TopTop
Begin typing your search above and press return to search.

'കേരള സംഗീത നാടക അക്കാദമി വാഴുന്നത് ഫ്യൂഡല്‍ വ്യവസ്ഥിതി നെഞ്ചിലേറ്റുന്നവർ', ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ചതിൽ പ്രതിഷേധം

കേരള സംഗീത നാടക അക്കാദമി വാഴുന്നത് ഫ്യൂഡല്‍ വ്യവസ്ഥിതി നെഞ്ചിലേറ്റുന്നവർ, ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ചതിൽ പ്രതിഷേധം

കലാഭവന്‍ മണിയുടെ സഹോദരനും പ്രമുഖ നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന് കേരള സംഗീത നാടക അക്കാദമി വേദി നിഷേധിച്ചെന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ഓണ്‍ലൈന്‍ നൃത്ത പരിപാടിക്കായി അപേക്ഷ സമര്‍പ്പിച്ചപ്പോഴായിരുന്നു ദുരനുഭവം നേരിട്ടതെന്ന് രാമകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയതിന് പിന്നാലെ കലാ സാംസ്‌കാരിക രംഗത്തെ നിരവദി പേര്‍ പിന്തുണയുമായി രംഗത്തെത്തി. രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ'. എന്നായിരുന്നു ഓണ്‍ലൈന്‍ നൃത്ത പരിപാടിക്കായി അപേക്ഷ വിഷയത്തില്‍ സംഗീത നാടക അക്കാദമി സെക്രട്ടറി നല്‍കിയ മറുപടിയെന്നായിരുന്നു രാമകൃഷ്ണന്‍ കുറിപ്പില്‍ ആരോപിച്ചത്.

സംഭവത്തില്‍ സംഗീത നാടക അക്കാദമി മേധാവിമാര്‍ക്ക് എതിരെയും രാമകൃഷ്ണന്‍ രംഗത്തെത്തി. തനിക്ക് അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്ന് സെക്രട്ടറി പറഞ്ഞതായി ചെയര്‍ പേഴ്‌സണ്‍ കെപിഎസി ലളിത തന്നെ അറിയിച്ചെന്നും രാമകൃഷ്ണന്‍ പറയുന്നു. സംഗീത നാടക അക്കാദമി അംഗങ്ങള്‍ക്ക് ഫ്യൂഡല്‍ വ്യവസ്ഥിതിയാണെന്ന ആരോപണവും രാമകൃഷ്ണന്‍ ഉന്നയിക്കുന്നു. ഫ്യൂഡല്‍ മനോഭാവം നെഞ്ചിലേറ്റി നടക്കുന്ന തമ്പുരാക്കന്മാര്‍ക്ക് അടക്കിവാഴാനുള്ളതല്ല സര്‍ക്കാര്‍ സംവിധാനങ്ങളെന്നും കലാകാരന്മാരുടെ ഹൃദയ വേദന മനസ്സിലാക്കുന്നവരെയാക്കണം സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കേണ്ടതെന്നും രാമകൃഷ്ണന്‍ ഓര്‍മ്മിപ്പിക്കുന്നു.

എന്നാല്‍, അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത ഇടപെട്ടിട്ടുപോലും കലാഭവന്‍ മണിയുടെ സഹോദരന് അവസരം ലഭിച്ചില്ലെന്നതും അദ്ദേഹത്തോട് മോശമായി പെരുമാറിയെന്നതും വേദനാജനമാണെന്ന് ഞരളത്ത് ഹരിഗോവിന്ദന്‍ പ്രതികരിച്ചു. ചെയര്‍പേഴ്‌സണെ സ്ഥിരം നോക്കുകുത്തിയാക്കിയുള്ള പരിപാടി അവസാനിപ്പിക്കണം. പ്രതിഷേധങ്ങള്‍ നടന്നാലും മാത്രമേ പരിഹാരമാവൂ എന്ന ദുഃസ്ഥിതി മാറാന്‍ സാംസ്‌കാരിക വകുപ്പുമന്ത്രി അടിയന്തിരമായി ഇടപെടണം. അക്കാദമിയുടെ ഗേറ്റിനു പുറത്ത് രാമകൃഷ്ണന്‍ റോഡരികില്‍ നൃത്തം ചെയ്ത് അക്കാദമിക്കു നാണക്കേടുണ്ടാവാതെ നോക്കേണ്ടത് അക്കാദമിയുടെ ബാധ്യതയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ശരിക്കും ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തെ വല്ലാതെ...

Posted by Rlv Ramakrishnan Ramakrishnan on Monday, September 28, 2020

ആര്‍എല്‍വി രാമകൃഷ്ണന്റെ പോസ്റ്റ് പൂര്‍ണരുപം-

ശരിക്കും ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി പറഞ്ഞ വാക്കുകള്‍ എന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. കേവലമായ ഒരു ഓണ്‍ലൈന്‍ നൃത്ത പരിപാടിക്കായി അപേക്ഷ സമര്‍പ്പിച്ച എനിക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകള്‍ കര്‍ണ്ണ ഭേദമായിരുന്നു. ആ വാക്കുകള്‍ ഇങ്ങനെ 'കേരള സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി മികച്ചതാണ്. രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. എനിക്ക് അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്നുള്ളതായിരുന്നു സെക്രട്ടറി പറഞ്ഞതായി ചെയര്‍ പേഴ്‌സണ്‍ എന്നെ അറിയിച്ചത്. 'ഈ ഒരു കാര്യം എന്നിലെ കലാകാരനെ ഏറെ വേദനിപ്പിച്ചു. 35 വര്‍ഷത്തിലധികമായി ഞാന്‍ ചിലങ്ക കെട്ടാന്‍ തുടങ്ങിയിട്ട്. കൂലിപണിക്കാരായ അച്ഛനും അമ്മയ്ക്കും ഒരു ചിലങ്ക വാങ്ങിത്തരാന്‍ കഴിവില്ലാത്തതിനാല്‍ മറ്റുള്ളവരുടെ ചിലങ്ക കടം വാങ്ങിയാണ് ആദ്യ കാലങ്ങളില്‍ ഞാന്‍ ചിലങ്ക കെട്ടിയത്. പിന്നെ കൂലിപണിയെടുത്ത് ഒരു ചിലങ്ക വാങ്ങിയതു മുതല്‍ കഷ്ട്ടപ്പെട്ട് നൃത്തത്തില്‍ ഉന്നത ബിരുദങ്ങള്‍ നേടിയതും ഡോക്ടറേറ്റ് നേടിയതും ഈ കലയില്‍ ഉറച്ചുനില്‍ക്കണമെന്ന നിശ്ചയദാര്‍ഢ്യം ഉള്ളതു കൊണ്ടാണ്. എന്റെ ചിലങ്കകള്‍ എന്റെ ഹൃദയ താളം കൂടിയാണ്. അതുകൊണ്ട് തന്നെ ആ ഹൃദയം താളം നിലച്ചാലെ എന്റെ ചിലങ്കകളുടെ ശബ്ദം ഇല്ലാതാവുകയുള്ളൂ. സംഗീത നാടക അക്കാദമിയുടെ വേദി മാത്രമല്ല മോഹിനിയാട്ടം അവതരിപ്പിക്കാന്‍ പറ്റുന്നത് എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. എന്നാല്‍ ആ വേദി ഏത് സാധാരണക്കാരനും വേണ്ടിയുള്ളതാവണം. അത് സര്‍ക്കാരിന്റെ വേദിയാണ്. ഇതു പോലുള്ള ഫ്യൂഡല്‍ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്പുരാക്കന്‍ ന്മാര്‍ക്ക് അടക്കിവാഴാനുള്ളതല്ല ആ വേദി. ഇവരെ പോലുള്ളവരുടെ പ്രവൃത്തികളില്‍ നാണക്കേടുണ്ടാക്കുന്നത് സര്‍ക്കാറിനാണ്. സര്‍ക്കാര്‍ എല്ലാം വിശ്വസിച്ചാണ് ഇവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നത്. ഇവരുടെ ബോധമില്ലായ്മയ്ക്ക് ഉത്തരവാദികളാകുന്നത് സര്‍ക്കാര്‍ കൂടിയാണ്. വരുന്ന ഭരണത്തിലെങ്കിലും സംഗീതം നൃത്തം, നാടകം തുടങ്ങിയ കലകള്‍ വേദികളില്‍ അവതരിപ്പിച്ച് , കലാകാരന്മാരുടെ ഹൃദയ വേദന മനസ്സിലാക്കുന്നവരെയാക്കണം സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കേണ്ടത്. ഇത് എഴുതുമ്പോള്‍ വള്ളത്തോള്‍ 1940 ല്‍ ഷൊര്‍ണ്ണൂരില്‍ പ്രസംഗിച്ച വരികള്‍ മാതൃഭൂമി പത്രത്തില്‍ വന്നത് സൂക്ഷിച് വച്ചിട്ടുണ്ട്. അത് ഇപ്രകാരമാണ്. 'നൃത്തം എന്നു പറയുമ്പോള്‍ നൃത്തം ചെയ്യുന്ന സ്ത്രീയുടെ ശരീരത്തിലേക്കല്ല നോട്ടമെത്തേണ്ടത് മറിച്ച് അവര്‍ ചെയ്യുന്ന അമൂല്യമായ ആ കലാരൂപത്തിലേക്കായിരിക്കണം'' ഈ മഹത് വചനം ഇത്തരം സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി.ലളിത ഇടപെട്ടിട്ടുപോലും കലാഭവന്‍ മണിയുടെ സഹോദരനും പ്രമുഖ നര്‍ത്തകനുമായ RLV രാമകൃഷ്ണന്‍ എന്ന കലാകാരനോട് കേരളസംഗീതനാടക അക്കാദമി സെക്രട്ടറി വളരേ മോശമായി പെരുമാറിയെന്ന വേദന വാര്‍ത്തയായി പരക്കുകയാണ്..ചെയര്‍പേഴ്സണെ സ്ഥിരം നോക്കുകുത്തിയാക്കിയുള്ള ഈ പരിപാടി അവസാനിപ്പിക്കണം.....അവസരം നല്‍കിയില്ലെങ്കിലും കലാപ്രവര്‍ത്തകരെ അപമാനിക്കാന്‍ ഒരക്കാദമിക്കും അധികാരികള്‍ക്കും അവകാശമില്ല....ബന്ധപ്പെട്ടവര്‍ ഉടന്‍ പരിഹാരമുണ്ടാക്കണം...എന്തിനും വാര്‍ത്തയായാലും പ്രതിഷേധങ്ങള്‍ നടന്നാലും മാത്രമേ പരിഹാരമാവൂ എന്ന ദുഃസ്ഥിതി മാറാന്‍ സാംസ്കാരിക വകുപ്പുമന്ത്രി അടിയന്തിരമായി ഇടപെടണം.അക്കാദമിയുടെ ഗേറ്റിനു പുറത്ത് രാമകൃഷ്ണന്‍ റോഡരികില്‍ നൃത്തം ചെയ്ത് അക്കാദമിക്കു നാണക്കേടുണ്ടാവാതെ നോക്കേണ്ടത് അക്കാദമിയുടെ ബാധ്യതയാണ്....

Posted by Njeralathu Harigovindan on Monday, September 28, 2020



Next Story

Related Stories