TopTop
Begin typing your search above and press return to search.

'ലാലപ്പന്‍' പരാമര്‍ശം; ഫ്ലവേഴ്സ് ചാനലിനു പിന്നാലെ ക്ഷമാപണവുമായി ജോബിയും; മാപ്പപേക്ഷയില്‍ 'സാര്‍' എന്നോ 'ഏട്ടാ' എന്നോ വിളിച്ചില്ലെന്ന് പുതിയ ആക്രമണം

ലാലപ്പന്‍ പരാമര്‍ശം; ഫ്ലവേഴ്സ് ചാനലിനു പിന്നാലെ ക്ഷമാപണവുമായി ജോബിയും; മാപ്പപേക്ഷയില്‍ സാര്‍ എന്നോ ഏട്ടാ എന്നോ വിളിച്ചില്ലെന്ന് പുതിയ ആക്രമണം

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി പരിപാടിയായ സ്റ്റാർ മാജിക്കിന്റെ സ്കിറ്റ് വിവാദത്തിൽ ചാനല്‍ മാപ്പ് പറഞ്ഞതിനു പിന്നാലെ വിവാദത്തിനിടയക്കിയ കഥാപാത്രത്തെ അവതരിപ്പിച്ച കോമഡി നടന്‍ ജോബിയും.സ്കിറ്റിൽ സുപ്പർതാരം മോഹൻലാലിനെ ആക്ഷേപിച്ചെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ആരാധകരോട് ഖേദപ്രകടനവുമായി ചാനലും പിന്നാലെ ജോബിയും രംഗത്തെത്തിയത്. മോഹന്‍ ലാല്‍ കഥാപാത്രത്തെ 'ലാലപ്പന്‍'എന്ന് വിശേഷിപ്പിച്ചു എന്തിന്റെ പേരിലാണ് നടന്റെ ആരാധകര്‍ തെറിവിളിയും ഭീഷണിയുമായി രംഗത്തു വന്നത്. ഇതോടെ മാപ്പ് ചോദിക്കാന്‍ ആദ്യം ചാനലും പിന്നാലെ ജോബിയും നിര്‍ബന്ധിതരാകുകയായിരുന്നു.

"മലയാള സിനിമയിലെ, അല്ലെങ്കില്‍ ലോകസിനിമയിലെ തന്നെ താരരാജാവായ മോഹന്‍ ലാലിനെ കുറിച്ചുള്ള, അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെക്കുറിച്ചു പറഞ്ഞ എപ്പിസോഡില്‍, മോഹന്‍ലാലിനെ ഏറെ ഇഷ്ടപ്പെടുന്നവരെ വിഷമിപ്പിക്കുന്ന രീതിയില്‍ ഒരു വാക്ക് പറയാനിടയായി എന്ന് ആ എപ്പിസോഡ് കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞ് അറിയാനിടയായി. അത് ഒരുപാട് പേര്‍ക്ക് വിഷമമുണ്ടാക്കി, ദു:ഖമുണ്ടാക്കി എന്നറിയാന്‍ കഴിഞ്ഞു. അത് എനിക്കും വലിയ ദു:ഖമുണ്ടാക്കി. ഒരു സ്‌കിറ്റ് അല്ലെങ്കില്‍ ഒരു കോമഡി പ്രോഗ്രാം മറ്റുള്ളവര്‍ക്ക് സന്തോഷമുണ്ടാക്കാനാണ് ചെയ്യുന്നത്. എന്നാല്‍ ഇത് ദു:ഖമുണ്ടാക്കുന്നതായി പോയി. മോഹന്‍ ലാലിനെ ഏറെ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് അത് വിഷമമുണ്ടാക്കി എന്നറിയുന്നു. എനിക്കും വിഷമമായി. മറ്റുള്ളവരെ വിഷമിപ്പിക്കാനല്ല, സന്തോഷിപ്പിക്കുകയാണ് ഒരു കലാകാരന്റെ ഉത്തരവാദിത്തമെന്ന് ഞാന്‍ അറിയുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ ചെറിയ കലാകാരന് പറ്റിയ അബദ്ധമായി കാണണം, ക്ഷമിക്കണമേ" എന്നാണ് ജോബി ഫ്ലവേഴ്സ് ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്.

ലാലേട്ടൻ എന്നത് ലാലപ്പൻ എന്നാക്കിയായിരുന്നു സ്കിറ്റിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ സ്കിറ്റ് ചെയ്തത് മോഹൻലാലിനെ അധിക്ഷേപിക്കുക ഉദ്ദേശിച്ചല്ലെന്നും അബദ്ധത്തില്‍ സംഭവിച്ച പിഴവാണെന്നും ഫ്ലവേഴ്സ് വിശദീകരിക്കുന്നു. സ്റ്റാർ മാജികിന്റെ ഒരു എപ്പിസോഡിൽ മോഹൻലാലിന്റെ പേര് പരാമർശിച്ചത് ആരാധകരുടെ വികാരത്തെ വ്രണപ്പെടുത്തിയതായി തിരിച്ചറിയുന്നു. പരിപാടിയിലുടെ വേദനിക്കാൻ ഇടയായവരോട് എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഫ്ലവേഴ്സ് ടിവിയിലെ എല്ലാവരും മോഹൻലാലിനെ ആരാധിക്കുന്നവരാണെന്നുമാണ് ചാനൽ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. മോഹൻലാൽ അതിഥിയായെത്തിയ ചാനൽ പരിപാടികള്‍ ഉൾപ്പെടെ എടുത്ത് പറഞ്ഞായിരുന്നു ഫ്ലവേഴ്സ് ചാനലിന്റെ ഖേദപ്രകടനം.

എന്നാല്‍ ജോബി ക്ഷമ ചോദിക്കുന്ന വീഡിയോയ്ക്ക് താഴെയും ഒരുകൂട്ടമാളുകള്‍ തെറിവിളികള്‍ തുടരുന്നുണ്ട്. ജോബി മോഹന്‍ ലാല്‍ സര്‍ എന്നോ ലാലേട്ട എന്നോ വിളിച്ചില്ലെന്നും പകരം മോഹന്‍ ലാല്‍ എന്ന് പരാമര്‍ശിച്ചു എന്നാണ് ആരാധകര്‍ എന്നവകാശപ്പെടുന്നവര്‍ തെറിവിളിക്ക് ന്യായീകരണമായി പറയുന്നത്.



Next Story

Related Stories