TopTop
Begin typing your search above and press return to search.

കര്‍ഷക കലാപം 2020

കര്‍ഷക കലാപം 2020

പൗരത്വ നിയമ ഭേദഗതിക്ക് ശേഷം രാജ്യം മറ്റൊരു പ്രക്ഷോഭത്തിന് കൂടി സാക്ഷിയാവുകയാണ്. ഇത്തവണ കര്‍ഷകരാണ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പാര്‍ലമെന്റ് നിയമം തിടുക്കത്തില്‍ പാസ്സാക്കിയെന്ന് ആരോപിച്ചുള്ള പ്രക്ഷോഭം എംപിമാരുടെ സസ്പെന്‍ഷനിലാണ് കലാശിച്ചത്. ഈ മാസം 25 ന് ദേശീയ പ്രക്ഷോഭത്തിനാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയതിട്ടുള്ളത്. ഇതോടെ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്.

കാര്‍ഷിക മേഖലയില്‍ മൂന്ന് നിയമങ്ങളാണ് പുതുതായി കൊണ്ടുവന്നത്. ഈ മുന്ന് നിയമങ്ങളും കാര്‍ഷിക മേഖലയിലെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന് കാരണമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിന് പുറമെ കര്‍ഷകര്‍ക്ക് പലപ്പോഴും രക്ഷയാകാറുള്ള താങ്ങുവില പുതിയ നിയമത്തോടെ ഫലത്തില്‍ ഇല്ലാതാകുമെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു. എന്നാല്‍ ഇടത്തരക്കാരുടെ ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കുന്നതാണ് പുതിയ നിയമമെന്ന അവകാശവാദമാണ് സര്‍ക്കാര്‍ പറയുന്നത്. വ്യാപാരികള്‍ക്ക് എവിടെനിന്നും ഉത്പന്നങ്ങള്‍ വാങ്ങാമെന്ന വ്യവസ്ഥ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ പറയുന്നു.

കഴിഞ്ഞ ജൂണില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സുകള്‍ക്ക് പകരമായാണ് മൂന്ന് നിയമങ്ങള്‍ പാസ്സാക്കിയത്. കര്‍ഷകരുടെ ശക്തമായ പ്രക്ഷോഭമാണ് ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുയര്‍ന്നത്. പഞ്ചാബില്‍ നിന്നുള്ള അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ നിയമത്തോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് രാജിവെച്ചത് മോദി സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ഹരിയാനയിലെ ബിജെപി സഖ്യ കക്ഷി ജെജെപിയും പ്രതിഷേധത്തിലാണ്.

ബില്ല് പാസ്സാക്കുന്നതില്‍ പാര്‍ലമെന്ററി മര്യാദകള്‍ കാണിച്ചില്ലെന്ന ആക്ഷേപമാണ് രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനും തുടര്‍ന്ന് അംഗങ്ങളുടെ സസ്പെന്‍ഷനും കാരണമായത്. സസ്പെന്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ രാത്രി മുഴുവന്‍ പാര്‍ലെന്റിന് മുന്നില്‍ പ്രതിഷേധവുമായി ഇരിക്കുകയും ചെയ്തു.

കര്‍ഷകരുടെ പ്രതിഷേധം തണുപ്പിക്കുന്നതിന് ഗോതമ്പുള്‍പ്പെടെ ഉത്പന്നങ്ങളുടെ താങ്ങുവില ആറ് ശതമാനം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക സര്‍വെയിലും അതിന് മുമ്പ് ശാന്തകുമാര്‍ കമ്മീഷനും നിര്‍ദ്ദേശിച്ചത് താങ്ങുവില എടുത്തുകളയാനാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടത്തിയത് കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും അവര്‍ ആരോപിക്കുന്നു

കഴിഞ്ഞ വര്‍ഷവും കര്‍ഷകര്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നിട്ടുണ്ട് അവര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തിട്ടുണ്ട്. സമരങ്ങള്‍ക്കു ശേഷവും കര്‍ഷകരെ വിപണിയുടെ താളങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൂടുതല്‍ കൂടുതലായി സ്വീകരിക്കുന്നത്. ഇതിനെ തിരുത്തിക്കുന്ന തലത്തിലേക്ക് കര്‍ഷക പ്രക്ഷോഭം മാറുമോ എന്നതാണ് കണ്ടറിയേണ്ടത്.


Next Story

Related Stories