ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനമുണ്ടായയപ്പോള് ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. പലരും വീട് വിട്ട് ഇറങ്ങി സുരക്ഷിത ഇടങ്ങളിലേക്ക് പോയിരുന്നു. എന്നാല്‍ ഈ സമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജനം നടുങ്ങിയപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ ചര്‍ച്ച തുടര്‍ന്ന രാഹുല്‍ ഗാന്ധിയ്ക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനില്‍ ലൈവ് ചര്‍ച്ച നടത്തുകയായിരുന്നു രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയയിലെ ട്രോളുകളെക്കുറിച്ചും കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാടിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലെവ് സംഭാഷണത്തിനിടെ ഭൂചലനം അനുഭവപ്പെട്ടപ്പോള്‍ രാഹുല്‍ വളരെ കൂളായി കൂസലില്ലാതെ സംസാരം തുടര്‍ന്നതാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത്.
'ഭൂചലനം ആണെന്ന് തോന്നുന്നു എന്റെ മുറി മുഴുവന്‍ കുലുങ്ങുന്നു'-എന്ന് സാധാരണ മട്ടില്‍ പറഞ്ഞ് ചിരിച്ചു കൊണ്ട് സംഭാഷണം തുടരുകയായിരുന്നു രാഹുല്‍. കര്‍ഷക സമരത്തിനിടെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ സോഷ്യല്‍ മിഡിയ സെന്‍സര്‍ഷിപ്പിനെ കുറിച്ചും സോഷ്യല്‍ മിഡിയ ട്രോളുകളെ കുറിച്ചും ഒരു വിദ്യാര്‍ഥി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയില്‍ ഡല്‍ഹിയിലടക്കം വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാത്രി 10.30ഓടെയായിരുന്നു ഭൂചലനം. പഞ്ചാബിലെ അമൃത്സര്‍, ജമ്മു, ഉത്തരാഖണ്ഡ്, രാജസ്ഥാന്, ഹരിയാന, നോയിഡ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍.