TopTop
Begin typing your search above and press return to search.

ജനം പറഞ്ഞാല്‍ കേട്ടേ തീരുവെന്ന് താരതമ്പുരാക്കന്മാര്‍ തിരിച്ചറിഞ്ഞിരിക്കുന്നൂ; ഇത് നല്ല ലക്ഷണമാണ്

ജനം പറഞ്ഞാല്‍ കേട്ടേ തീരുവെന്ന് താരതമ്പുരാക്കന്മാര്‍ തിരിച്ചറിഞ്ഞിരിക്കുന്നൂ; ഇത് നല്ല ലക്ഷണമാണ്

ജനരോഷത്തില്‍ താരസാമ്രാജ്യങ്ങളും ജാടകളും തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇന്നലെ വൈകിട്ട് ദിലീപ് അറസ്റ്റിലായത് മുതല്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഇതുവരെ തിയേറ്ററില്‍ ക്യൂ നിന്ന് സ്വന്തം പോക്കറ്റിലെ ടിക്കറ്റെടുത്ത് സിനിമ കണ്ട് കൈയടിക്കാനും താരങ്ങള്‍ അപൂര്‍വമായി മാത്രം നിലത്തിറങ്ങുമ്പോള്‍ ഒരു നോക്ക് കാണാനായി തിക്കിത്തിരക്കാനും മാത്രം വിധിക്കപ്പെടിരുന്ന ജനം നിലപാട് വ്യക്തമാക്കിയതോടെ മേഘപടലങ്ങളില്‍ നീന്തി നടന്നവര്‍ മണ്ണിലേക്ക് ഇറങ്ങിവന്നിരിക്കുന്നു എന്നതാണ് ദിലീപിന്റെ അറസ്റ്റോട് മലയാള സിനിമയില്‍ സംഭവിച്ചിരിക്കുന്ന ഏറ്റവും പുരോഗമനപരമായ മാറ്റം.

അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ തങ്ങളുടെ ആരാധനമൂര്‍ത്തികള്‍ കാണിച്ച കോപ്രായങ്ങള്‍ കണ്ടതുമുതല്‍ ജനങ്ങള്‍ക്ക് അവരോടുള്ള രോഷം മുളയിടാന്‍ തുടങ്ങിയിരുന്നു. ഒരു പക്ഷെ അതിന് മുമ്പ് ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ തന്നെ താരങ്ങളുടെ യഥാര്‍ത്ഥ മുഖം സാധാരണ ജനത്തിന് ബോധ്യം വന്നിരുന്നു. അതിന്റെ തെളിവാണ് അന്ന് മുതല്‍ തന്നെ സിനിമ താരങ്ങളുടെ ജാടയ്ക്കും അഹങ്കാരത്തിനും പണത്തിന്റെ ഹുങ്കിനുമെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി വന്ന വിമര്‍ശനങ്ങളും ട്രോളുകളും.

എന്നിട്ടും ആരാണീ ജനം എന്നും അമ്മയ്ക്കില്ലാത്ത വിഷമം എന്തിന് ജനത്തിനെന്നും സിനിമക്കാരെ കുറ്റം പറയുന്നത് സാധാരണക്കാര്‍ക്ക് ഒരു ഹരമാണെന്നും ഒക്കെയുള്ള പ്രയോഗങ്ങള്‍ താരരാജ്യത്തിന്റെ സാമന്തന്മാരില്‍ നിന്നും ഉണ്ടായി. പക്ഷെ ആ ഹുങ്കുകളെല്ലാം ജനരോഷം പൊട്ടിയൊലിച്ചതോടെ അപ്രത്യക്ഷമായി. നീതിക്കെതിരായ പെട്ടെന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളെ സംഘടിപ്പിക്കുന്ന പ്രവണത യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമായിരിക്കും ഒരു പക്ഷെ കണ്ട് പരിചയം. ഇവിടെ അതുണ്ടായില്ലെങ്കിലും സമൂഹത്തിന്റെ എല്ലാ ഭാഗത്തുനിന്നും ജനരോഷം ആര്‍ത്തിരമ്പി.

