TopTop
Begin typing your search above and press return to search.

'സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട്' മലപ്പുറത്ത് നിന്ന്, ചിത്രീകരണം ഇറ്റലിയില്‍-നഴ്സുമാര്‍ക്ക് സമര്‍പ്പിച്ച് കൊവിഡ് കാല ഹ്രസ്വ ചിത്രവുമായി വനിതാ സംവിധായിക

സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട് മലപ്പുറത്ത് നിന്ന്, ചിത്രീകരണം ഇറ്റലിയില്‍-നഴ്സുമാര്‍ക്ക് സമര്‍പ്പിച്ച് കൊവിഡ് കാല ഹ്രസ്വ ചിത്രവുമായി വനിതാ സംവിധായിക

ലോക്ഡൗണ്‍ സമയത്ത് ഒരു ചെറിയ സിനിമ എടുക്കാന്‍ തോന്നിയാല്‍ എന്തു ചെയ്യും? ഉള്ള സൗകര്യങ്ങളൊക്കെ വെച്ച് എടുക്കണം എന്നു പറയും മലപ്പുറം സ്വദേശിയും സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറുമായ അനു ചന്ദ്ര. ഇറ്റലി, മലപ്പുറം, തൃശ്ശൂര്‍ എന്നിങ്ങനെ പല സ്ഥലങ്ങളില്‍ നിന്നുള്ളവരെ ഒന്നിച്ചു ചേര്‍ത്താണ് '1000 മൈല്‍സ് അപ്പാര്‍ട്ട്, 1 സെന്റീമീറ്റര്‍ ക്ലോസ്' എന്ന ചെറിയ സിനിമ അനു ചന്ദ്ര ഉണ്ടാക്കിയെടുത്തത്. സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്ന സുബിന്‍ ടോണി സുരേഷും ഇറ്റലിയിലും എഡിറ്റ് ചെയ്ത ആദി ആദിത്യ സഞ്ജു മാധവ് തൃശ്ശൂരും ഡയറക്ടറായ അനു മലപ്പുറത്തും ഇരുന്ന് ഒരാഴ്ച കൊണ്ടാണ് ഈ സിനിമ നിര്‍മിച്ചെടുത്തത്.

വീട്ടിലിരിക്കുന്ന മടുപ്പിനൊപ്പം ഈ ലോക്ഡൗണ്‍ എന്നവസാനിക്കും എന്നൊരു ആശങ്കയും വന്നു തുടങ്ങിയപ്പോഴാണ് അനു തന്റെ കുറച്ചു കൂട്ടുകാരെ വിളിക്കുന്നതും സംസാരിക്കുന്നതും. സാധാരണ സൗഹൃദ സംഭാഷണം എപ്പോഴോ വഴിമാറി സിനിമയിലെത്തി. അങ്ങനെ എല്ലാവര്‍ക്കും കൂടി ഈ പരിമിതിയില്‍ നിന്നു തന്നെ ഒരു വര്‍ക് ചെയ്യാം എന്നായി തീരുമാനം. അങ്ങനെയാണ് 4 മിനിറ്റും 10 സെക്കന്‍റുമുള്ള ഈ ചെറിയ സിനിമ ഉണ്ടാകുന്നത്. തൃശ്ശൂര്‍ ചേതന മീഡിയയില്‍ ഒരുമിച്ചു പഠിച്ചവരാണ് ഇവര്‍.

"ഒരു ദിവസം രാത്രി 12 മണിക്കാണ് മനസില്‍ ഈ ഒരു ഐഡിയ വന്നത്. അരമണിക്കൂര്‍ കൊണ്ട് സ്‌ക്രിപ്റ്റും തയ്യാറാക്കി. സുബിനോട് സംസാരിച്ചപ്പോള്‍ നാളെ തന്നെ ഷൂട്ട് ചെയ്യാം എന്നും പറഞ്ഞു. അങ്ങനെ പെട്ടന്നുണ്ടായൊരു ചിന്തയുടെ പുറത്താണ് ഈ ഷോര്‍ട് മൂവി ഉണ്ടാകുന്നത്'. അനു ചന്ദ്ര പറയുന്നു. പ്രിയപെട്ടവരെ കാണാനാകാതെ വിദേശത്തു ജോലി ചെയ്യുന്ന ഒരു നഴ്‌സിന്റെ കഥയണ് ഈ സിനിമ പറയുന്നത്." ഉള്ളിലെ ദുഃഖങ്ങള്‍ മറച്ചു പിടിച്ച് മറ്റുള്ളവര്‍ക്ക് കരുതലാകുന്ന നഴ്‌സ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ക്യാമറ ചെയ്ത സുബിന്റെ അമ്മ തന്നെയാണ്. അമ്മയെ കൂടാതെ സുബിന്റെ അനിയത്തിയും അവര്‍ താമസിക്കുന്ന സ്ഥലത്തുള്ള ഒരു വയോധികനും ചിത്രത്തിലുണ്ട്.

ചിത്രീകരണം വീഡിയോ കോളിലൂടെയാണ് അനു കണ്ടിരുന്നത്. വേണ്ട നിര്‍ദ്ദേശങ്ങള്‍ വീഡിയോ കോള്‍ വഴി തന്നെ നല്‍കും. വീഡിയോ കോള്‍ വഴി തന്നെയാണ് ഷൂട്ടിങ്ങും എഡിറ്റിങ്ങും നടത്തിയത്. എറണാകുളത്തുള്ള ജനി എന്ന പെണ്‍കുട്ടിയാണ് ഡബ്ബ് ചെയ്തത്. വോയ്‌സ് മെസേജായാണ് ജെനി ഡബ്ബിങ്ങിനു വേണ്ടതെല്ലാം അയച്ചു കൊടുത്തത്. അങ്ങനെ പലയിടങ്ങളിലിരുന്ന് ഫോണിലൂടെ ചെയ്‌തെടുത്ത ഒരു സിനിമ എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. ആന്റണി ജോസ് പോളാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

അനുവിന്റെ സഹോദരി അമ്പിളി മുബൈയിലെ റിലയന്‍സ് ആശുപത്രിയിലെ നഴ്‌സാണ്. കഴിഞ്ഞ പതിനൊന്നു മാസമായി അനു അമ്പിളിയെ കണ്ടിട്ട്. അതുകൊണ്ട് തന്നെയാണ് നഴ്‌സിന്റെ ജീവിതത്തെ കാണിച്ചു തരുന്ന ഈ ഒരു വിഷയം തിരഞ്ഞെടുത്തതെന്നാണ് അനു പറയുന്നത്. "അമ്പിളി മഹാരാഷ്ട്രയില്‍ നേഴ്‌സാണ്. ഈ പ്രശ്‌നങ്ങള്‍ ഉണ്ടായതിന് ശേഷം വല്ലപ്പോഴും ഒരു കോളൊക്കെയാണ് വരുന്നത്. എന്നും ആദിയാണ് അവിടെ എന്തു നടക്കുന്നെന്ന് അറിയില്ല. അതുകൊണ്ട് തന്നെയാണ് ഈ ഒരു വിഷയം എടുത്തതും". അനു പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ നിന്നും ഇപ്പോള്‍ നല്ല പ്രതികരണങ്ങളാണ് അനുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'പലരും നല്ല അഭിപ്രായങ്ങളാണ് പറയുന്നത്. പെട്ടെന്നു ചെയ്തതിന്റെ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടെങ്കിലും നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്'. അനു പറഞ്ഞു.


Next Story

Related Stories