TopTop

അതിഭാവുകത്വങ്ങളും വെച്ചുകെട്ടലുകളുമെല്ലാം ആളുകള്‍ക്ക് മടുത്തു; തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന്റെ സംവിധായകന്‍ രതീഷ് കുമാര്‍/അഭിമുഖം

അതിഭാവുകത്വങ്ങളും വെച്ചുകെട്ടലുകളുമെല്ലാം ആളുകള്‍ക്ക് മടുത്തു; തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന്റെ സംവിധായകന്‍ രതീഷ് കുമാര്‍/അഭിമുഖം
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട് കഴിഞ്ഞിരിക്കുകയാണ് ചിരിയുടെ സാമ്പിള്‍ വെടിക്കെട്ടായ ട്രെയിലര്‍. നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി.എസ് റഫീഖ് ആണ് തിരക്കഥയൊരുക്കുന്നത്. ആമേന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഫരീദ് ഖാന്റെയും ഷലീല്‍ അസീസിന്റെയും ഉടമസ്ഥതയിലുള്ള വൈറ്റ്‌സാന്‍ഡ്‌സ് മീഡിയ ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തൃശ്ശിവപേരൂര്‍ ക്ലിപ്തമെന്ന സിനിമയുടെ വിശേഷങ്ങള്‍ സംവിധായകന്‍
രതീഷ് കുമാര്‍, 
മാധ്യമ പ്രവര്‍ത്തക അനു ചന്ദ്രയുമായി പങ്കുവയ്ക്കുന്നു.


അനു ചന്ദ്ര: തൃശ്ശിവപേരൂര്‍ ക്ലിപ്തം, പുതുമ നിലനിര്‍ത്തുന്ന പേരിന് പുറകിലെ സാധ്യതയെ വിശദീകരിക്കാമോ

രതീഷ് കുമാര്‍: ക്ലിപ്തം, പഴയ ഒരു മലയാള വാക്കാണത്. ഈ വട്ടത്തിലുള്‍പ്പെടുന്നു എന്ന അര്‍ത്ഥം വരുന്ന വാക്ക്. അതായത് പൊതുവില്‍ നമ്മള്‍ പറയാറുണ്ട് ഫെഡറല്‍ ബാങ്ക് ആലുവാ ക്ലിപ്തം എന്നൊക്കെ. അതിനര്‍ത്ഥം ആലുവാ ഫെഡറല്‍ ബാങ്കിന്റെ ഡീല്‍സെല്ലാം ഈ സ്ഥാപനത്തിലാണ് എന്നാണ്. ക്ലിപ്തം എന്ന വാക്കിനെ ഇംഗ്ലീഷില്‍ നമുക്ക് ലിമിറ്റഡ് എന്ന് പറയാം. അതായത് ഈ വട്ടത്തില്‍ മാത്രം നടക്കേണ്ടത്, ഈ വട്ടത്തില്‍ മാത്രം പറയേണ്ടത്, ഈ വട്ടത്തിലുള്‍പ്പെടേണ്ടത് എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. കൂടുതല്‍ വിശദമാക്കിയാല്‍ തൃശ്ശിവപേരൂറെന്ന പ്രദേശത്തിന്റെയുളളില്‍ നടക്കുന്ന കഥയെന്ന് പറയാം.

അനു: ചിത്രത്തിന്റെ കഥാഗതി തൃശ്ശൂരുമായി ചേര്‍ന്ന് നില്‍ക്കുന്നുവെന്നത് കൂടുതല്‍ വ്യക്തമാക്കുകയല്ലെ സിനിമയുടെ ഈ പേര്?

രതീഷ്: തൃശൂര്‍ നാടും അതിന്റെ സ്ലാംങും ഒക്കെ ഉള്‍പ്പെടുന്ന, അവിടത്തെ കുറച്ച് ഹ്യൂമര്‍ ഇന്‍സിഡന്‍സൊക്കെ ഉള്‍പ്പെടുന്ന ഒരു ഫാമിലി എന്റെര്‍ടെയിനറാണ് ഈ സിനിമ. ഭയങ്കരമായ സീരിയസ്സോ, തൃശൂരിന്റെ ചരിത്ര സംസ്‌കാരം വിളിച്ചോതുന്ന തലത്തിലോ അല്ല. നേരെ മറിച്ച് തൃശ്ശൂരിന്റെ ഒരു പ്രസന്റ് കണ്ടീഷനില്‍ ഉളള സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളുടെ നിത്യജീവിതവും അതിനിടയിലുണ്ടാകുന്ന കുറച്ചു കാര്യങ്ങളും, അങ്ങനത്തെ ഒരു പക്കാ ലോക്കല്‍ മൂഡിലുളള സിനിമയാണ് നമ്മള്‍ പ്ലാന്‍ ചെയ്തത്. വളരെ നര്‍മ്മരസമെന്ന രീതിയിലാണ് സിനിമ എടുത്തത്. ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.അനു: അപ്പോഴും ബാക്കി നില്‍ക്കുകയാണ്, എന്തുകൊണ്ട് തൃശ്ശൂര്‍ കഥാവഴിയിലെ ഒഴിച്ചു കൂടാനാവാത്ത ഒരിടമായി എടുത്തു എന്ന ഒരു ചോദ്യം?