ദിലീപിനെ ഇന്നലെ വൈകിട്ട് ആലുവ പോലീസ് ഗസ്റ്റ് ഹൗസില്‍ എത്തിച്ചപ്പോള്‍ തന്നെ തടിച്ചുകൂടിയ ജനം സ്വന്തം നാട്ടുകാരന്‍ ആണെന്നുള്ള പരിഗണനപോലും മാറ്റിവച്ച് തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ഉപ്പുതിന്നവന്‍ ആരായാലും വെള്ളം കുടിക്കണം എന്ന ശക്തമായ ജനകീയവികാരം തന്നെ പ്രതിഫലിച്ചു. ജനകീയ രോഷം ദിലീപിന്റെ സ്ഥാപനങ്ങളില്‍ ആക്രമണം നടത്തുന്നതിലേക്ക് കടന്നെങ്കിലും അതൊരു വലിയ മുന്നറിയിപ്പ് കൂടിയായിരുന്നു. നല്ലത് ചെയ്യുമ്പോള്‍ ആരാധിക്കാനും അല്ലാത്തപ്പോള്‍ ശിക്ഷിക്കാനും കഴിയുന്ന ഒരു ശക്തിയാണ് തങ്ങളെന്ന് ഇവിടുത്തെ സാധാരണക്കാരന്റെ ഉറച്ച ശബ്ദം.

അതേ ശബ്ദത്തിന്റെ പ്രതിഫലനം തന്നെയായിരുന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ശീതീകരിച്ച ഹാളുകളില്‍ പട്ടുകസേരകളില്‍ അമര്‍ന്നിരുന്നു മാത്രം പത്രസമ്മേളനങ്ങള്‍ നടത്തിയിരുന്ന താരദൈവങ്ങളെ ഇന്ന് നടുറോട്ടില്‍ നിറുത്തി വര്‍ത്തമാനം പറയിച്ചതും. പഠിച്ചതേ പാടൂ എന്ന് നിലപാട് എടുത്തിരുന്നവര്‍ ഇന്ന് കുഞ്ഞാടുകളെ പോലെ റോഡ് സൈഡില്‍ വന്നുനിന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കിയതും ആ ജനരോഷത്തിന്റെ ശക്തിയാണ്. അത് തന്നെയാണ് സിനിമ നടന്‍ എന്ന ഒറ്റ യോഗ്യതകൊണ്ട് തെരഞ്ഞെടുപ്പില്‍ ജയിച്ച് നിയമനിര്‍മ്മാണ സഭകളില്‍ എത്തിയവരെ അവര്‍ കാണിച്ച അഹങ്കാരത്തിന് മാപ്പുപറയാന്‍ പ്രേരിപ്പിച്ചതും. കൂടുതല്‍ കളിച്ചാല്‍ പുറത്തിറങ്ങാന്‍ പറ്റില്ല എന്ന് ജനം പറഞ്ഞാല്‍ കേട്ടേ പറ്റൂ എന്ന് താരതമ്പുരാക്കന്മാര്‍ തിരിച്ചറിയുന്നത് നല്ലതാണ്.

ചുറ്റും നിന്ന് അപദാനങ്ങള്‍ പാടുന്ന കോമാളി ഫാന്‍സുകാരല്ല പൊതുജനം എന്ന് തിരിച്ചറിയണം. ആ ഫാന്‍സുകാര്‍ക്ക് എതിരാളിയുടെ പടം കൂവിത്തോല്‍പ്പിക്കാനുള്ള ശേഷി മാത്രമേ ഉള്ളുവെന്നും പത്തുകോടിയുടെയും അമ്പത് കോടിയുടെയും നൂറുകോടിയുടെയും ക്ലബ്ബുകളില്‍ കയറിക്കൂടണമെങ്കില്‍ ഇവിടുത്തെ സാധാരണക്കാരനായ ജനം വിചാരിക്കണം എന്ന തിരിച്ചറിവ് വേണം. പെട്ടെന്നുണ്ടാവുന്ന സമ്പത്തിലും പ്രശസ്തിയിലും ഭ്രമിച്ചാല്‍ തീരുന്നതല്ല ജീവിതമെന്നും. മാളികമുകളിലേറിയവന്റെ തോളിലും മാറാപ്പ് കേറും എന്ന് കുഞ്ഞുന്നാളിലെ പാടിപ്പഠിപ്പിക്കുന്ന നാടാണിത് എന്ന് സെലിബ്രേറ്റികള്‍ എന്ന് അഹങ്കരിക്കുന്നവര്‍ ഇനിയെങ്കിലും സ്വയം തിരിച്ചറിഞ്ഞാല്‍ അത് മലയാള സിനിമയെയും പൊതുജീവിതത്തെയും മാലിന്യമുക്തമാക്കും. അതാണ് ശരിയായ ജൈവകൃഷി.


Next Story

Related Stories