Top

ലിപിയില്ലാത്ത ഭാഷയിലെ കവിയും കവിതയും-വീഡിയോ

പ്രകൃതിയോട് ചേര്‍ന്നു ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യര്‍ എന്നും പൊതുസാമൂഹത്തിന് പുറത്ത് നിര്‍ത്തപ്പെട്ടിരുന്നു, ഒപ്പം അവരുടെ ഭാഷയും. ഇത്തരത്തില്‍ ഇത്രകാലം മലയാള സാഹിത്യ ലോകത്തുനിന്ന് പുറന്തള്ളപ്പെട്ടുനിന്ന ഒന്നായിരുന്നു ഗോത്ര ഭാഷയിലെ കൃതികള്‍. ഇത്തരമൊരു സാഹചര്യത്തിലാണ് മാതൃഭാഷ സംസാരിക്കാന്‍ ഭയന്ന സ്വന്തം ഗോത്ര സമൂഹത്തിനുവേണ്ടി ധന്യ വേങ്ങച്ചേരി ലിപിയില്ലാത്ത തുളു ഭാഷയില്‍ എഴുതി തുടങ്ങിയത്.

കാസര്‍ഗോഡ് മാവിലന്‍ ഗോത്രത്തിലെ ആളുകള്‍ സംസാരിക്കുന്ന തുളു ഭാഷയിലെ വാക്കുകളെ മലയാള ലിപിയില്‍ എഴുതിയാണ് ധന്യ വേങ്ങച്ചേരി കവിതകള്‍ ഒരുക്കുന്നത്. മാവിലര്‍ സംസാരിച്ചിരുന്ന ഭാഷ അന്യംനിന്നുതുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് പ്രതിരോധമെന്നോണം ഈ കവിതകള്‍ രൂപമെടുക്കുന്നത്. വിദ്യാലയങ്ങളില്‍ പലപ്പോഴും ഊരിലെ കുട്ടികള്‍് സ്വന്തം ഭാഷ സംസാരിക്കുന്നതിന്റെ പേരില്‍ അപമാനിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും, ഇതേതുടര്‍ന്ന് പിന്നീട് സ്വന്തം ഭാഷ പറയാന്‍ കുട്ടികള്‍ ഭയക്കുന്നുവെന്നും, ഇത്തരത്തില്‍ ഗോത്ര കുടുംബങ്ങളില്‍നിന്നും പുതുതലമുറയില്‍നിന്നും സ്വന്തം ഭാഷ ഇല്ലാതായിരിക്കുന്നുവെന്നും ധന്യ വേങ്ങച്ചേരി അഭിപ്രായപ്പെടുന്നു.

മലയാള ഭാഷയില്‍ കവിതകള്‍ എഴുതിയിരുന്ന ധന്യ പിജി കാലം മുതലാണ് തുളുഭാഷയില്‍ എഴുതാന്‍ തുടങ്ങിയത്. ആഴ്ചപ്പതിപ്പുകളില്‍ കവിതകള്‍ വരുമ്പോള്‍ ഇത് ഏത് ഭാഷയില്‍ നിന്നുള്ളതാണെന്ന് ആളുകള്‍ അത്ഭുതത്തോടെ ചോദിക്കാറുണ്ടെന്നും, ഈ കവിതകളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട തന്റെ ഭാഷയെ അംഗീകരിക്കാനുള്ള മാനസികാവസ്ഥ ആളുകളില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ധന്യ പറയുന്നു.


Next Story

Related Stories