Top

മുഖക്കുരു നിറഞ്ഞ മുഖവും മുറിപ്പാടുകൾ നിറഞ്ഞ ശരീരവും പേറി അരുവി നടക്കുന്ന ദൂരങ്ങള്‍

മുഖക്കുരു നിറഞ്ഞ മുഖവും മുറിപ്പാടുകൾ നിറഞ്ഞ ശരീരവും പേറി അരുവി നടക്കുന്ന ദൂരങ്ങള്‍
ചില സിനിമകൾ വിചിത്രമായ, 'തീയറ്റർ ഇല്ലായ്മകൾ' കൊണ്ട് നമ്മളെ സങ്കടപ്പെടുത്തും. അരുവിയും അങ്ങനെയായിരുന്നു. പെട്ടന്നെത്തിപ്പെടാവുന്ന ദൂരങ്ങളിൽ ഒന്നും തീയറ്ററുകൾ ആ സിനിമയെ സ്വീകരിച്ചില്ല. ഉള്ളിടത്തൊക്കെ രാത്രി ഷോകളുടെ, നടു പൊട്ടിപ്പൊളിയുന്ന കസേരയുടെ നിസ്സഹായമായ കാഴ്ചകൾ... കാണാൻ കുറെ കാലമായി മോഹിച്ച സിനിമയായിരുന്നു അരുവി. പോസ്റ്ററുകൾ കൊണ്ട് മോഹിപ്പിച്ച ഒരു സിനിമ. ആ നിരാശയ്ക്കപ്പുറം തീയറ്ററുകൾക്കു കരുണയുണ്ടാവാറില്ല പലപ്പോഴും. അങ്ങനെയങ്ങനെ ചെറിയ സ്ക്രീൻ എന്ന ഒട്ടും സുഖകരമല്ലാത്ത അപൂർവതയിലേക്ക് അരുവിയെ ചെറുതാക്കേണ്ടി വന്നു.

സിനിമയെ ഇറക്കിക്കൊണ്ട് വരിക, കഥാപാത്രങ്ങളുമായി പ്രണയത്തിലാവുക തുടങ്ങി കാല്പനിക ശീലങ്ങൾ പണ്ടു മുതലേ ഇല്ല. സിനിമ കാണൽ എന്നതിനോളം പോന്ന അനുഭവങ്ങൾ ഇല്ല, അല്ലെങ്കിൽ വളരെ അകാല്‍പ്പനികമായ റിയാലിറ്റി ആണ് അത്. പക്ഷെ അരുവി അവളോളം ലാഘവത്തോടെ കൂടെ വന്നു. അവളെ കണ്ട ആ ചാനലിലെ മറ്റുള്ളവരെ പോലെ അവളെ കൂടെ കൂട്ടുക എന്നൊരു നിസ്സഹായമായ മുറിവ് ഉള്ളുനീറ്റി. ചിലപ്പോൾ ചില കഥാപാത്രങ്ങൾ സിനിമയ്ക്ക് മേൽ ആധിപത്യം നേടും. അരുവി അങ്ങനെയൊരു കഥാപാത്രമാണ്. 25 വയസുള്ള, ഏത് ഇരുട്ടിലും കണ്ണിലെ കൗതുകത്തെ, പ്രതീക്ഷയെ കൂടെ കൂട്ടുന്ന ആരൊക്കെയോ. അദിതി എന്ന പുതുമുഖം സിനിമയിൽ എവിടെയും ഇല്ല, അരുവിയെന്ന പൊള്ളിക്കുന്ന പെൺകുട്ടി മാത്രം.അവൾ മഴപ്പെയ്ത്തായി ഭ്രമിപ്പിക്കില്ല, പ്രണയിച്ച് കൊതിപ്പിക്കില്ല... നിറഞ്ഞു ജീവിക്കും; കലഹിച്ച്, കരഞ്ഞ്, പ്രതികരിച്ച്, ചിരിച്ച്, നിസ്സഹായയായി...

http://www.azhimukham.com/film-tamil-movie-aruvi-review-by-vivek-chandran/

വീട്ടുകാരുടെ ഓമനയായി മുറ്റത്തു കളിച്ചിരുന്ന അരുവി എന്ന അഞ്ചു വയസുകാരിയിൽ നിന്ന് 25 വയസായി നിങ്ങളെ നോക്കുന്ന അരുവിയിലേക്കു വലിയ മാറ്റമുണ്ട്. ആ മാറ്റത്തിന്റെ കഥയാണ് അരുവി എന്ന സിനിമ. അരുൺ പ്രഭു പുരുഷോത്തമൻ സംവിധാനം ചെയ്ത, അദിതിയും അഞ്ജലി വർധനും സ്‌ക്രീനിൽ നിറഞ്ഞ ഒരു സിനിമ. ജീവനുള്ള ഒരു സിനിമ. ഒരു സാധാരണ പെൺകുട്ടിയുടെ 25 വയസു വരെയുള്ള സാധാരണ ജീവിതം എന്നതിനപ്പുറം, പീറ്റർ എന്ന കൂട്ടുകാരൻ അവളോട് പറഞ്ഞ സത്യമായി തീർന്ന അത്ഭുത കഥ എന്നോ സാമൂഹ്യ രാഷ്ട്രീയ വിമർശനം എന്നോ എങ്ങനെയും വ്യഖ്യാനിക്കാം അരുവിയെ... ആ വ്യഖ്യാനങ്ങൾക്കപ്പുറം തീരുന്ന ഭംഗിയുള്ള ചിരിയാണെന്നും പറയാം. ഈ സാമൂഹ്യ, രാഷ്ട്രീയ വിമർശങ്ങളുടെ വ്യഖ്യാന സാധ്യതകൾക്കപ്പുറം കാണികൾ പേറുന്ന മുറിവ് ബാക്കിയാകുന്നത് കൂടിയാണ് അരുവിയുടെ വിജയം എന്ന് പറയാം. ഇടയ്ക്കു ചില ചാനൽ കാഴ്ചകൾ മുറിച്ചു വലിച്ചു നീണ്ടു പോകുന്നുണ്ടെങ്കിലും അരുവിയുണ്ടാക്കുന്ന മുറിവ് തീരുന്നില്ല. സാമൂഹ്യ യാഥാർഥ്യങ്ങളെ, അസമത്വങ്ങളെ, ചതികളെ ഒക്കെ അരുവി നേരിട്ട രീതിയാണ് സിനിമയുടെ കൊതിപ്പിക്കുന്ന ഭംഗി.

പ്രതിനിധാനങ്ങൾ, രാഷ്ട്രീയ ശരികൾ ഒക്കെ സിനിമയുമായി ബന്ധപ്പെട്ടു ചർച്ചയാവുന്ന ഒരു കാലമാണിത്. സിനിമാ വിദ്യാഭ്യാസം പൂർണമാകുന്നത് അത്തരം രാഷ്ട്രീയ ശരികളെ കണ്ടു പിടിക്കൽ കൂടിയാണെന്ന് നമ്മൾ വിശ്വസിക്കുന്നു, അല്ലെങ്കിൽ നമ്മളിൽ ചിലരെങ്കിലും വിശ്വസിക്കുന്നു. അങ്ങനെ രാഷ്ട്രീയ ശരികളെ, സൂചനകളായി ഇട്ടു തന്ന് പദപ്രശ്നം പോലെ നമ്മളത് പൂരിപ്പിക്കുന്ന വിചിത്രമായ കളികളാണ് ചില സിനിമകൾ ബാക്കിയാക്കുന്നത്. അത്തരം ശരികൾ അനിവാര്യമാണ്. ചില ശരികൾ കാലം ആവശ്യപ്പെടുന്നതുമാണ്. അരുവിയിൽ അവളുടെ കൂട്ടുകാരി എമിലി ഉണ്ട്. എമിലി ട്രാൻസ്ജെന്‍ഡർ ആണ്... അങ്ങനെ ഒരു ട്രാൻസ്ജെന്‍ഡർ ഉണ്ട് എന്ന ഔദാര്യം പറച്ചിലോ റെക്കോർഡോ ഒന്നുമല്ല. എമിലി അരുവിയുടെ കൂട്ടുകാരിയാണ്... അരുവിയോടൊപ്പം സ്‌ക്രീനിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നു. ചില സിനിമകൾ അത്രയധികം അനായാസമായാണ് ചില പ്രതിനിധാനങ്ങളെ, ശരികളെ ഒക്കെ നമുക്ക് മുന്നിൽ എത്തിക്കുന്നത്. അതീവ ലളിതമായാണ് എമിലിയെ പോലെ ചില കഥാപാത്രങ്ങളെ പ്ലേസ് ചെയ്യുന്നത്. അവർക്ക് ജീവനും ആർദ്രതയും ഉണ്ടാവുന്നത് ഇത്രയ്ക്ക് എളുപ്പമാണോ എന്ന് തോന്നിപ്പോകും മട്ടിൽ എമിലിയും അരുവിയിൽ ഒഴുകുന്നു. അരുവി അസമത്വങ്ങളെ, സമൂഹം അടിച്ചേൽപ്പിക്കുന്ന നിർബന്ധിത നടപ്പു രീതികളെ ഒക്കെപ്പറ്റി രോഷാകുലയാവുന്നുണ്ട്. വൈറൽ ആയ ആ രംഗമല്ല, അതിനു മുന്നേയും പിന്നെയും നടന്നു നീങ്ങുന്ന ദൂരങ്ങൾ ആണ് ആ സിനിമ.മുഖക്കുരു നിറഞ്ഞ മുഖവും മുറിപ്പാടുകൾ നിറഞ്ഞ ശരീരവും പേറി അരുവി നടക്കുന്ന ദൂരവും വളരെ വലുതാണ്. നമ്മുടെയൊക്കെ കാഴ്ചാശീലങ്ങളെ, മിനുത്തു സമൃദ്ധമായ സങ്കല്പങ്ങളെ, ഇന്നോളം പ്രേമിക്കുകയും കാമിക്കുകയും ചെയ്ത സ്ക്രീനിലെ പെണ്ണുടലുകളെ ഒക്കെ മറികടന്നാണ് അരുവി പലപ്പോഴും സ്ലോമോഷനിൽ നടന്നു പോകുന്നത്. രോഗാതുരമായ ഒരു  ഉടലിനെ സ്നേഹത്തോടെ നോക്കാൻ കൂടിയാണ് അരുവി ആ ടി വി ചാനലിൽ ഉള്ളവരെ, അവളെ കടന്നു പോകുന്നവരെ, ഒടുവിൽ നമ്മളെ തന്നെയും പഠിപ്പിക്കുന്നത്. അങ്ങനെയൊരു പ്രതിനിധാനത്തിന്റെ രാഷ്ട്രീയം കൂടിയാണ് അരുവി എന്ന സിനിമ. ട്രാൻജെൻഡർ, സ്ത്രീ എന്നൊക്കെ നമ്മൾ കഷ്ടപ്പെട്ട് പറയുന്നതിന്റെ പകുതി ദൂരം വേണ്ടി വന്നില്ല ആ സിനിമയ്ക്ക് അവരെ അടയാളപ്പെടുത്താൻ. അങ്ങനെ ഒരു അടയാളപ്പെടുത്തലിനായി ബോധപൂർവം കഠിനശ്രമം നടത്തി കാണികളെ ശ്വാസം മുട്ടിക്കുന്നുമില്ല അരുവി.

അരുവിയിലെ ക്രാഫ്റ്റിനെ കുറിച്ച്, ഓരോ രംഗത്തിലിലേയും രാഷ്ട്രീയ ശരികളെ കുറിച്ച്, ചില പിഴവുകളെ കുറിച്ച് പഠനങ്ങൾക്കുള്ള അപാര സാധ്യതകൾ ഉണ്ട്. പക്ഷെ അതിനപ്പുറം കുട്ടി രേവതി അരുവിയെ കൊണ്ട് പാടിപ്പിച്ച  പോലെ ഉച്ചം തൊടും അൻപിൻ കൊടി എന്ന പാർട്ടി സോങ് ഉള്ളിൽ വന്നു നിറയും... അത്രത്തോളം, ഒരരുവി ഒഴുക്കോളം സത്യസന്ധമാണ് ആ സിനിമ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories