ടായിരുന്നത്. രഞ്ജിത്തിയൻ വർമ്മമാരുടെ സിൽബന്ദികളായ ആ കഥാപാത്രങ്ങളുടെ അപനിർമാണങ്ങളുടെ നിരവധി ഉദാഹരണങ്ങൾ ഇപ്പോൾ മലയാളത്തിൽ വരുന്നുണ്ട്. അവയുടെ ഒക്കെ തുടർച്ചയാണ് സുഡാനി ഫ്രം നൈജീരിയ. മുഹ്സിൻ പരാരിയുടെ കെ എൽ പത്തിന്റെയും തുടർച്ചയാണിത്. ഒരു നാട് അവിടത്തെ വഴികൾ, ഭക്ഷണ രീതി, ജീവിതം ഒക്കെ കൂടിയ ഒരു അനുഭവമാണ്. ഒരു നാടിനെ അതാക്കുന്നത് അവിടത്തെ ഭാഷ കൂടിയാണ്. ആ ഭാഷ പ്രാദേശിക അടിസ്ഥാനത്തിൽ വ്യത്യസ്തമാണ്. പജ്ജ് എന്ന് പറയുന്ന നായരേട്ടനെ കൂടി ഉൾക്കൊള്ളുന്നതാണ് ഈ സിനിമയിലെ ഭാഷ. നായരേട്ടൻ കസവു മുണ്ടുടുക്കാറില്ല, ഉമ്മറത്തെ ചാര് കസേരയിൽ മുറുക്കി തുപ്പി ഇരിക്കുന്നുമില്ല. അയാൾ വാർധക്യത്തിൽ പശുവിനെ അഴിച്ചു കെട്ടുന്നു. മലപ്പുറത്ത് വന്നു നോക്കൂ, ഹോട്ടലിൽ ഭക്ഷണം വിളമ്പുന്ന, ചായക്കട നടത്തുന്ന സുഡാനി ഫ്രം നൈജീരിയയിലെ നായരേട്ടനെ പോലുള്ളവരെ കാണാം. അവരൊക്കെ പജ്ജിനെ കെട്ടാൻ വന്നതാ എന്ന് തന്നെ പറയും. ഒരു നാട് സംസാരിക്കുന്നത് കുറെയൊക്കെ ഏകതാനത ഉള്ള ഭാഷയാണ്. നായരേട്ടൻ കൂടിയാണ് സുഡാനി ഫ്രം നൈജീരിയയിലെ രാഷ്ട്രീയം. എം ഇ എസിൽ പഠിക്കുന്ന കുട്ടിയുടെ അച്ഛന്റെ മൈലാഞ്ചി നിറത്താടിയുടെ അതിസൂക്ഷ്മ രാഷ്ട്രീയവും സിനിമയിലുണ്ട്. കാഴ്ചകളിലെ കള്ളങ്ങൾ പൊളിച്ചെഴുതുന്ന സിനിമകൾ അനിവാര്യത ആണ്. സിനിമ എന്ന കൾച്ചറൽ ക്യാപിറ്റൽ മാറുന്നത് ഇത്തരം പൊളിച്ചെഴുത്തുകളിൽ കൂടിയുമാണ്. പൊതുബോധത്തെ ഏറ്റവും എളുപ്പത്തിലും ആഴത്തിലും സ്വാധീനിക്കാൻ പറ്റുന്ന കലാരൂപം എന്ന നിലയിൽ പ്രത്യേകിച്ചും.

പ്രതിനിധാനങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് ആഴത്തിലുള്ള പല സംവാദങ്ങൾക്കും സാധ്യത ഉണ്ടെങ്കിലും ഒറ്റകാഴ്ചയിൽ സിനിമ നിലനില്‍ക്കുന്നത് മനുഷ്യത്വത്തിലൂടെയും ആർദ്രതയിലൂടെയും ആണ്. സാമുവലിന്റെ അഭയാർത്ഥി ജീവിതം മജീദിന് നൽകുന്ന ഉൾകാഴ്ചയിലൂടെ ആണ് സിനിമ മനസ്സിൽ തറക്കുന്നത്. നൈജീരിയയിൽ ആഭ്യന്തര കലാപം തുടങ്ങിയിട്ട് വർഷങ്ങളായി. അഭയാർഥികളായി ഒരു ജനത അതിജീവനത്തിനായി പല വഴി തിരയുന്നു. നമ്മൾ ഇവിടെയൊക്കെ കാണുന്ന കളിക്കാരും മറ്റു തൊഴിലാളികളും സിനിമയിലെ സാമുവലിനെ പോലൊരു ഭൂതകാലം പറയാൻ ഉള്ളവരാകും. സാമുവലിന്റെ ജീവിതം മജീദിന്റെ അസ്വസ്ഥതകളെ മാറ്റി മറിക്കുന്നുണ്ട്. സിനിമയുടെ ഹൃദയ ഭാഗം അവസാനത്തെ കുറച്ചു രംഗങ്ങളാണ്. എയപോർട്ട് സീൻ മുതൽ നടന്ന കുറച്ചു രംഗങ്ങൾ. ആ ഭാഗങ്ങൾ ഏറെക്കാലത്തിനു ശേഷം തരുന്ന ആർദ്രതയുടെ രാഷ്ട്രീയമാണ് സിനിമ കണ്ടവരുടെ മനസ്സിൽ തട്ടുക എന്ന് തോന്നുന്നു. സൗബിനും സാമുവലും അറബിക്കഥയിലൂടെ ശ്രദ്ധേയനായ കെ ടി സി അബ്ദുള്ളയും സാവിത്രിയും ഒക്കെ ചേർന്നു അഭിനയിച്ചു പ്രേക്ഷകരെ തൊടുന്ന രംഗങ്ങളാണ് സുഡാനി ഫ്രം നൈജീരിയയുടെ ആത്മാവ്. സ്നേഹമാണ്, മനുഷ്യത്വമാണ് ആ രംഗങ്ങൾ. കളി മൈതാനത്തോളം കരച്ചിലും സന്തോഷവും കണ്ട ഇടങ്ങൾ ഉണ്ടാവില്ല. ആ വൈകാരികതയുടെ ബാക്കിപത്രമാണ് ആ രംഗങ്ങൾ. യുക്തിയോടെന്നതിലുപരി ഹൃദയത്തോട് സംസാരിക്കുന്ന രംഗങ്ങൾ.

ഇപ്പോഴും മലപ്പുറത്തെ പൊതുവിദ്യാലങ്ങളിൽ പ്ലസ് ടു ക്ലാസ്സ്മുറികളിൽ കെട്ടിക്കാൻ പെൺകുട്ടികളുണ്ടോ എന്ന് നോക്കുന്ന ബ്രോക്കർമാർ ഉണ്ട് എന്നത് യാഥാർഥ്യമാണ്. അതേ ഇടത്തു നിന്നും കലാ സാംസ്കാരിക വിഷയങ്ങൾ പഠിക്കാൻ കേന്ദ്ര സർവകലാശാലകളിൽ എൻട്രൻസ് എഴുതണം എന്ന ഉറച്ച ബോധ്യമുള്ള പെൺകുട്ടികളും ഉണ്ട്. ഇതിൽ രണ്ടാമത്തെ വിഭാഗം കൂടി ഉൾപ്പെട്ടതാണ് മലപ്പുറം അല്ലെങ്കിൽ അങ്ങനെയൊരു വിഭാഗം വളർന്നു വരുന്നു എന്ന് പറഞ്ഞത് സത്യമാണ്. പ്ലസ് ടു തോറ്റ മജീദിനെ വേണ്ട എന്ന് വളരെ ഉറച്ച ശബ്ദത്തിൽ പറയുന്ന പെൺകുട്ടിയുണ്ട് സിനിമയിൽ. (അങ്ങനെയുള്ള പെൺകുട്ടികൾ ഉണ്ടാവട്ടെ ഇവിടെ) മലപ്പുറത്ത് ജീവിച്ചത് കൊണ്ട് തന്നെ സത്യസന്ധമായി മനസിലായ കുറെ രംഗങ്ങൾ ഉണ്ട്. മലപ്പുറത്തെ കൂട്ടുകാരുടെ വാട്സാപ്പ് ഗ്രൂപ്പിലെ വോയിസ് മെസേജുകളാണ് അവയിൽ ഒന്ന്. കാണുമ്പോൾ സുഖമാണോ എന്ന് ചോദിക്കുന്നതിനു പകരം എന്തെങ്കിലും കഴിച്ചോ എന്ന് ചോദിക്കുന്ന ഈ നാട്ടിലെ പൊതുരീതിയാണ് മറ്റൊന്ന്. സിനിമയുടെ മറ്റൊരു ഹൈലൈറ്റ് സാമുവലിനെ ഇവിടെ ഉൾക്കൊള്ളുന്ന രീതിയാണ്. കാഴ്ചവസ്തു അല്ല, മനുഷ്യനാണ് സിനിമയിലെ 'സുഡാനി'. സൗബിൻ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ ആണ് സുഡാനി ഫ്രം നൈജീരിയ. വളരെ ലാഘവത്വത്തോടെ മജീദിനെ അഭിനയിച്ചു ഫലിപ്പിച്ചു അയാൾ. വൈകാരിക അരക്ഷിത്വം മുതൽ എല്ലാം അയാൾ പ്രേക്ഷരെ അനുഭവിപ്പിച്ചു. സിനിമയുടെ മുന്നിൽ ആദ്യാവസാനം നിറഞ്ഞു നിന്ന ഓരോരുത്തരും കൂടി ചേർന്നതാണ് സുഡാനി ഫ്രം നൈജീരിയയുടെ കാഴ്ച്ചാനുഭവം.

എല്ലാ പ്രദേശത്തെയും പോലെ കേരളത്തിലെ മറ്റൊരിടമാണ് മലപ്പുറം. രാഷ്ട്രീയ ശരികളും വിശ്വാസങ്ങളും നല്ലതും കെട്ടതും ഒക്കെ ഉള്ള ഒരിടം. ഇവിടെ ജീവിക്കുന്നത് കോമാളികൾ അല്ല, മനുഷ്യരാണ് എന്ന പ്രാഥമിക സത്യം മലയാള സിനിമ അടുത്ത കാലം വരെ അംഗീകരിച്ചിരുന്നില്ല. അങ്ങനെ ഒരിടമായി മലയാള സിനിമ മലപ്പുറത്തെ അംഗീകരിക്കാത്തിടത്തോളം അതിനുള്ള മറു ശ്രമങ്ങൾക്ക് ഇവിടെ സ്പേസ് ഉണ്ട്. ആ സ്പേസിനെ ഉപയോഗിച്ച് പ്രേക്ഷകരെ തൊടുന്ന സിനിമ എന്ന രീതിയിൽ സുഡാനി ഫ്രം നൈജീരിയ കയ്യടി അർഹിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories