TopTop
Begin typing your search above and press return to search.

ടിയാന്‍: മലയാള സിനിമയുടെ 'എട്ടാം തമ്പുരാന്‍'

ടിയാന്‍: മലയാള സിനിമയുടെ എട്ടാം തമ്പുരാന്‍

കോലോത്തെ ശീവേലിക്കല്ലില്‍ തലതല്ലി മരിച്ച സാധു ബ്രാഹ്മണന്റെ മകന്‍ മരിച്ചിട്ടില്ലെന്ന അറിവ് 'ആറാം തമ്പുരാന്‍' എന്ന സിനിമയുടെ പ്രേക്ഷകര്‍ക്ക് ചില്ലറ ആശ്വാസമൊന്നുമല്ല ഉണ്ടാക്കിക്കൊടുക്കുന്നത്. നാട്ടില്‍ ഉത്സവം നടത്താനും വില്ലന്‍മാരെ നാട് കടത്താനും മാത്രമല്ല, തങ്ങളുടെ മുഴുവന്‍ രക്ഷകനാവാനും ഒരു ബ്രാഹ്മണ ഹീറോയ്ക്ക് മാത്രമേ സാധ്യമാകൂ എന്ന കണിമംഗലത്തുകാരുടെ വിശ്വാസത്തിന്റെയും പ്രേക്ഷക സമൂഹ ഉപബോധത്തിന്റെയും പുറത്ത് കല്ലിട്ട് പണിത കൊട്ടാരമായിരുന്നു ആറാം തമ്പുരാന്‍ എന്ന സിനിമയുടെ വാണിജ്യ വിജയം. പല നിലയിലും ഇതിന്റെ രണ്ടു പടി എക്‌സ്റ്റെന്‍ഷന്‍ ആണ് ടിയാന്‍ എന്ന സിനിമ. ഒരു തരം എട്ടാം തമ്പുരാന്‍ കളി. അധികം ചേര്‍ക്കപ്പെട്ടതാവട്ടെ അത്യന്തം അപകടകരമാണ് താനും.

വയറ്റിപ്പിഴപ്പിന് പൂണൂല്‍ പൊട്ടിച്ചവനാണ് നമ്മുടെ ആറാം തമ്പുരാനെങ്കില്‍ ടിയാനിലെ പട്ടാഭി ഗിരി പൂണൂല്‍ സ്വയരക്ഷയ്ക്ക് നിരന്തരം ഉപയോഗിക്കുന്നയാളാണ്. പ്രപഞ്ചത്തിലെ സകലതിനോടുമുള്ള പ്രതിരോധമായി അയാള്‍ ആദ്യം മുന്നോട്ട് വെക്കുക 'നോക്കൂ, ഞാനൊരു ബ്രാഹ്മണനാണ്' എന്ന വാദമാണ്. ഹൃദയം ശരീരത്തിന്റെ വലതുഭാഗത്തുള്ള മുഹമ്മദ് അസ്ലന്‍ എന്ന കഥാപാത്രമാണേല്‍ ഹിമാലയസാനുക്കളിലെ സന്യാസിമാര്‍ നേരിട്ടിടപെട്ട് ജ്ഞാനോദയം നല്‍കി പറഞ്ഞയച്ചയാളും. ഈ ബ്രാഹ്മണിക് വാഴ്ത്തുകളിലാണ് സിനിമ തുടക്കം മുതല്‍ ഒടുക്കം വരെ സംഭവിക്കുന്നത്. ശീവേലിക്കല്ലില്‍ തല തല്ലി മരിച്ച സാധു ബ്രാഹ്മണനും അയാള്‍ക്കു ചുറ്റുമുണ്ടാവുന്ന അസാധുവല്ലാത്ത കുറേ സെന്റിമെന്‍സുമൊക്കെ ആറാം തമ്പുരാന്‍ എന്ന സിനിമയുടെ അന്തര്‍ധാരകളിലൊന്നായിരുന്നു എങ്കില്‍ ഇവിടെയത് കൂടുതല്‍ പ്രകടമാണ് എന്നേയുള്ളൂ. കൂടുതല്‍ തെളിഞ്ഞ ബ്രാഹ്മണത്തം.

അവിടെ നായകന് ഉത്സവം നടത്തിക്കല്‍ കര്‍മം, ഇവിടെ ആള്‍ദൈവത്തെ ഒഴിപ്പിക്കല്‍ കര്‍മം. കുളപ്പുള്ളി അപ്പന്റെ സ്ഥാനത്ത് ഇവിടെയൊരു മഹാശയ് ഭഗവാന്‍ എന്ന ആള്‍ ദൈവം. ചാത്തന്‍മാര്‍ അവനെ ഇവിടെ കൊണ്ടുവരും എന്നൊക്കെ പറഞ്ഞ് അപ്പന് ചുറ്റും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തിയുടെ പത്തിരട്ടിയാണ് ഇവിടുത്തെ വില്ലന് ചുറ്റും. നീയാരാണെന്ന് സാധാരണ മനുഷ്യന്‍മാരോട് ചോദിക്കും പോലൊന്ന് ചോദിച്ചു പോയതിന് ബുദ്ധനേയും ശങ്കരനേയും കൂട്ടിക്കൊണ്ടു വരുന്ന നായകന്റെ വളര്‍ച്ച പ്രാപിച്ച രൂപമാണ് ഈ അസ്ലന്‍ മുഹമ്മദ്. വായ തുറന്നാല്‍ ഫിലോസഫി. തിരക്കഥാകൃത്തിന് ആവശ്യമെന്നും നമുക്ക് അനാവശ്യമെന്നും തോന്നിക്കുന്ന തരത്തില്‍ അതിനാടകീയമായ, ബൗദ്ധികഭാരമുള്ള ഡയലോഗുകള്‍.

ഞാനാരെന്ന ചോദ്യത്തിനുള്ള ഉത്തരം തേടാനുള്ള നിയോഗമാണ് ഓരോ മനുഷ്യന്റേതുമെന്ന ജഗന്നാഥന്‍ ഫിലോസഫിയാണ് ഈ സിനിമയുടെ മര്‍മം. ആദ്യം തന്നെ അസ്ലീനും അവസാനം പട്ടാഭിരാമ ഗിരിയും ചെന്നെത്തുന്നതവിടെയാണ്. ബുദ്ധനും ശങ്കരനും തേടിക്കൊണ്ടിരിക്കുന്നതും ഇതേ ഉത്തരമെന്ന പരാമര്‍ശം പോലും ഈ സിനിമയില്‍ സൂക്ഷ്മമായി പിന്തുടരുന്നത് കാണാം. ശങ്കരന്റെ പീഠവും പൂജാ വിഗ്രഹവും അദ്വൈതവുമൊക്കെയാണ് ഗിരിയുടെ ജീവിതപരിസരം. ആറാം തമ്പുരാന്‍ അടക്കമുള്ള സിനിമകള്‍ പതുക്കെപ്പറഞ്ഞതിന്റെ ഉച്ചത്തിലുള്ള അട്ടഹാസമാണ് ഈ സിനിമ. അവിടെ നായകനും വില്ലനുമൊക്കെ മനുഷ്യരാണേല്‍ ഇവിടെല്ലാരും അമാനുഷികര്‍.

ആള്‍ദൈവമാണ് കേട്ടോ സിനിമയിലെ വില്ലന്‍. അതിനെ എതിര്‍ക്കേണ്ടതുണ്ടെന്ന് സിനിമ നമ്മളോട് പറയും. പക്ഷേ നായകന്‍മാരില്‍ ഒരാള്‍ക്ക് ഹൃദയം വലതു ഭാഗത്ത്. അയാളുടെ ശക്തിയില്‍ മറ്റൊരു നായകന്‍ മരിച്ച ഒരു കുഞ്ഞിനെ ജീവിപ്പിക്കുന്നതടക്കമുള്ള മഹാത്ഭുതങ്ങള്‍ കാട്ടുന്നതിനൊന്നും ഒരു തടസവുമില്ല. ഈ അമാനുഷികവത്ക്കരണമാണ് ആള്‍ദൈവ നിര്‍മ്മിതിയുടെ അടിത്തറയെന്ന് ബോധമില്ലാതെയുള്ള ആഖ്യാനം. ഈ ആള്‍ദൈവ നിര്‍മാര്‍ജ്ജന യജ്ഞമാണേല്‍ തികച്ചും വ്യക്തിപരമാണ് താനും. പട്ടാഭി ഗിരിക്കത് പാരമ്പര്യമുള്ള വീട് നഷ്ടപ്പെടുന്നതും തുടര്‍സംഭവങ്ങളും ആണെങ്കില്‍ സൂഫിസവും അദ്വൈതവും എല്ലാം ഒറ്റയടിക്ക് ഗ്രഹിച്ചെത്തിയ അസ്ലന്‍ മുഹമ്മദിന് പോലുമത് പൂര്‍വാശ്രമത്തിലെ പകയുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന ഒന്നാണ്. അതായത് ഈ ആള്‍ദൈവ നിര്‍മാര്‍ജനം പോലും ഒരു സാമൂഹിക കാരണം കൊണ്ടല്ല. ഇങ്ങനെ സിനിമ മുഴുവനായും സംഭവിക്കുന്നത് ശിഥിലീകരിക്കപ്പെട്ട ഒരു ഞാനിലാണ്. ഈ അവനവനിസത്തെയാണ് മഹാ സിദ്ധാന്തമെന്നോണം വെച്ച് കാച്ചുന്നത്. മേമ്പൊടിയായി ചേര്‍ക്കുന്ന കുറേ സ്പിരിച്വല്‍ ഡയലോഗുകള്‍ കൊണ്ട് മൂടിവെക്കാന്‍ ശ്രമിക്കുന്നുവെന്ന് മാത്രം.

ബ്രാഹ്മണിക് ഹെജിമണി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സിനിമ പറയുന്ന ഒരേയൊരു സീന്‍ വില്ലന്‍മാര്‍ ഒരു ദളിത് കുട്ടിയെക്കൊണ്ട് നായകനെ കല്ലെറിയിക്കാന്‍ ശ്രമിക്കുന്നതാണ്. ദളിത് രാഷ്ട്രീയത്തിന്റെ ചോദ്യം ചെയ്യലുകള്‍ ബാഹ്യമായ സ്ഥാപിത താത്പര്യങ്ങള്‍ക്കധിഷ്ഠിതമാണെന്ന് എത്ര അപകടകരമായാണ് സിനിമ അവതരിപ്പിക്കുന്നത്. കല്ലെറിയാന്‍ പോയ കുട്ടിയെ കൊണ്ട് തൊഴുതു നിര്‍ത്തിക്കുന്ന പൈങ്കിളി നന്മയുടെ വറ്റാത്ത കിണറാണ് സിനിമയിലെ നായകനും അയാളുടെ ബ്രാഹ്മണ്യവും. ജാതി വിരുദ്ധ പോരാട്ടത്തിന്റെ ആണിക്കല്ലായ ഗുരു വചനങ്ങള്‍ 'വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക' തുടങ്ങിയ ആശയങ്ങള്‍ സിനിമയില്‍ അട്ടിമറിക്കപ്പെടുകയാണ്.

മനുസ്മൃതി, സനാതനധര്‍മം, അദ്വൈതം ഇതൊന്നുമല്ലാത്ത വിദ്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്ലെന്ന് മാത്രമല്ല, ഒരു കോര്‍പ്പറേറ്റ് ആള്‍ദൈവത്തോട് പൊരുതുന്ന ഒറ്റയായ നായകനിലാണ് സിനിമയുടെ പ്രതീക്ഷ. അത് യാദൃശ്ചികമായി സംഭവിക്കുന്നത് പോലുമല്ല. അസ്ലന്‍ മുഹമ്മദിന്റെ ഉപദേശം ശ്രദ്ധിക്കൂ - ഒറ്റയായ പോരാളിയാവുന്നതാണ് ദൈവത്തിനിഷ്ടമെന്ന് പോലും പറഞ്ഞു വെയ്ക്കുന്നു. ഈ ഒറ്റവത്കരണം സാമൂഹികമായ സംഘടിത ശക്തികള്‍ക്ക് മേല്‍ മതമൗലികവാദികള്‍ പയറ്റിപ്പിടിക്കുന്ന തന്ത്രമാണ് താനും. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ വട്ട് ജയന്‍ , ചെ ഗുവേര റോയ് അടക്കമുള്ള കഥാപാത്ര നിര്‍മിതികളിലും ഈ ഒറ്റവത്ക്കരണം കാണാം. ഇടത് സിനിമയെന്ന വ്യാജ ലേബലില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ ഇടതുപക്ഷ രാഷ്ട്രീയത്തോട് ചെയ്യുന്നത് ടിയാന്‍ ഇന്ത്യന്‍ മതേതരത്വത്തോട് ചെയ്യുന്നു. ഗോ മാംസ വിഷയം പറഞ്ഞ്, ഉത്തര്‍പ്രദേശില്‍ ഡിവൈഎഫ്ഐ ഇല്ലേ എന്ന ചോദിച്ച്, മഹര്‍ഷിയെക്കൊണ്ട് അല്ലാഹു അക്ബര്‍ എന്ന് പറയിച്ച് അത്ര മേല്‍ ഉപരിപ്ലവമായ മതേതര കാഴ്ചകള്‍ കാണിച്ചു കൊണ്ട് മുന്നേറുന്ന അങ്ങേയറ്റം ഭീഷണിയാവുന്ന ഒരു ഹിന്ദുത്വ സിനിമ എന്നതില്‍ കവിഞ്ഞൊന്നുമല്ല ടിയാന്‍.

മുസ്ലിങ്ങളെല്ലാം തീവ്രവാദികളാണോ, എന്റെ അറിവില്‍ അല്ല എന്ന ചോദ്യോത്തരമാണ് അന്‍വര്‍ എന്ന സിനിമയോടൊപ്പം ആഘോഷിക്കപ്പെട്ടത്. ഈ നല്ല മുസ്ലിം / ചീത്ത മുസ്ലിം ദ്വന്ദ്വത്തെ പല തരങ്ങളില്‍, പല മാനങ്ങളില്‍ മലയാള സിനിമ കൊണ്ടാടിയിട്ടുമുണ്ട്. ടിയാനും പതിവ് തെറ്റിക്കുന്നില്ല. നല്ല മുസ്ലിം, ചീത്ത മുസ്ലിം നിര്‍മ്മിതികളുടെ ചാകര കളികളാണ് ഈ സിനിമയുടെ മറ്റൊരു കല്ലുകടി. ബ്രാഹ്മണനായകനാല്‍ സംരക്ഷിക്കപ്പെടുന്ന ആദര്‍ശലോകത്തില്‍ സ്ത്രീക്ക് ഇടപെടാനിടമില്ലാത്തതുപോലെ തന്നെ അതിന്റെ പ്രത്യയശാസ്ത്രം പേറുന്ന സിനിമയിലും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഉത്സവവും നടത്തിപ്പുമൊക്കെയാവുമ്പോള്‍ സൈഡ് ആവുന്നുണ്ടെങ്കിലും അടയാളപ്പെടുത്താന്‍ ഒരിടമുണ്ടായിരുന്നു ആറാം തമ്പുരാനിലെ ഉണ്ണിമായക്ക്. ഈ എട്ടാംതമ്പുരാന്‍ കളികളില്‍ അംബയെന്ന അനന്യയുടെ കഥാപാത്രത്തിനൊന്നും അടയാളപ്പെടാന്‍ പോലും ഒരിടമില്ല.

കഥാപാത്രസൃഷ്ടികളും ഡയലോഗുകളും കഥാസന്ദര്‍ഭങ്ങളും വലിച്ചിലുകളും ഇഴച്ചിലുകളും അടക്കം എല്ലാ നിലയ്ക്കും പാളിപ്പോയ ഒരു തിരക്കഥയും അത്ര തന്നെ ദയനീയമായ പശ്ചാത്തല സംഗീതവുമാണ് സിനിമയ്ക്ക് കൈമുതല്‍. സതീഷ് കുറുപ്പിന്റെ ക്യാമറ മാത്രമാണ് ആകെ മികച്ചു നില്‍ക്കുന്നത്. കണിമംഗലമല്ലേ മനോഹരം എന്ന ക്ലൈമാക്‌സ് പോലെ ഇന്ത്യയെത്ര സുന്ദരമെന്ന് പറഞ്ഞ്, പാരമ്പര്യത്തിലൂന്നിയ സനാതനധര്‍മ്മ ക്ലാസും കേട്ട് പ്രേക്ഷകന് തിയേറ്റര്‍ വിടാം. മൊത്തത്തില്‍ കപട മതസൗഹാര്‍ദ്ദത്തില്‍ പൊതിഞ്ഞ അപകടകരമായ രാഷ്ട്രീയ കാഴ്ചകളാണ് ജിയന്‍ കൃഷ്ണകുമാര്‍ ഒരുക്കിയ ടിയാനുള്ളതെന്ന് പറയാതെ വയ്യ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories