TopTop
Begin typing your search above and press return to search.

പടയപ്പ; ആളൊഴിഞ്ഞ മൂന്നാറില്‍ കൊമ്പന്റെ ഉലാത്ത് (വീഡിയോ)

പടയപ്പ; ആളൊഴിഞ്ഞ മൂന്നാറില്‍ കൊമ്പന്റെ ഉലാത്ത് (വീഡിയോ)

ലോക്ഡൗണ്‍ മനുഷ്യരെ വീട്ടിലിരുത്തിയപ്പോള്‍ മൃഗങ്ങള്‍ക്ക് സ്വൈര്യവിഹാരത്തിനുള്ള സ്വാതന്ത്ര്യമാണ് ലഭിച്ചത്. മുന്‍പ് മനുഷ്യര്‍ നടന്നിരുന്ന വഴികളില്‍ ഇപ്പോള്‍ മൃഗങ്ങള്‍ നടക്കുയാണ്. അത്തരത്തില്‍ ഒരാന മൂന്നാര്‍ നഗരത്തിലൂടെ ഇറങ്ങി നടക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മൂന്നാര്‍ വനമേഖലയിലെ ഏറ്റവും തലയെടുപ്പുള്ള കാട്ടാനയായ പടയപ്പയാണ് ഇന്നലെ പുലര്‍ച്ചെ ടൗണ്‍ മധ്യത്തിലൂടെ സവാരിനടത്തിയത്. പടയപ്പയെ കൂടാതെ ടൗണിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നിടങ്ങളിലും ആനക്കൂട്ടങ്ങളെ കണ്ടു.

ചിന്നം വിളിച്ച് ബുധനാഴ്ച പുലര്‍ച്ചെ 5 മണിക്ക് നടയാര്‍ റോഡുവഴി മെയിന്‍ റോഡിലേക്ക് നടന്നെത്തിയ പടയപ്പയുടെ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമണ്‍ ആണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ബസ് സ്റ്റാന്‍ഡിനു മുന്നിലൂടെ മുന്നോട്ടു നടന്ന് പഴച്ചന്തയുടെ മുന്നില്‍ എത്തി അല്‍പനേരം നിലയുറപ്പിച്ച ശേഷം അവിടെ നിന്ന് ജിഎച്ച് റോഡ് വഴി പാലത്തിന്റെ അടി ഭാഗത്ത് ഉണ്ടായിരുന്ന വാഴകള്‍ തിന്ന ശേഷം നല്ലതണ്ണി റോഡ് വഴിയാണ് പടയപ്പ കാടുകയറിയത്. നാട്ടുകാര്‍ക്കും സുപരിചിതനാണ് പടയപ്പ് എന്നതിനാല്‍ ആനയിറങ്ങിയത് ആരിലും വലിയ അതിശയമുണ്ടാക്കിയില്ല.

ആളുകള്‍ ഒഴിഞ്ഞതോടെ മൂന്നാര്‍ പട്ടണ പ്രദേശം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാട്ടാനകള്‍ കൈയ്യടക്കിയിരിക്കുകയാണെന്നു തന്നെ പറയാം. പെരിയവരൈ റോഡില്‍ ഡിവൈഎസ്പി ഓഫിസിനു സമീപം 3 ആനകള്‍ അടങ്ങിയ കൂട്ടം, പടയപ്പ റോഡില്‍ ഇറങ്ങിയ സമയം തന്നെ റോഡില്‍ തമ്പടിച്ചിരുന്നു. കഴിഞ്ഞ 2 ദിവസമായി ഈ ആനക്കൂട്ടം ഈ ഭാഗത്തു തന്നെ ഉണ്ടായിരുന്നു. ആനകളെക്കൂടാതെ കാട്ടുപന്നികളും ഇപ്പോള്‍ നഗരത്തിലേക്കിറങ്ങുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വയനാട്ടില്‍ നിന്നും, ആന നഗരത്തിലൂടെ ഇറങ്ങി നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.




Next Story

Related Stories