TopTop
Begin typing your search above and press return to search.

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ; ഒരു മുഴുനീള ജെയില്‍ ബ്രേക്ക് ഡാര്‍ക്ക് ത്രില്ലര്‍

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ; ഒരു മുഴുനീള ജെയില്‍ ബ്രേക്ക് ഡാര്‍ക്ക് ത്രില്ലര്‍

ലാറി കോളിൻസുമായും ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായും പേര് കടമെടുത്ത ബന്ധം മാത്രമേ ഉള്ളൂ എന്നോർമിപ്പിച്ചു കൊണ്ടാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയുടെ ട്രെയിലർ വന്നത്. ടിനു പാപ്പച്ചന്റെ കന്നി സംവിധാന സംരംഭത്തില്‍ അങ്കമാലി ഡയറീസിലെ പെപ്പെ ആയി ശ്രദ്ധേയനായ ആന്റണി വർഗീസും ചെമ്പൻ വിനോദും വിനായകനും ഒക്കെ പ്രധാന വേഷത്തിൽ എത്തുന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഒരു ഡാർക്ക് ത്രില്ലറാണ്.

ജേക്കബ് വർഗീസും (ആന്റണി വർഗീസ്) കാമുകി ബെറ്റിയും (അശ്വതി മനോഹരൻ) അപ്രതീക്ഷിതമായി ഒരു ദുരന്തത്തിൽ അകപ്പെടുന്നു. ഇതിന്റെ തുടർച്ചയായി ജേക്കബ് ജയിലിൽ എത്തുന്നു. ബെറ്റി അറിയാത്ത മറ്റൊരിടത്ത് അരക്ഷിതായി തനിച്ചാവുന്നു. അവളുടെ അടുത്തെത്താൻ കൊലപാതക കേസിൽ കുറ്റാരോപിതനായ ജേക്കബിന് സാധിക്കില്ല. പക്ഷെ അവളെ രക്ഷിക്കുകയും അവളോടൊപ്പം ജീവിക്കുകയും ആണ് അവന്റെ ജീവിത ലക്‌ഷ്യം. ഇതിനു വേണ്ടി ആകെയുള്ള മാർഗമാണ് സിനിമയുടെ ഇതിവൃത്തം. ടിറ്റോ, ലിജോ ജോസ് പല്ലിശേരി, സിനോജ് വർഗീസ്, ഉല്ലാസ് ജോൺ, രാജേഷ് ശർമ്മ എന്നിങ്ങനെ വൻ താര നിര തന്നെ സിനിമയിൽ എത്തുന്നു.

മലയാളത്തിലെ ആദ്യ മുഴുനീള ജയിൽ ബ്രേക്ക് മൂവി ആണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. നായകന്റെയും കൂട്ടാളികളുടെയും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര തന്നെയാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഷോഷാങ്ക് റിഡംപ്‌ഷൻ മുതൽ ഉള്ള പ്രശസ്ത അന്തർദേശിയ സിനിമകളുടെ പ്രകടമായ സ്വാധീനം സിനിമയിൽ ഉണ്ട്. ദി ഗ്രേറ്റ് എസ്കേപ്പിനെയും എസ്കേപ്പ് പ്ലാനിനെയും ഒക്കെ ഓർമപ്പെടുത്തി കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. സപ്തമശ്രീ തസ്കരാ എന്ന മലയാള സിനിമയിലും ജയിൽ ബ്രേക്ക് സ്വഭാവമുണ്ട്. സ്വാന്തന്ത്ര്യം അർദ്ധരാത്രിയിൽ സിനിമയുടെ പ്ലോട്ടിന്റെ ചില ഭാഗങ്ങൾ സപ്തമശ്രീ തസ്കരയെ ഓർമിപ്പിക്കുന്നുണ്ട്. അത്തരം ഒരു വാർപ്പുമാതൃക പിന്തുടർന്ന് ജയിൽ ബ്രേക്കുകൾ അധികം വരാത്ത പോപ്പുലർ മലയാള സിനിമ ലോകത്ത് അവതരിപ്പിക്കുക എന്ന പ്രാഥമിക ലക്‌ഷ്യം സിനിമ, പരിക്കുകൾ കുറച്ച് നടപ്പാക്കിയിട്ടുണ്ട്. ഡാർക്ക് ത്രില്ലർ ഗണത്തിൽ ഉറച്ചു നില്‍ക്കാൻ ഉള്ള അന്തരീക്ഷവും പശ്ചാത്തല സംഗീതവും ഒക്കെ സിനിമയിൽ ഉണ്ട്. റെയിൻ ഫൈറ്റ് പോലുള്ള പരീക്ഷണങ്ങൾ ഈ സിനിമ ഉദ്ദേശിക്കുന്ന പൂർണതയോടെ കാണികളിൽ എത്തിക്കാൻ ഛായാഗ്രാഹകന് കഴിഞ്ഞിട്ടും ഉണ്ട്. ഹോളിവുഡ് സിനിമകളെ പിൻപറ്റി സാങ്കേതികത്വത്തിന്റെ അതിപ്രസരത്തോടെ അവതരിപ്പിക്കുക എന്ന ചില സമകാലിക മലയാള സിനിമകളുടെ രീതി തന്നെയാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിലും ഉള്ളത്.

ഹോളിവുഡ് രീതികളുടെ പുനഃസൃഷ്ടിയാണ് നല്ല ക്രാഫ്റ്റ് എന്ന് വിശ്വസിക്കുന്നവർക്ക് ഇതൊരു നല്ല സിനിമയാണ് എന്നു വിശ്വസിക്കാൻ കാരണങ്ങൾ കുറെ ഉണ്ട്. സ്ലോ മോഷനുണ്ട്, ഇരുട്ടിൽ പെട്ടന്ന് മുനിഞ്ഞു കത്തുന്ന വെളിച്ചമുണ്ട്, പശ്ചാത്തല സംഗീതമുണ്ട്, റെയ്ൻ ഫൈറ്റുകൾ ഉണ്ട്. സാധാരണ ഇതിനെ ഒക്കെ പിൻപറ്റുന്ന മലയാള സിനിമകളേക്കാൾ സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ പൂർണതയോടെ ഇതൊക്കെ പ്രസന്‍റ് ചെയ്തിട്ടും ഉണ്ട്. രണ്ടാം പകുതിയുടെ അവസാന ഭാഗങ്ങളിലൊന്നും യുക്തിയുടെ സാനിധ്യമില്ല. തിരക്കഥ ഊഹിക്കാവുന്നതും ആണ്. ഇതൊന്നും വിഷയമല്ലാതാകേണ്ടത് ഈ മേക്കിങ്ങിൽ ആണ് എന്നതാണ് ഇത്തരം സിനിമകളുടെ കേവല യുക്തി. ഹോളിവുഡ് സിനിമകളെ പിൻപറ്റുമ്പോൾ അവിടെയുള്ള ലാൻഡ്സ്കേപ്പിങ്ങിനെ കൂടി ഇത്തരം സിനിമകൾ അനുകരിക്കുന്നു. ഈ സിനിമയുടെ ഭൂമിക കോട്ടയമാണ് എന്ന പ്രകടമായ സൂചനകൾ ഉണ്ട്. കോട്ടയത്തു കഥ നടക്കുന്ന സൂചനകളും ഉണ്ട്. പക്ഷെ ഇതിലെ ഓരോ രംഗവും ഷോഷാങ്ക് റിഡംപ്‌ഷനിലും ദി ഗ്രേറ്റ് എസ്‌കേപ്പിലും ഒക്കെ കണ്ട ഇടങ്ങളാണ്. ഇത് ഒരു സിനിമയുടെ പരിമിതിയാണോ സാധ്യതയാണോ എന്നുള്ളത് ഓരോ കാണിയുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പ് ആണെന്ന് പറയേണ്ടി വരും. ഓരോ കാണിയും യുക്തിയെയും മേക്കിങ്ങിനെയും അളക്കുന്നത് വെവ്വേറെ അളവുകോലുകൾ വച്ചാണല്ലോ.

വിനായകനെയും ചെമ്പൻ വിനോദിനെയും ഒക്കെ കണ്ടാൽ കയ്യടിക്കുന്ന മാസ്സ് സിനിമാ ആരാധകർ ഉണ്ടാകുന്നു എന്നത് തീർച്ചയായും കാലം കൊണ്ട് വന്ന മാറ്റമാണ്. അവരുടെ ഒക്കെ കൂടി താര സാന്നിധ്യം മലയാള സിനിമ ഉപയോഗിക്കുന്നു എന്നതും മാറ്റമാണ്. ഇതര സംസ്ഥാന തൊഴിലാളിയെ കോമാളി ആക്കാതെ ഉപയോഗിച്ച സിനിമ കൂടിയാണ് ഇത്. ഗ്രേ ഷേഡിൽ തന്നെയാണ് അവർ ഇപ്പോഴും നിൽക്കുന്നത് എന്നതും ഇതിനൊപ്പം ചിന്തിക്കണം എന്ന് മാത്രം. സിനിമയിലെ നായകൻ അടക്കമുള്ള ഭൂരിഭാഗം കഥാപാത്രങ്ങൾ വളരെ വ്യക്തമായും വലിയ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതാണ്. പലർക്കും സിനിമ സാഹചര്യങ്ങളുടെ ആനുകൂല്യം പോലും നൽകിയിട്ടും ഇല്ല. ജയില്‍ ബ്രേക്കിംഗ് സിനിമ എന്ന ഒറ്റ ആശയത്തിന്റെ സാധ്യതകളെ മാത്രമാണ് അവിടെയൊക്കെ സംവിധായകനും ഒരു പരിധി വരെ തിരക്കഥാകൃത്തും ആശ്രയിച്ചത് എന്ന് തോന്നുന്നു. അതിനു മുന്നേയും പിന്നെയും ഉള്ള സംഭവങ്ങളെ ക്രോഡീകരിക്കാതെ ഹോളിവുഡ് ജയിൽ ബ്രെക്കിങ് സിനിമകൾക്ക് പുറകെ പോയതായി പല രംഗത്തും തോന്നി. സിനിമയെ മടുപ്പിക്കാതെ മുന്നോട്ട് കൊണ്ട് പോകാൻ അഭിനയിക്കുന്നവർക്കു സാധിച്ചിട്ടുണ്ട്. വിനായകന്റെ സൈമൺ നായകനെ പലപ്പോഴും ഔട്ട് ഷൈൻ ചെയ്തു നിൽക്കുന്നതായി തോന്നി. ഇരട്ട താരങ്ങളും കുറഞ്ഞ സമയം കൊണ്ട് സ്ക്രീൻ പ്രെസെൻസിൽ അത്ഭുതപ്പെടുത്തി. സിനിമയുടെ പാശ്ചാത്യ സംഗീതവും സിനിമയുടെ താളത്തോട് ചേർന്ന് നിന്നു. ലിജോ ജോസ് പല്ലിശേരിയുടെ സിനിമ മേക്കിങ്ങിനോടുള്ള ആരാധന അദ്ദേഹത്തിൻറെ കൂടെ പ്രവർത്തിച്ച ടിനു പാപ്പച്ചനെ വല്ലാതെ സ്വാധീനിച്ചതായും തോന്നി.

ഹോളിവുഡ് സിനിമകളുടെ അതെ മട്ടിലുള്ള പറിച്ചു നടൽ ആണ് മലയാള സിനിമയെ അന്തർദേശീയം ആക്കുന്നത് എന്ന ധാരണയുള്ളവർക്ക് തീർച്ചയായും നല്ല അനുഭവമാകും സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയുടെ ക്രാഫ്റ്റ്. തിരക്കഥയോ യുക്തിയോ, പറിച്ചു നടലുകളിൽ ഉള്ള പശ്ചാത്തല മാറ്റമോ സിനിമയിൽ തിരഞ്ഞാൽ നിരാശപ്പെട്ടേക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories