TopTop
Begin typing your search above and press return to search.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും; നല്ല സിനിമയ്ക്കായി കട്ടെടുക്കുന്ന ജീവിതങ്ങള്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയും; നല്ല സിനിമയ്ക്കായി കട്ടെടുക്കുന്ന ജീവിതങ്ങള്‍

കഥാപാത്രങ്ങളുടെ സൂക്ഷ്മവിചാരങ്ങളെ നടീനടന്മാരറിയാതെ കട്ടെടുക്കുന്നവര്‍ തന്നെയാണ് യഥാര്‍ത്ഥ സംവിധായകര്‍. പ്രായോഗികതയുടെ മുള്‍വേലികളില്‍ തട്ടി ചിന്തകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ചോരപൊടിയുമെങ്കിലും, അവര്‍ സഞ്ചരിക്കാത്ത ഊടുവഴികളുണ്ടാവില്ല, അറിയാത്ത നിശബ്ദതയുണ്ടാവില്ല. ക്രിയാത്മകതയുടെ ഉന്മാദരാത്രികളില്‍ ഒരു കള്ളനെപ്പോലെ അവര്‍, എവിടെല്ലാം, ആരിലൂടെയെല്ലാം രഹസ്യസഞ്ചാരം നടത്തുമെന്ന് പറയാനാവില്ല. അവര്‍ സ്പര്‍ശിച്ച കൈകളും മുഖങ്ങളും നടനവീഥിയില്‍ വിസ്മയം തീര്‍ക്കും. ഞെട്ടിത്തരിക്കുന്ന നടീനടന്മാര്‍ പ്രേക്ഷകനു മുന്നില്‍ തുറന്നിടുന്ന അഭിനയസമ്പത്തിന്റെ അലമാരകള്‍...

മികച്ച സംവിധായകര്‍, ഒക്കെയും കൃത്യമായി അടുക്കിപ്പെറുക്കി വയ്ക്കും. അല്ലെങ്കില്‍ കൃത്യമായ കാരണങ്ങളാല്‍ വാരിവലിച്ചിടും; നമ്മള്‍, പ്രേക്ഷകര്‍ക്ക് കാണാനായി.

ജാതിയെ മറികടന്ന് വിവാഹം കഴിച്ച് വെള്ളത്തിന്റെ നാടായ ആലപ്പുഴയില്‍ നിന്നും വരണ്ട കാസര്‍ഗോഡേക്ക് നാടുവിടേണ്ടി വരുന്ന പ്രസാദും ശ്രീജയും പുതുതായി അവര്‍ വാങ്ങിയ സ്ഥലത്ത് കുഴല്‍ക്കിണര്‍ കുഴിക്കാന്‍ ആകെയുള്ള രണ്ടര പവന്റെ മാല പണയം വയ്ക്കാന്‍ പോകവേ, ബസില്‍ അത് മോഷണം പോകുന്നു. തുടര്‍ന്ന് ഷേണി പൊലീസ് സ്റ്റേഷനില്‍ മൂന്നു ദിവസങ്ങളായി നടത്തുന്ന അന്വേഷണമാണ് തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ കേന്ദ്ര വിഷയം.

