TopTop
Begin typing your search above and press return to search.

'മഴയെയല്ല മഴത്തുള്ളികളെ ഇഷ്ടം'; അക്ഷയ് കടവിലിന്റെ കവിതാലോകം

മഴയെയല്ല മഴത്തുള്ളികളെ ഇഷ്ടം; അക്ഷയ് കടവിലിന്റെ കവിതാലോകം

പൂക്കളോടും, പുഴകളോടും, കരുതലുള്ള വരികളാണ് അക്ഷയ് കടവിലെന്ന ഏഴാം ക്ലാസുകാരന്റെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. തിരുവനന്തപുരം വ്‌ളാത്താങ്കര സെന്റ് പീറ്റേഴ്‌സ് യു പി സ്‌കൂളില്‍ പഠിക്കുന്ന അക്ഷയ് അക്ഷരങ്ങളോട് കൂട്ട് കൂടിയത് നാലാം ക്ലാസില്‍ പഠക്കുമ്പോഴാണ്. പ്രകൃതിയുടെ ഭാവ വ്യത്യാസങ്ങളെ സൂക്ഷ്മമായ് നിരീക്ഷിച്ചുകൊണ്ട് ചെറിയ കാഴ്ച്ചകളിലൂടെ വളര്‍ന്നു വരുന്ന അക്ഷയ് കടവിലിന്റെ കവിതകളെ വായനക്കാര്‍ സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്. നെയ്യാറ്റിന്‍കര, കുളത്തൂര്‍ സ്വദേശിയായ അക്ഷയ് തുള്ളികള്‍, വാത്സല്യം എന്നീ പുസ്തകങ്ങള്‍ക്ക് ശേഷം സ്വപ്നച്ചിറകുകള്‍ എന്ന കവിതാസമാഹാരംകൂടി പുറത്തിറക്കി.

പദ്യ കവിതകള്‍ കൂടുതലായി എഴുതുന്ന ഈ കൊച്ചുകവിക്ക് മത്സരങ്ങളില്‍ കവിതയെഴുതാന്‍ താല്‍പ്പര്യമില്ല. ഹൃദയത്തില്‍നിന്ന് വരുന്നത് അതേപോലെ എഴുതുകയാണ് ചെയ്യുന്നതെന്നും. മത്സരങ്ങള്‍ക്കുവേണ്ടി എഴുതുമ്പോള്‍ അതില്‍ സത്യസന്ധത ഉണ്ടാവുകയില്ലെന്നും അക്ഷയ് പറയുന്നു.

മഴയെയല്ല മഴത്തുള്ളികളെയാണ് ഇഷ്ടമെന്നാണ് ഈ കൊച്ചുമിടുക്കന്‍ പറയുന്നത്. തുമ്പികളുടെ ചിറകൊച്ചകളും, കടലിന്റെ ഇരമ്പവുമെല്ലാം ഈ കുട്ടിക്കവിയുടെ കവിതയിലുണ്ട്. ശംഖുപുഷ്പ്പത്തിന്റെ നീലിമയ്ക്കുള്ളില്‍ വെള്ളനിറമുള്ള മേഘങ്ങള്‍, ആഴക്കടലിലേക്കൊഴുക്കുന്ന കടലാസ് വഞ്ചികള്‍ തുടങ്ങിയ അക്ഷയ് കടവിലിന്റെ ബിംബങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വായനയെ നെഞ്ചോട് ചേര്‍ത്തിരിക്കുന്ന അക്ഷയ് പഠനത്തിനൊപ്പം എഴുത്തിനേയും ചേര്‍ത്തുനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്.

ആരെയും കാണിക്കാതെയായിരുന്നു അക്ഷയ് കവിത എഴുത്ത് തുടങ്ങിയത്. അക്ഷരത്തെറ്റുണ്ടായിരുന്നിട്ടും ആദ്യമൊന്നും അത് കാര്യമാക്കാതെ പിന്നെയും പിന്നെയും എഴുതിക്കൊണ്ടിരുന്നു. അച്ഛന്‍ സ്റ്റീഫന്‍, അമ്മ സിമി എന്നിവരാണ് അക്ഷയ്ക്ക് പൂര്‍ണ്ണപിന്തുണയുമായി ഒപ്പമുള്ളത്.


Next Story

Related Stories