TopTop
Begin typing your search above and press return to search.

'ജാതിപ്പേര് വിളിക്കലല്ല അവഹേളനം, അവസരങ്ങൾ നിഷേധിക്കലാണ്; ഇനി വേണമെങ്കിൽ ഡോ. ആർ എൽ വി രാമകൃഷ്‌ണൻ പറയൻ എന്ന് പേരുമാറ്റാം'

ജാതിപ്പേര് വിളിക്കലല്ല അവഹേളനം, അവസരങ്ങൾ നിഷേധിക്കലാണ്; ഇനി വേണമെങ്കിൽ ഡോ. ആർ എൽ വി രാമകൃഷ്‌ണൻ പറയൻ എന്ന്  പേരുമാറ്റാം

കേരള സംഗീത നാടക അക്കാദമി തനിക്കെതിരെ സ്വീകരിച്ച നിലപാട് പട്ടിക ജാതി പീഡനം തന്നെയെന്ന് മോഹിനിയാട്ടം കലാകാരനും നടന്‍ കലാഭവന്‍ മണിയുടെ അനിയനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍. കേരള സംഗീത നാടക അക്കാദമി അവസരം നിഷേധിച്ച വിവാദങ്ങള്‍ക്ക് പിന്നാലെ ആത്മഹത്യാ ശ്രമം നടത്തിയ രാമകൃഷ്ണന്‍ ആശുപത്രി വിട്ടതിന് പിറകെയാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോ. രാമകൃഷ്ണന്‍ നിലപാട് ആവര്‍ത്തിച്ചത്.

ഒരു പട്ടികജാതിക്കാരനെ ജാതിപ്പേര് വിളിക്കലല്ല അവഹേളനം. പട്ടികജാതിക്കാരന് കിട്ടേണ്ടിടത്ത് ആനുകൂല്യങ്ങളും അര്‍ഹമായ സ്ഥാനമാനങ്ങളുടെ ലഭിക്കാതെ വരുന്നതും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ അത് പട്ടികജാതി പീഡനം തന്നെയാണെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു.

നമ്മുടെ സമൂഹത്തില്‍ ജാതിയുണ്ട്. ഒരു പട്ടികജാതിക്കാരനെന്ന നിലയില്‍ വളരെ പോരാടിയാണ് ഇവിടെ വരെയെത്തിയത്. നേരത്തെ കേരള കലാമണ്ഡലത്തില്‍ എനിക്ക് പ്രവേശനം നിഷേധിച്ചു. ആ സമയത്ത് സഖാവ് കലാഭവന്‍ മണി ഇവിടെ ജീവിച്ചിരിപ്പുണ്ടായിരുന്നു, അദ്ദേഹമുണ്ടായിരുന്നത് കൊണ്ടും, മന്ത്രിയായിരുന്ന എംഎ ബേബി സാര്‍ ഇടപെട്ടതുകൊണ്ടും പ്രവേശനം ലഭിച്ചു. പട്ടിക ജാതിക്കാരനായ ആര്‍ എല്‍വി രാമകൃഷ്ണന് എന്തുകൊണ്ടാണ് സെക്രട്ടറി അവസരം നിഷേധിച്ചത്. അത് പീഡനമല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

സംഗീത നാടക അക്കാദമി സെക്രട്ടകറിക്ക് എതിരെയുള്ള വിമര്‍ശനങ്ങളും ഡോ. രാമകൃഷ്ണന്‍ ആവര്‍ത്തിക്കുന്നുണ്ട്. സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായിരിക്കാന്‍ അദ്ദേഹത്തിന് എന്ത് യോഗ്യതയാണ് ഉള്ളത് എന്ന ചോദ്യമാണ് രാമകൃഷ്ണന്‍ ഉന്നയിക്കുന്നത്. സംഗീതമോ, നാടകമോ നൃത്തമോ പഠിച്ചിട്ടുണ്ടോ? സവര്‍ണമേധാവിത്വം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതിന് തെളിവാണ് ഇത്. ഇനിയെങ്കിലും ഒരുമാറ്റമുണ്ടാകണമെന്ന് വിചാരിച്ചാണ്, അതിനായി ഒരു കലാകാരന്റെ ജീവന്‍ കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്. കലാഭവന്‍ മണി ജീവിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടാകില്ലായിരുന്നു എന്നും ഡോക്ടര്‍ രാമകൃഷ്ണന്‍ പറയു്ന്നു.

അതേസമയം, ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവം കേരള സംഗീത നാടക അക്കാദമി നൃത്ത അവതരണ അനുമതി നിഷേധിച്ചുവെന്ന തോന്നലിന്റെ ഭാഗമായാണെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കേരള സംഗീത നാടക അക്കാദമി നടത്തുന്ന 'സര്‍ഗഭൂമിക' പരിപാടിയില്‍ ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചു എന്ന വാര്‍ത്ത സംബന്ധിച്ച് അക്കാദമിയോട് വിശദീകരണം ചോദിച്ചതായും മന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


Next Story

Related Stories