TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ പോകുമ്പോള്‍ കരഞ്ഞു നിലവിളിക്കുന്ന ചൈനീസ് പട്ടാളക്കാര്‍; ആ വീഡിയോ വൈറലായതിനു പിന്നില്‍

ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ പോകുമ്പോള്‍ കരഞ്ഞു നിലവിളിക്കുന്ന ചൈനീസ് പട്ടാളക്കാര്‍; ആ വീഡിയോ വൈറലായതിനു പിന്നില്‍

ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായ ലഡാക്ക് അതിര്‍ത്തിയിലേക്ക് പോകുന്ന ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ സൈനികര്‍ കരയുന്ന ദൃശ്യങ്ങളാണ് ഏതാനും ദിവസങ്ങളായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ പോകുന്നതില്‍ പേടിച്ച് ചൈനീസ് സൈനികര്‍ കരയുന്നു എന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിച്ചതും. ഇന്ത്യയില്‍ മാത്രമല്ല, ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പോരാടുന്ന തായ്‌വാനിലും ഇന്ത്യയുടെ അയല്‍രാജ്യമായ പാക്കിസ്ഥാനിലും ഈ വീഡിയോ ഏറെ പ്രചരിക്കപ്പെട്ടു. എന്താണ് ഈ വീഡിയോ വൈറലാകാനുള്ള കാരണം?

യഥാര്‍ത്ഥത്തില്‍ ഇത് ആരംഭിച്ചത് തയ്‌വാനിലെ ചൈനീസ് വിരുദ്ധരും സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരുമായ മാധ്യമങ്ങളും ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളും തമ്മിലാണ് എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കിഴക്കന്‍ ചൈനീസ് പ്രവിശ്യയായ അന്‍ഹൂയിയിലുള്ള ഒരു പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമമാണ് ഈ വീഡിയോ ആദ്യം പുറത്തുവിട്ടത്. അന്‍ഹുയി പ്രവിശ്യയില ഫുയാംഗ് നഗരത്തില്‍ നിന്നുള്ളവരായിരുന്നു ഈ പട്ടാളക്കാര്‍. ഇതില്‍ ചൈനീസ് പട്ടാളക്കാര്‍ ബസില്‍ വച്ച് ചൈനീസ് സൈന്യത്തിന്റെ പ്രശസ്തമായ 'ഗ്രീന്‍ ഫ്‌ളവേഴ്‌സ് ഇന്‍ ദി ആര്‍മി' എന്ന പാട്ട് പാടുന്നുണ്ട്. ചിലര്‍ ഇതിനൊപ്പം വികാരത്തള്ളിച്ചയാല്‍ വിതുമ്പുകയും കരയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ഈ വീഡിയോ പുറത്തുവന്നതോടെ ചൈനയിലെ വിവിധ മാധ്യമങ്ങള്‍, ഒപ്പം, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയവയിലെല്ലാം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

എന്നാല്‍ ചൈനീസ് വിരുദ്ധരായ തായ്‌വാനീസ് മാധ്യമങ്ങള്‍ ലിബര്‍ട്ടി ടൈംസ്, തായ്‌വാന്‍ ന്യൂസ് തുടങ്ങിയവ ഇതിനെ കളിയാക്കിക്കൊണ്ടാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. സംഘര്‍ഷം നിലനില്‍ക്കുന്ന ഇന്ത്യന്‍ അതിര്‍ത്തിയിലെ ലഡാക്കിലേക്ക് പോകുന്നതില്‍ പേടിച്ച ചൈനീസ് പട്ടാളക്കാര്‍ കരഞ്ഞു നിലവിളിക്കുന്നു എന്നായിരുന്നു ഇവയുടെ ഉള്ളടക്കം. പിന്നാലെ പാക്കിസ്ഥാനി കൊമേഡിയനായ സൈദ് ഹമീദും ഈ വീഡിയോ ഷെയര്‍ ചെയ്തു. ഈ വീഡിയോയെ കളിയാക്കിയെങ്കിലും സൈദ് ഹമീദ് ആകട്ടെ, ചൈനയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. പി.എല്‍.എ സൈനികരുടെ വികാരാധീനമായ വീഡിയോ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയാണ് എന്നാണ് ഗ്ലോബല്‍ ടൈംസ് പ്രസ്താവിച്ചത്. "ആ സൈനികര്‍ തങ്ങളുടെ വീട്ടുകാരോട് വിട പറയുകയും പ്രശസ്തമായ ചൈനീസ് സൈനിക ഗാനം പാടുന്ന സമയവുമായിരുന്നു അത്. എന്നാല്‍ ഇതിന് നേരെ വിരുദ്ധമായ പ്രതീതിയാണ് തായ്‌വാന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്", ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തി.

"യുദ്ധത്തെ പി.എല്‍.എയുടെ പോരാളികള്‍ ഭയപ്പെടുന്നുവെന്ന് പ്രചരിപ്പിക്കാന്‍ എല്ലാ വിധത്തിലുമുള്ള കാര്യങ്ങളാണ് തായ്‌വാന്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്", എന്നും പറയുന്ന ഗ്ലോബല്‍ ടൈംസ്, തങ്ങളുടെ സൈനികരെ കളിയാക്കിക്കൊണ്ട് കൂടുതലായി ഈ വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെട്ടത് ഇന്ത്യയിലെ ട്വിറ്റര്‍ ഉപയോക്താക്കളാണന്നും പറയുന്നുണ്ട്.



Next Story

Related Stories