രതീഷ്: ഇവിടെ തൃശൂര്‍ എന്ന ചിന്തയൊക്കെ വരുന്നത് രണ്ടാമതാണ്. ആദ്യം പി.എസ് റഫീഖ് ചെറിയൊരു ത്രെഡാണ് പറയുന്നത്. പിന്നീട് ആ കഥ ഡെവലപ്പ് ചെയ്ത് ഒരു സര്‍ക്കാസ്റ്റിക്ക് മൂഡിലുളള കഥയായി മാറി. അതായത്, തൃശൂര്‍ ടൗണിലും അതിന്റെ പരിസരത്തുമുളള ആളുകള്‍ എന്ത് കാര്യങ്ങളും ഭയങ്കര ഹ്യൂമറോട് കൂടിയാണ് കാണുക. ഒരാള്‍ക്കൊരപകടം പറ്റിയാല്‍ പോലും 'അവന്‍ വീണ് പാടായി'' എന്നാണ് പറയുക. അപ്പോള്‍ എല്ലാത്തിനെയും നര്‍മ്മത്തോട് കൂടി കാണാന്‍ കഴിയുന്ന ഏറ്റവും ബെസ്റ്റ് ആളുകള്‍ തൃശൂരാണ് ഉളളത്. ഇങ്ങനെ ഉളള ഒരു ടൗണിലാണ് ഇതിലെ കഥ നടക്കാന്‍ സാധ്യതയുളളത്. അവിടെ നിന്ന് കൊണ്ട് പറഞ്ഞാലെ ഈ കഥ ഫലവത്തായി ആളുകളിലെത്തൂ. വേറെ എവിടെ നിന്ന് കൊണ്ട് പറഞ്ഞാലും ഈ കഥ സീരിയസ്സും സദാചാര പ്രശ്‌നവുമൊക്കെയുളള ഒന്നായി തീരും. തൃശൂര്‍ നിന്ന് കൊണ്ട് കഥയെ ഫണ്ണിയായി പറയാം.

അനു: പി.എസ് റഫീഖ് എന്ന തിരക്കഥാകൃത്തുമായുളള കൂടിച്ചേരലില്‍ നിന്നുകൊണ്ടൊരു സ്‌ക്രിപ്റ്റ് എങ്ങനെ സംഭവിച്ചു?

രതീഷ്: ഞാന്‍ ആമേന്‍ സിനിമയുടെ ചീഫ് അസോസിയേറ്റായിരുന്നു. ഒരുമിച്ച് വര്‍ക്ക് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ റൈറ്റിംങ് സ്‌റൈറലിഷ്ടമാവുകയും ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന് പ്ലാന്‍ ചെയ്യുകയും ചെയ്തു. നാച്വറലായി അടുത്ത സിനിമയെപ്പററി ഡിസ്‌ക്ഷനില്‍ വരികയും ചെയ്തു. ഞങ്ങള്‍ തമ്മില്‍ പെട്ടന്ന് യോജിച്ചു പോന്നു. പുളളിക്കൊരു നാടകത്തിന്റെ പശ്ചാത്തലം ഉണ്ടായിരുന്നു. എനിക്കും ബെയ്‌സായി നാടകം പോലുള്ള പരിപാടികള്‍ ഒക്കെ ഉണ്ടായിരുന്നു. ബെയ്‌സിക്കലി ഞങ്ങള്‍ ഒരു പോലെ ചിന്തിക്കുന്ന ആളുകളാണ്. അപ്പോള്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പുളളി കംഫര്‍ട്ടാണെന്നറിയുകയും തുടര്‍ന്നുളള മീറ്റിങ്ങുകളിലത് ഒരു സിനിമ ഫോമിലേക്കെത്തുകയും ചെയ്തു.അനു: ആമേന്‍ എന്ന ശക്തമായ തിരക്കഥയിലെ വിശ്വാസ്യതയും അതിന് പ്രധാന കാരണമായി അല്ലേ?

രതീഷ്: റഫീഖിലുളള വിശ്വാസം വരുന്നത് ഞാന്‍ ആമേനെന്ന സ്‌ക്രിപ്റ്റ് വായിച്ചപ്പോഴാണ്. അപ്പോള്‍ തന്നെ ഞാന്‍ റഫീഖിനോടും ലിജോയോടും പറഞ്ഞു, ഈയടുത്ത് വായിച്ചതിലെനിക്കേറ്റവും താത്പര്യം തോന്നിയ സ്‌ക്രിപറ്റ് ഇതാണെന്ന്. ഭയങ്കര റീച്ചാകും ഈ സിനിമക്കെന്ന കാര്യത്തില്‍ ഞാന്‍ ഭയങ്കര കോണ്‍ഫിഡന്റായിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ റഫീഖിനോട് പറയുകയും ചെയ്തു; എനിക്ക് നിങ്ങളുടെ കഥ പറയുന്ന രീതി, ഹ്യൂമറെല്ലാം ഇഷ്ടമായി എന്ന്. എല്ലാം ഫ്രെഷാണെന്ന് മാത്രമല്ല നല്ല ലിറ്റററി ബാക്ക്ഗ്രൗണ്ട് കൂടി ഉളള ആളാണ് റഫീഖ്. അങ്ങനെ ആ സിനിമ പ്രതീക്ഷിച്ചതിലും ഇരട്ടിയായി ആളുകളേറ്റെടുത്തപ്പോള്‍ റഫീഖിലുളള ആത്മവിശ്വാസം ഇരട്ടിച്ചു.

അനു: തൃശ്ശിവപേരൂര്‍ ക്ലിപ്തം റിലീസിനും മുമ്പേ തൃശൂരിലെ ആളുകളും ഏറ്റെടുത്തില്ലെ?

രതീഷ്: എല്ലാം പോസിറ്റീവാണ്. ട്രെയിലര്‍ പുറത്തിറങ്ങിയപ്പൊഴേ ആര്‍പ്പാരവങ്ങളോടെയാണ് മറുപടികള്‍. ഒരു പരിചയവുമില്ലാത്തവരാണ് വിളിച്ചത്. ഒരു പ്രദേശം കഥാപാത്രമാകുന്നതിന്റെ താത്പര്യം കൂടിയാണാ കാണുന്നത്.

അനു: ഏതാണ്ട് പത്ത് വര്‍ഷത്തോളമായി സിനിമയില്‍ നിലനില്‍ക്കുന്ന വ്യക്തിയാണ് താങ്കള്‍. സിനിമയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ അളവില്‍ വന്ന മാറ്റത്തെ തിരിച്ചറിയാനാകുന്നുണ്ടോ?


രതീഷ്: മൂന്ന് നാല് വര്‍ഷം കൊണ്ടാണ് മലയാള സിനിമ തകിടം മറിയുന്നത്. ലോഹി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോഴുളള മലയാള സിനിമയെ അല്ല ഇപ്പോ. ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, പാസഞ്ചര്‍ അങ്ങനെയുളള, വലിയ താരങ്ങളില്ലാതെ, ചെറിയ താരങ്ങളെ വെച്ച് രസകരമായ രീതിയില്‍ ആഖ്യാനത്തില്‍ വരുത്തിയ മാറ്റം സിനിമക്ക് ഗുണകരമാകുന്നു. പ്രേക്ഷകര്‍ ഒരുപാട് പേര്‍ അത് കാണാന്‍ ഇഷ്ടപ്പെടുന്നു എന്ന തരത്തിലേക്ക് മാറുന്നു. തൊട്ടു മുമ്പ് വരെ വലിയ നായകരും വലിയ സാമ്പത്തികവും വലിയ ഡ്യൂറേഷനും ഉളള സിനിമയാണ് നടന്നു കൊണ്ടിരുന്നത്. അതില്‍ നിന്നെല്ലാം പെട്ടന്നാണ് ഒരു മാറ്റം സംഭവിക്കുന്നത്. വളരെ ചെറിയ ഫലിതങ്ങള്‍, ചെറിയ രംഗങ്ങള്‍ അങ്ങനെ റിയലിസ്റ്റിക്കായ ലെവലിലേക്കാണ് ഒറ്റയടിക്ക് വലിയൊരു കുത്തൊഴുക്ക് സംഭവിച്ചത്. അന്ന് കണ്ടിരുന്ന സിനിമകളുടെ ഭാവുകത്വം, ടെല്ലിംങ്, ഇമോഷണല്‍ ഇതെല്ലാം മാറി. ഇതെല്ലാം സ്വാഭാവികമായി സംഭവിക്കുന്ന മട്ടില്‍ ആളുകള്‍ സിനിമയെ എടുക്കാന്‍ തയ്യാറാണ്. അതിഭാവുകത്വങ്ങളും വെച്ചുകെട്ടലുകളുമെല്ലാം ആളുകള്‍ക്ക് മടുത്തു, ക്ലീഷെയായി മാറി.

സിനിമയില്‍ ജോയിന്‍ ചെയ്തിരുന്ന സമയത്തെ സിനിമയല്ല ഇപ്പൊ മനസ്സിലുളളത്. ലോഹിസാറില്‍ നിന്ന് തുടങ്ങി ആമേന്‍, ഉട്ടോപ്യയിലെ രാജാവ്, അടി കപ്യാരെ കൂട്ടമണി പോലെ നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്തു. പിന്നെ യൂ ട്യൂബിലെ ഷോട്ട് ഫിലിം തരംഗമൊക്കെ ഇപ്പോഴാണ് വരുന്നത്. ഞാന്‍ ചെയ്തിരുന്ന മാങ്ങാണ്ടി എന്ന ഷോട്ട് ഫിലിമിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച സമയത്ത് യൂ ട്യൂബിലെ സാധ്യതകളെ കുറിച്ചുള്ള ബോധം അത്രകണ്ട് പ്രചാരത്തിലില്ലായിരുന്നു. അഗ്‌നിപര്‍വത സ്‌ഫോടനം പോലുളള മാറ്റമാണ് ഇപ്പോള്‍ മൊത്തത്തില്‍ സംഭവിച്ചത്. പ്രൊഡ്യൂസേഴ്‌സ്, ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി എല്ലാവരും ഇപ്പോള്‍ പുതിയ സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാനും താത്പര്യം പ്രകടിപ്പിക്കുന്നു.അനു: പത്ത് വര്‍ഷങ്ങള്‍, പല തരത്തിലുളള സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ചു. പ്രചോദനം ലഭിക്കുന്നത് ആരില്‍ നിന്നാണ്?

രതീഷ്: ഞാന്‍ ഒരു സംവിധായകന് കീഴില്‍ ഒരു വര്‍ക്കാണ് ചെയ്തു വരാറ്. അത് ഞാന്‍ ബോധപൂര്‍വം സെലക്ട് ചെയ്ത് വരുന്ന ഒന്നാണ്. കാരണം ഒന്നു രണ്ട് മൂന്ന് വര്‍ക്ക് ഒരാള്‍ക്ക് കീഴില്‍ തുടര്‍ച്ചയായി ചെയ്താല്‍ അവരുടെ ഒരു ഫിലിം മെയ്ക്കിംങ് പാറ്റേണ്‍ അവരുടെ കൂടെ വര്‍ക്ക് ചെയ്യുന്നവരിലേക്കെത്താറുണ്ട്. അപ്പോള്‍ ഇന്ന വ്യക്തിയുടെ പ്രൊഡക്ടുമായി സിമിലാരിറ്റി വരും. അത് ഉണ്ടാകരുതെന്ന് പ്ലാന്‍ ചെയ്തു. സീനിയേഴ്‌സിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ അവരുടെ അച്ചടക്കം, സെറ്റപ്പ് തുടങ്ങിയവ ഫോളോ ചെയ്യുന്നു. പുതിയ സംവിധായകര്‍ക്കൊപ്പം ആകുമ്പോള്‍ അവര്‍ നിലവിലെ നിയമങ്ങളെ ബ്രെയ്ക്ക് ചെയ്ത് സിനിമ എടുക്കുന്നത് പഠിക്കുന്നു.

അനു: സിനിമ എങ്ങനെയാണ് ജീവിതത്തിന്റെ ഒരു ഭാഗമാകുന്നത്?

രതീഷ്: നന്നേ ചെറുപ്പത്തില്‍ തന്നെ മറ്റെന്തെല്ലാം ഉപേക്ഷിച്ചാലും സിനിമ ഉപേക്ഷിക്കാനാവില്ല എന്ന ചിന്ത വന്ന കാലം തൊട്ടാണ് സിനിമ എന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത്. ആ ചിന്തയാണ് ഇന്ന് തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിലെത്തി നില്‍ക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories