TopTop
Begin typing your search above and press return to search.

സംഘര്‍ഷമല്ല, ആക്രമണം, ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസം നടന്നത്

സംഘര്‍ഷമല്ല, ആക്രമണം, ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസം നടന്നത്

ജെഎന്‍യു ക്യാമ്പസില്‍ പുറത്തുനിന്ന് അതിക്രമിച്ച് കയറിയ എബിവിപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇന്നലെ വൈകീട്ട് അഴിച്ചുവിട്ട ഗുണ്ടാ ആക്രണത്തില്‍ പരിക്കേറ്റത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 28 വിദ്യാര്‍ത്ഥികള്‍ക്ക്. നിരവധി അധ്യാപകര്‍ക്കും ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റു. കേസ് ഡല്‍ഹി പൊലീസിന്റെ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ധന മന്ത്രി നിര്‍മ്മല സീതാരാമനും അടക്കമുള്ള പൂര്‍വ വിദ്യാര്‍ത്ഥികളായ കേന്ദ്ര മന്ത്രിമാര്‍ മുതല്‍ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജെഎന്‍യുവിന് ഐക്യദാര്‍ഢ്യവുമാി ജാമിയ മില്ലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി, കൊല്‍ക്കത്ത ജാദവ് പൂര്‍ യൂണിവേഴ്സിറ്റി, ബോംബെ ടിസ് (ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്) തുടങ്ങിയവയിലെ വിദ്യാര്‍ത്ഥിത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ ജെഎന്‍യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി.

രാജ്യത്തെ യുവാക്കളുടെ ശബ്ദം ബലം പ്രയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഓരോ ദിവസവും നടക്കുന്നത് എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. ഭീകരവും മുമ്പ് കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ളതുമായ അക്രമമാണ് മോദി സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ നടന്നുകൊണ്ടിരിക്കുന്ന്. ഇത് അംഗീകരിക്കാനാകില്ല. ഇന്നലെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടന്ന അക്രമം ഈ സര്‍ക്കാര്‍ വിയോജിക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ഏതറ്റം വരെ പോകുമെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് - സോണിയ പറഞ്ഞു. ഇത് ഭീരുക്കളുടെ ഫാഷിസ്റ്റ് ആക്രമണമാണ് എന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന യൂണിവേഴ്സിറ്റിയില്‍ നടന്ന ഈ അക്രമങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കണം - ഡി രാജ ആവശ്യപ്പെട്ടു.

ഇതിനിടെ പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ സെമിനാറിനിടെ ജെഎന്‍യു ആക്രമണത്തിനെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ഹരിയാന നിയമസഭ സ്പീക്കര്‍ ജിയാന്‍ ചന്ദ് ഗുപ്ത സംസാരിക്കവേയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമുയര്‍ത്തിയത്. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഹാളില്‍ വനിന്ന് പുറത്താക്കി.

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍, ജെഎന്‍യുവില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ പൊലീസിനോട് വിശദീകരണം തേടി. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ അക്രമികള്‍ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് സാരമായി പരിക്കേല്‍പ്പിച്ചിരുന്നു.

ജെഎന്‍യുവിലുണ്ടായ ആക്രമണം ഭീരുക്കള്‍ നടത്തിയതാണ് എന്ന് എഐഎംഐഎം നേതാവും ലോക്സഭ എംപിയുമായ അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചു. ഈ ആക്രമണം അധികാരികളുടെ പച്ചക്കൊടിയില്‍ നടന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല എന്ന് ഒവൈസി പറഞ്ഞു. അക്രമം നടത്തിയവരെ സുരക്ഷിതരായി കടന്നുപോകാന്‍ പൊലീസ് അനുവദിച്ചു എന്നതാണ് ഇതിലെ ഏറ്റവും മോശമായ കാര്യം - ഒവൈസി പറയുന്നു.

ബോളിവുഡില്‍ നിന്ന് അഭിനേതാക്കളായ ഷബാന അസ്മി, താപ്സി പന്നു. സ്വര ഭാസ്‌കര്‍, മുഹമ്മദ് സീഷാന്‍ അയ്യൂബ്, സംവിധായകരായ അപര്‍ണ സെന്‍, ഹന്‍സല്‍ മേത്ത തുടങ്ങിയവര്‍ ജെഎന്‍യു ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ജെഎന്‍യുവിലെ അക്രമം പൈശാചികമാണെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു.പരിക്കേറ്റ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കമുള്ള 34 പേരെ എയിംസില്‍ നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.


Next Story

Related Stories