TopTop
Begin typing your search above and press return to search.

'ആ ഡാന്‍സുകാരത്തി... ജോര്‍ജ് കുട്ടിയെ തല്ലിയ അവളെ ഒരെണ്ണം കൊടുക്കാന്‍ തോന്നി'; ആശ ശരത് പങ്കുവെച്ച വീഡിയോ

ആ ഡാന്‍സുകാരത്തി... ജോര്‍ജ് കുട്ടിയെ തല്ലിയ അവളെ ഒരെണ്ണം കൊടുക്കാന്‍ തോന്നി; ആശ ശരത് പങ്കുവെച്ച വീഡിയോ

ഒടിടിയില്‍ റിലീസ് ചെയ്ത ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം രണ്ടിനെക്കുറിച്ചുള്ള പ്രതികരണവും നിരീക്ഷണവും ട്രോളുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ചിത്രത്തെ രണ്ട് കൈയുംനീട്ടിയാണ് ആളുകള്‍ സ്വീകരിച്ചിരിക്കുന്നത്. ജീത്തു ജോസഫിന്റെ മികച്ച കഥ പറച്ചിലിനൊപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനവും ചര്‍ച്ചയാവുകയാണ്. അതില്‍ ജോര്‍ജ്കുട്ടിയായ മോഹന്‍ലാലിന്റെ മുഖത്ത് ആശ ശരത്തിന്റെ കഥാപാത്രമായ ഗീത പ്രഭാകര്‍ അടിക്കുന്ന സീനില്‍ മോഹന്‍ലാലിന്റെ ആരാധകര്‍ ഒന്നടങ്കം ഞെട്ടിത്തരിച്ചിരിക്കുകയാണ്. ശരിക്കും മോഹന്‍ലാലിനെ അടിച്ചോ എന്നതുള്‍പ്പെടെ ആളുകള്‍ ആശ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു. മോഹന്‍ലാലിനെ താന്‍ അടിക്കാനോ എന്ന് ആശ ശരത്തും മറുപടി നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ചിത്രം കണ്ട ഒരു വീട്ടമ്മയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുറത്തിറങ്ങിയാല്‍ ജോര്‍ജ്കുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ? എന്ന അടിക്കുറിപ്പോടെയാണ് ആശ ശരത് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

ഫ്രെയിം ഫോര്‍ മാത്യു എന്ന ടിക് ടോക് അക്കൗണ്ടില്‍ നിന്നുള്ളതാണ് വീഡിയോ. ദൃശ്യം 2 കണ്ട് ഹൈ പ്രഷറായി. തല പൊട്ടിപൊളക്കുന്ന പോലെയായിയെന്നാണ് മധ്യവയസ് പിന്നിട്ട വീട്ടമ്മ ഗൃഹനാഥനോട് പറയുന്നത്. ഞാനോര്‍ത്ത്, ദൈവമേ ജോര്‍ജ്കുട്ടിയും കുടുംബവും.. ഹോ.. ആ അവളുടെ പേരെന്നാ... ഡാന്‍സുകാരത്തി... എനിക്കൊരെണ്ണം കൊടുക്കാന്‍ തോന്നി... ആ ഡാന്‍സുകാരത്തിയുടെ പേരെന്നാ... എന്നിങ്ങനെയാണ് വീഡിയോയിലെ സംഭാഷണം.

ഗീത പ്രഭാകര്‍ എന്ന കഥാപാത്രത്തിന്റെ വിജയമാണ്, ആ വീട്ടമ്മയുടെ വാക്കുകളെന്നാണ് ഭൂരിഭാഗം പേരും വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. ആശ ശരത്തും മോഹന്‍ലാലും ചേര്‍ന്നുള്ള സീനിലെ ടൈമിംഗും പൂര്‍ണതയുമാണ് ഏതൊരാളെക്കൊണ്ടും അങ്ങനെ ചിന്തിപ്പിക്കുന്നതെന്നും, ആര്‍ക്കും ദേഷ്യം തോന്നാമെന്നുമൊക്കെ കമന്റുകള്‍ വന്നിട്ടുണ്ട്.


Next Story

Related Stories