നിശബ്ദമായാണ് സിനിമയുടെ ടൈറ്റിലുകള്‍ തെളിയുന്നത്. ഇരുട്ടില്‍ നാടകവിളക്കുകള്‍ തെളിയുന്നു. മഞ്ഞുകൊള്ളാന്‍ മാത്രമില്ലെന്നു പറഞ്ഞ് നാടകം കാണുന്നത് മതിയാക്കി പുറത്തേക്കു വരുന്ന സുരാജിന്റെ പ്രസാദ് എന്ന കഥാപാത്രത്തെ, നമ്മളില്‍ ഒരാളെന്ന് അടിവരയിട്ട് സംവിധായകന്‍ ഉത്സവപ്പറമ്പുകള്‍ക്ക് പരിചിതമായ കള്ളുകുടി സദസ്സിലേക്ക് എത്തിക്കുന്നു. അടുത്ത ദിവസം ചെറിയൊരു ബാച്ചിലര്‍ കട്ടിലില്‍ ഉറങ്ങുന്ന പ്രസാദിനെ അമ്മ ഉണര്‍ത്തുന്നത്, ഇസ്തിരി മേശയായി അതിനെ പരിവര്‍ത്തനം ചെയ്യാനാണ്. ചെറിയ സീനുകളിലൂടെയാണെങ്കിലും നാടകത്തെയും കോല്‍ക്കളിയേയും സാധാരണ പൊലീസുകാരുടെ ജീവിതത്തെയും സ്പര്‍ശിച്ചു പോകാന്‍ സിനിമ ശ്രദ്ധിക്കുന്നുണ്ട്. വളരെ പ്രകടമായല്ലെങ്കിലും റിയലിസത്തിനപ്പുറം സോഷ്യല്‍ റിയലിസം എന്ന വിശാലമായ മേഖലയിലേക്ക്, വിഭിന്ന കഥാപാത്രങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ സംവിധായകനും തിരക്കഥാകൃത്ത് സജീവ് പാഴൂരും ക്രിയേറ്റീവ് ഡയറക്ടര്‍ ശ്യാം പുഷ്‌കരനും ചെന്നെത്തുന്നു.

പ്രസാദ് നായിക കഥാപാത്രമായ ശ്രീജയെ കണ്ടുമുട്ടുന്നത് മെഡിക്കല്‍ സ്റ്റോറില്‍വച്ചാണ്. സാധാരണ മലയാളി പ്രേക്ഷകരുടെ സദാചാര ചിന്തയെ കുടഞ്ഞെറിയാന്‍ പ്രേരിപ്പിക്കുന്നതാണ് ഗര്‍ഭ ടെസ്റ്റ് സ്ട്രിപ്പ് ആവശ്യപ്പെടുന്ന നായികയുടെ ആദ്യ ഷോട്ട്. എപ്പോഴും മറ്റുള്ളവരുടെ സദാചാരലംഘനങ്ങളെക്കുറിച്ച് ആവലാതിപ്പെടുന്ന മലയാളിക്ക് മിടുക്കന്‍ സംവിധായക മാഷുടെ ഉഗ്രന്‍ കിഴുക്ക്. എന്റെ അടുത്തിരുന്ന സ്ത്രീയുടെ റണ്ണിംഗ് കമന്ററി ഉണ്ടായിരുന്നു; അച്ചേ, ഈ പെണ്ണ് എന്തര് ഇത്?

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി യാഥാര്‍ത്ഥ്യ പ്രതീതി നല്‍കിക്കൊണ്ടുള്ള പ്രണയഗാനരംഗങ്ങള്‍. ബസില്‍വച്ച് താലിച്ചെയിന്‍ പൊട്ടിച്ചെടുക്കുന്നതോടെ കല്യാണത്തിന്റെ ഉഗ്രന്‍ ജംപ് ഷോട്ട്. പിങ്ക് നിറത്തിലുള്ള നല്ല വൃത്തിയുള്ള വിരലിന്റെ ദൃശ്യത്തിലൂടെ ഒരു വ്യത്യസ്തനായ കള്ളനായിരിക്കുമെന്ന് നമുക്ക് തോന്നുന്നു. എങ്കിലും ഫഹദിന്റെ റൊമാന്റിക് ഹീറോ ഇമേജ് കള്ളന്റെ കഥാപാത്രത്തിനു മേല്‍ ഭാരമാകുന്നോയെന്ന് സംശയം.

നടന്മാരല്ലാത്ത 'നടന്മാര്‍' വളരെ റിയലിസ്റ്റിക്കായി പെരുമാറുകയായിരുന്നുവെന്നു പറയുമ്പോള്‍ പലപ്പോഴും നാം അഭിനയത്തിന്റെ സാധ്യതകളെ കുറച്ചു കാണുന്നു. ഒരു സാധാരണ പൊലീസുകാരന്റെ സംഘര്‍ഷങ്ങളെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍, പലതരത്തില്‍ അവതരിപ്പിച്ച് യഥാര്‍ത്ഥമായി പെരുമാറുക എന്ന ഏകതാനതയല്ല അഭിനയമെന്ന് അലന്‍സിയര്‍ ലേ ലോപ്പസ് കൃത്യമായി കാണിച്ചു തരുന്നു.

ആരും ശ്രദ്ധിക്കാത്ത മനുഷ്യരിലൂടെ, സമൂഹത്തെയും അധികാര സ്ഥാപനങ്ങളെയും കൊട്ടിവിടുന്നുണ്ട് സംവിധായകന്‍. ഉത്സവസമയത്ത് മദ്യപിച്ചു പ്രശ്‌നങ്ങളുണ്ടാക്കാതിരിക്കാന്‍ സുധാകരനെ അയാളുടെ ഭാര്യയുടെയും അമ്മയുടെയും പരാതിയുടെ പുറത്ത് സെല്ലിലിടുന്നു. ദൂരസ്ഥലത്തു നിന്ന് വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെടുന്ന പൊലീസുകാരനോട്, തന്നെ പുറത്തുവിടണമെന്നും രാവിലെയും വൈകുന്നേരവും വെള്ളം കൊണ്ടുവന്നുതരാമെന്നും അയാള്‍ പറയുന്നു. കൂട്ടത്തില്‍ തന്റെ ഭാര്യയും അമ്മയും ഫെമിനിസ്റ്റുകളാണെന്നും പറയുന്നു. അതുപോലെ ബസിലുണ്ടായിരുന്ന വൈദിക വിദ്യാര്‍ത്ഥിയുടെയും താത്തായുടെയും പ്രതികരണങ്ങള്‍, എ എസ് ഐ ചന്ദ്രന്റെ മൊഴിമാറ്റി പറയിക്കല്‍, ഒന്നു വന്നുപോകുന്നവരുടെ പ്രകടനങ്ങള്‍ പോലും ആക്ഷേപഹാസ്യത്തിന്റെ ഉത്തമ ഉദാഹരണങ്ങളായി മനസില്‍ തങ്ങിനില്‍ക്കുന്നു.

കളളന്‍ പ്രസാദ് സമൂഹത്തിന്റെ പ്രതിനിധിയായി, ശക്തമായ നിലപാടുകളുള്ള സ്ത്രീയെ ചൂണ്ടി അവരുടെ ഭര്‍ത്താവിനോടു ചോദിക്കുന്നു, 'എങ്ങനെ സഹിക്കുന്നു'വെന്ന്? ഭര്‍ത്താവ് പ്രസാദിന് ഉത്തരമില്ലെന്നത് പ്രസക്തമാണ്. ബന്ധത്തിന്റെ ശക്തിയായി കരുതുന്ന താലിമാല നഷ്ടപ്പെട്ടതില്‍ ദുഃഖിതനാകുന്ന ഭര്‍ത്താവിനെ ഈ കാലത്തെ സ്ത്രീയായി, എല്ലാ അടയാളങ്ങള്‍ക്കുമപ്പുറം തങ്ങളുടെ സ്‌നേഹത്തിനാണ് വില കല്‍പ്പിക്കുന്നതെന്ന് പറഞ്ഞ് ശ്രീജ ചേര്‍ത്തു നിര്‍ത്തുന്നു. പുതുമുഖമായ നിമിഷ സജയന്റെ മാസ്മരിക പ്രകടനം.

ഐഡി ഇല്ലാത്ത കള്ളനിലൂടെ എന്താണ് സ്വത്വമെന്നും എന്താണ് വിശപ്പെന്നും അവിടവിടെ പരാമര്‍ശിക്കുന്നത് ഒന്നു ഫ്ലൂറസെന്റ് കളറില്‍ അടിവരയിട്ട പോലെ മുഴച്ചു നില്‍ക്കുന്നു. ഇത് ഒരു കള്ളന്റെ ചില സത്യങ്ങളും, മറ്റുചിലരുടെ കള്ളങ്ങളും കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന കഥയാണ്. അതിന്റെ ലാളിത്യത്തെ നമുക്ക് അഭിനന്ദിക്കാം. ആ ഭാരിച്ച ആദര്‍ശ കിരീടം അടിച്ചേല്‍പ്പിക്കേണ്ടതില്ലായിരുന്നു എന്നു തോന്നുന്നു.

മികച്ച ഒരു സീന്‍ ആയി എടുത്തു കാണിക്കാന്‍ കഴിയുന്നത് ശ്രീജയെ പ്രസാദ് വീട്ടില്‍ കൊണ്ടുവരുമ്പോള്‍ അയല്‍പ്പക്കത്തുള്ളവരെല്ലാം കൂടി ചേര്‍ന്ന് കൗതുകത്തോടെ അവളെ വളയുന്നതാണ്. ഭക്ഷണം കഴിക്കുന്നത് എട്ടരയ്ക്കാണെന്നു പറയുമ്പോള്‍ എട്ടെട്ടരേന്നുള്ള ഒരു കുട്ടിയുടെ മറുപടി ഉള്‍പ്പെടെ, സിനിമയിലുടനീളം വളരെ ക്രിയാത്മകമായാണ് സംഭാഷണശൈലി നീങ്ങുന്നത്.

വൈദ്യപരിശോധനയില്‍, മാല വിഴുങ്ങിയിട്ടുണ്ടെന്നു തെളിയുമ്പോഴുള്ള ഫഹദിന്റെ പുഞ്ചിരി ഇടവേളയെ സൗന്ദര്യപരമായി ആനന്ദിപ്പിക്കുന്നുവെങ്കിലും, കഥാപാത്രത്തിന്റെ ആഴം കണ്ടെത്തുന്നതില്‍ സഹായകമാകുന്നില്ല.

പൊലീസിനെ വെട്ടിച്ച് കടക്കുന്ന കള്ളനെ കനാല്‍വെള്ളത്തില്‍ ഇഴഞ്ഞ് പിന്തുടരുന്ന പ്രസാദ് എന്ന കഥാപാത്രം, ഹാസ്യരംഗങ്ങളിലെ ടൈമിങ്ങിലൂടെ പ്രശസ്തനായ സുരാജിന്റെ കൈയില്‍ ഭദ്രം. അയാള്‍ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യട്ടെ എന്നുതന്നെ നമുക്കാഗ്രഹിക്കാം.

കാണേണ്ടതും ഒഴിവാക്കേണ്ടതും എന്തെന്നറിയുന്ന സംവിധായക പ്രതിഭ കൈയിലുള്ളതിനാല്‍ കഥാപാത്രങ്ങളെ കഥയും കഥാപരിസരവുമെന്ന തൊണ്ടിയോടെ നമ്മുടെ മുന്നില്‍ പിടികൂടിത്തരുന്നു മികച്ച ഛായാഗ്രാഹകനായ രാജീവ് രവി. കലയും വസ്ത്രാലങ്കാരവും കേവലം അലങ്കാരങ്ങളാവുന്നില്ല. പക്ഷേ പാട്ടുകളും സംഗീതവും ചിത്രത്തിനു സഹായകമായി വര്‍ത്തിക്കുന്നില്ല.

മടുപ്പിക്കുന്ന സ്ഥിരം ഔദ്യോഗിക ഏര്‍പ്പാടുകളും പീഢനങ്ങളും കണ്ടു മനംമടുക്കുന്ന ശ്രീജയും പ്രസാദും പരാതിയുമായി മുന്നോട്ട് പോകേണ്ടെന്നു തീരുമാനിക്കുന്നു. നിയമത്തിന്റെ നൂലാമാലകളെ മറികടക്കാന്‍ അവരുടെ ദൈന്യതയറിഞ്ഞ് പെരുമാറുന്ന കള്ളനെ അവര്‍ വിശ്വസിക്കുന്നു. പിടിക്കപ്പെടുന്ന കള്ളങ്ങളെക്കാള്‍ വലിയ വേറെ കള്ളങ്ങളുണ്ടാകുമെന്ന് തിരിച്ചറിയുന്ന അവര്‍ കള്ളനെ കേസില്‍ നിന്നും രക്ഷപ്പെടുത്തുന്നു. പല ക്ലീഷേകളില്‍ നിന്നും സിനിമയെ സംവിധായകന്‍ മോചിപ്പിക്കുന്നുണ്ടെങ്കിലും കുഴല്‍ കിണറില്‍ നിന്നും വെള്ളം ചീറ്റുന്നതും ആള്‍ക്കൂട്ടത്തില്‍ അലിയുന്ന കള്ളനും ഒരു ക്ലീഷേ എന്‍ഡായി മാത്രം അനുഭവപ്പെടുന്നു; അത്രമാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories