TopTop

സംവാദത്തിൽ കേന്ദ്ര സർവകലാശാല അനുമതി നിഷേധിച്ചു, അടച്ചിട്ട ഗേറ്റിനുമുന്നിൽ പ്രകാശ് കാരാട്ട് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു - വീഡിയോ

സംവാദത്തിൽ കേന്ദ്ര സർവകലാശാല അനുമതി നിഷേധിച്ചു, അടച്ചിട്ട  ഗേറ്റിനുമുന്നിൽ  പ്രകാശ് കാരാട്ട്  വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു -  വീഡിയോ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ്എഫ്‌ഐ സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുക്കാനെത്തിയ സിപിഎം നേതാവ് പ്രകാശ് കാരാട്ടിന് ക്യാമ്പസില്‍ കയറാന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി അംബേദ്ക്കര്‍ സര്‍വകലാശാല. ഇതോടെ കശ്മീരിഗേറ്റ് ക്യാമ്പസിന്റെ പൂട്ടിയിട്ട ഗേറ്റിന് മുന്നില്‍ നിന്ന് കാരാട്ട് വിദ്യാര്‍ഥികളുമായി സംവദിച്ചു. പ്രകാശ് കാരാട്ട് ഗേറ്റിന് പുറത്തും വിദ്യാർത്ഥികൾ ക്യാമ്പസിന് അകത്തിരുന്നുമായിരുന്നു പരിപാടി നടന്നത്. അധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പൗരത്വഭേദഗതി നിയമം നേരിട്ട് ബാധിക്കുന്ന ഒരു മതവിഭാഗം മാത്രം പ്രതിരോധിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ആ ധാരണ പക്ഷെ വിദ്യാര്‍ഥി സമൂഹം തകര്‍ത്തുകളഞ്ഞെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. മതേതര റിപ്പബ്ലിക്കായ രാജ്യത്തെ സംരക്ഷിക്കാനായി ശക്തമായ ചെറുത്തുനില്‍പ്പാണ് വിദ്യാര്‍ഥികള്‍ നടത്തുന്നത്. സിഎഎ എതിര്‍ത്ത സംസ്ഥാന സര്‍ക്കാരുകളെല്ലാം എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



ക്യാമ്പസിന്റെ പൂട്ടിയിട്ട ഗേറ്റിനുമുന്നിൽ‌ പ്രസംഗിച്ചത് ട്രേഡ് യൂണിയന്‍ സമരങ്ങളില്‍ ഗേറ്റുകള്‍ക്കു മുന്നില്‍ നടത്തിയ യോഗങ്ങളെ ഓര്‍മ്മയിലെത്തിക്കുകയാണെന്നും കാരാട്ട് പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക അര്‍ഫ ഖനും ഷെര്‍വാണി, സര്‍വകലാശാല അധ്യാപിക ഡോ. പ്രിയങ്ക ഝാ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു. ഡല്‍ഹി തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പേരിലാണ് അധികൃതര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് എസ്എഫ്‌ഐ പറഞ്ഞു.



Next Story

Related Stories