TopTop

എലിസ് പെറിയുടെ വെല്ലുവിളി സ്വീകരിച്ചു; ആദ്യ പന്ത് ഫോറടിച്ച് സച്ചിന്‍, ഇതിഹാസത്തിന്റെ വീഡിയോ പങ്ക്‌വെച്ച് ആരാധകര്‍

എലിസ് പെറിയുടെ വെല്ലുവിളി സ്വീകരിച്ചു; ആദ്യ പന്ത് ഫോറടിച്ച് സച്ചിന്‍, ഇതിഹാസത്തിന്റെ വീഡിയോ പങ്ക്‌വെച്ച് ആരാധകര്‍

ഓസ്‌ട്രേലിയയില്‍ കാട്ടുത്തീയില്‍ പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ തുക സമാഹരിക്കുന്നതിനുവേണ്ട സംഘടിപ്പിച്ച ബുഷ്ഫയര്‍ ക്രിക്കറ്റ് മത്സരത്തില്‍ പോണ്ടിങ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനും ഏറ്റുമുട്ടിയപ്പോള്‍ പോണ്ടിങ് ഇലവനാണ് വിജയിച്ചത്. ഒരു റണ്‍സിനാണ് പോണ്ടിങ് ഇലവന്‍ വിജയം സ്വന്തമാക്കിയത്. നിശ്ചിത 10 ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പോണ്ടിങ് ഇലവന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് നേടിയപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്ത ഗില്‍ക്രിസ്റ്റ് ഇലവന് നിശ്ചിത 10 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണ് നേടാന്‍ സാധിച്ചത്.

പോണ്ടിങ് ഇലവനു വേണ്ടി ബ്രയാന്‍ ലാറ 11 പന്തില്‍ 30 റണ്‍സ് നേടി. മൂന്ന് ഫോറും രണ്ട് സിക്സും അടക്കമാണ് ലാറ 30 റണ്‍സ് നേടിയത്. നായകന്‍ റിക്കി പോണ്ടിങ് 14 പന്തില്‍ നിന്ന് 26 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഗില്‍ക്രിസ്റ്റ് ഇലവനു വേണ്ടി യുവരാജ് സിങ്, ആന്‍ഡ്രൂ സൈമണ്ട്സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. ഗില്‍ക്രിസ്റ്റ് ഇലവനു വേണ്ടി ഷെയ്ന്‍ വാട്സണ്‍ ഒന്‍പത് പന്തില്‍ നിന്ന് 30 റണ്‍സ് നേടി. ആന്‍ഡ്രൂ സൈമണ്ട്സ് 13 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 29 റണ്‍സ് നേടി. ഇരുവരും മികച്ച പ്രകടനം നടത്തിയെങ്കിലും ഒരു റണ്‍സിനു ഗില്‍ക്രിസ്റ്റ് ഇലവന്‍ തോല്‍ക്കുകയായിരുന്നു.

എന്നാല്‍ പോണ്ടിങ് ഇലവന്റെ പരിശീലകനായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇടവേള സമയത്ത് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത് ആരാധകരെ ആവശത്തിലാക്കി. ഓസീസ് വനിതാ ക്രിക്കറ്റ് ടീം താരം എലിസ് പെറിയുടെ വെല്ലുവിളി ഏറ്റെടുത്താണ് സച്ചിന്‍ കളത്തിലിറങ്ങിയത്. സച്ചിനു പന്തെറിയാന്‍ ആഗ്രഹമുണ്ടെന്ന് എലിസ് പെറി ട്വീറ്റ് ചെയ്തിരുന്നു. മത്സരത്തിന്റെ ഇടവേളയിലാണ് സച്ചിന്‍ പെറിയുടെ പന്ത് നേരിട്ടത്. എലിസ് പെറിയുടെ ആദ്യ പന്ത് തന്നെ സച്ചിന്‍ ഫോറടിക്കുകയായിരുന്നു. ആറ് പന്തുകളാണ് സച്ചിന്‍ നേരിട്ടത്. ഇതില്‍ നാല് പന്തുകള്‍ എറിഞ്ഞതും എലിസ് പെറിയാണ്. തന്റെ ക്ലാസിക് ഷോട്ടുകളെ ഓര്‍മിപ്പിക്കുന്ന സച്ചിന്റെ ബാറ്റിംഗ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.







Next Story

Related Stories