ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലഘട്ടവും സ്വാതന്ത്ര്യ സമരവുമെല്ലാം നമ്മളില്‍ പലര്‍ക്കും കേട്ടറിവ് മാത്രമാണ് ഉള്ളത്. എന്നാല്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ആളുകളെ നേരില്‍ കണ്ട അനുഭവമുള്ളവരും ആ കാലഘട്ടത്തിന്റെ വിഷമതകളൊക്കെ അനുഭവിച്ചവരുമായ ചിലരുണ്ട് നമുക്കിടയില്‍. അത്തരം ഒരാളാണ് വയനാട് പുല്‍പ്പള്ളിയിലെ കുടിയേറ്റ കര്‍ഷകനായ പൗലോസ്.
കുടിയേറ്റകര്‍ഷകനായ പൗലോസിന്റെ കുട്ടിക്കാലമെന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടം നടന്നുകൊണ്ടിരുന്ന കാലഘട്ടമാണ്. അന്ന് തന്റെ നാടായ വെല്ലൂരില്‍വെച്ച് ഗാന്ധിജിയെ കണ്ടത് എണ്‍പത്തിരണ്ടുകാരനായ പൗലോസ് ഇപ്പോഴും ഓര്‍മ്മിക്കുന്നു.
ഗാന്ധിയെ കാണാന്‍ ഒരുപാട് കൊതിച്ചിരുന്നുവെന്നും കാണാന്‍ തിരക്ക് കൂട്ടിയിരുന്നെന്നും എന്നാല്‍ മലയാളത്തിലല്ല സംസാരിച്ചത് എന്നതിനാല്‍ അന്ന് അദ്ദേഹം പറഞ്ഞതൊന്നും മനസിലായിരുന്നില്ലെന്നും പൗലോസ് പറയുന്നു. ഒരുപാട് കഷ്ടതകള്‍ അനുഭവിച്ച കാലമായിരുന്നു അതെന്നും എന്നാല്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍തന്നെ അന്നൊക്കെ പണികള്‍ ചെയ്യാന്‍ പോകുമായിരുന്നുവെന്നും. കഷ്ടപ്പാടുകള്‍ കാരണമാണ് മലബാറിലേക്ക് കുടിയേറിയതെന്നും അദ്ദേഹം പറയുന്നു.