TopTop
Begin typing your search above and press return to search.

'ആണ്‍കുട്ടി-പെണ്‍കുട്ടി എന്തിനാണ് വേര്‍തിരിവ്, സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാന്‍ മനുഷ്യനെ പഠിപ്പിക്കൂ'-മധുബാല

ആണ്‍കുട്ടി-പെണ്‍കുട്ടി എന്തിനാണ് വേര്‍തിരിവ്, സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാന്‍ മനുഷ്യനെ പഠിപ്പിക്കൂ-മധുബാല

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വാര്‍ത്ത ഞെട്ടലോടെയാണ് ആളുകള്‍ കേട്ടത്. രാജ്യ വ്യാപകമായി ഇതില്‍ പ്രതിഷേധം ഉയരുകയാണ്. പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സെലിബ്രിറ്റികളടക്കം ഒട്ടനവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. അക്കൂട്ടത്തില്‍ നടി മധു ഷാ (മധുബാല) ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ ശ്രദ്ധനേടുന്നതാണ്. ഹാപ്പിഡെമിക് എന്ന കുറിപ്പോട് കൂടിയാണ് മധു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കോവിഡ് പ്രശ്‌നങ്ങള്‍ക്കിടയിലും മനുഷ്യന്‍ ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുമ്പോള്‍ ബലാത്സംഗം പോലുള്ള അതിക്രമങ്ങള്‍ ഭാവിയെക്കുറിച്ച് എന്ത് സന്ദേശമാണ് മാനവരാശിക്ക് നല്‍കുന്നത്. സ്ത്രീ ശാക്തീകരണമല്ല ഇവിടെ ആവശ്യം, ഇവിടെ ശാക്തീകരിക്കേണ്ടത് പുരുഷന്‍മാരെയാണ്, മൊത്തം സമൂഹത്തെയാണ്. സ്ത്രീ-പുരുഷന്‍, ആണ്‍കുട്ടി-പെണ്‍കുട്ടി എന്ന വേര്‍തിരിവ് എന്തിനാണ്? ഈ സമൂഹത്തില്‍ സമാധാനത്തോടെ എങ്ങിനെ ഒരുമിച്ച് ജീവിക്കാമെന്ന് മനുഷ്യന് പഠിപ്പിച്ച് കൊടുക്കൂ മധു പറയുന്നു.

മധുവിന്റെ വാക്കുകള്‍

ആദ്യമായി ഞാന്‍ മേക്കപ്പ് ഇല്ലാതെ എന്റെ പ്രിയപ്പെട്ട ചുവന്ന ലിപസ്റ്റിക് ഇല്ലാതെ വിയര്‍ത്തൊലിച്ച് മുടി ഒതുക്കി വയ്ക്കാതെ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നു. പാടുകളില്ലാത്ത മുഖമല്ല, മനസ്സാണ് നമുക്ക് വേണ്ടത്. ഹാപ്പിഡെമിക് എന്ന വാക്ക് കോവിഡ് കാലത്താണ് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. കോവിഡ് മനുഷ്യരാശിക്ക് രൂക്ഷമായ പ്രതിസന്ധിയാണ് സമ്മാനിച്ചത്. സാമ്പത്തികമായും മാനസികമായും തകര്‍ന്നു, ഒരുപാട് ജീവിതങ്ങളെ നഷ്ടമായി. എന്നിരുന്നാലും ശുഭാപ്തി വിശ്വാസത്തോടെ നമ്മള്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ എന്ത് ശുഭസൂചനയാണ് നമുക്ക് നല്‍കുന്നത്? ഇത് മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്നതാണ്. എങ്ങിനെയാണ് ഇത് സാധിക്കുന്നത്?

ബലാത്സംഗം ചെയ്യുന്നവര പൊതുമധ്യത്തില്‍ തൂക്കിലേറ്റണമെന്നും അത് ടെലിവിഷനിലൂടെ ലോകം മുഴുവന്‍ കാണിക്കണമെന്നും ഞാന്‍ അധികൃതരോട് അപേക്ഷിക്കുകയാണ്. ഇനി ആരും ഇതിന് മുതിരരുത്. പൊതു സ്ഥലത്ത് വച്ച് സ്ത്രീകളെ ആരെങ്കിലും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുമ്പോള്‍ അല്ലെങ്കില്‍ മോശമായി നോക്കുമ്പോള്‍ അവള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ അത്രയും തീവ്രമാണ്. അപ്പോള്‍ തങ്ങളിലൊരാള്‍ ക്രൂര പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങുന്നത് കാണുമ്പോഴോ?

സ്ത്രീ ശാക്തീകരണമല്ല ഇവിടെ ആവശ്യം, ഇവിടെ ശാക്തീകരിക്കേണ്ടത് പുരുഷന്‍മാരെയാണ്, മൊത്തം സമൂഹത്തെയാണ്. സ്ത്രീ-പുരുഷന്‍, ആണ്‍കുട്ടി-പെണ്‍കുട്ടി എന്ന വേര്‍തിരിവ് എന്തിനാണ്? ഈ സമൂഹത്തില്‍ സമാധാനത്തോടെ എങ്ങിനെ ഒരുമിച്ച് ജീവിക്കാമെന്ന് മനുഷ്യന് പഠിപ്പിച്ച് കൊടുക്കൂ.



Next Story

Related Stories