TopTop
Begin typing your search above and press return to search.

'ചെലോല്‍ക്ക് ണ്ടാവും, ചെലോല്‍ക്ക് ണ്ടാവൂല, ങ്ങക്ക് ണ്ടാവാന്‍ സമ്മയ്ക്കര്ത്'; മില്‍മയ്ക്ക് പിന്നാലെ കോവിഡ് പ്രതിരോധത്തിനും കുഞ്ഞു ഫായിസിന്റെ വൈറല്‍ വാക്കുകള്‍ (വീഡിയോ)

"ചെലോര്ത് ശരിയാവും ചെലോര്ത് റെഡിയാവൂല, എന്റത് റെഡിയായ്‌ല്യ, ന്തായാലും മ്മക്ക് കൊയ്പ്പല്യ", എന്ന വാചകം ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വൈറലാണ്. അതിനു പിന്നാലെയാണ് ഈ വാചകത്തില്‍ നിന്ന് മില്‍മയുടെ മലബാര്‍ മേഖലാ യൂണിയന്‍ ഒരു പരസ്യവാചകവുമുണ്ടാക്കിയത്. "ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല, പക്ഷേങ്കി ചായ എല്ലാര്‍തും ശരിയാവും പാല്‍ മില്‍മ ആണെങ്കില്‍" എന്നായിരുന്നു മില്‍മ ഫേസ്ബുക്ക് പേജിലും മില്‍മ ജീവനക്കാരുടെ വാട്‌സ്‌ആപ് ഗ്രൂപ്പിലും പങ്കുവച്ച പരസ്യവാചകം.

എന്നാല്‍ ഇത് മില്‍മയെ വിവാദത്തിലും ചാടിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസിന്റേതാണ് മുകളില്‍ പറഞ്ഞ വാചകം. ഈ വാചകമാണ് മില്‍മ തങ്ങളുടെ പരസ്യത്തിനായി ഉപയോഗിച്ചത്. ഇതോടെ ഫായിസിന് കടപ്പാട് പോലും നല്‍കാതെയാണ് മില്‍മ ഈ വാചകങ്ങള്‍ ഉപാേയാഗിച്ചിരിക്കുന്നതെന്നും ഇത്തരമൊരു പരസ്യവാചകം സമ്മാനിച്ചതിന് ഫായിസിന് പ്രതിഫലം നല്‍കുകയാണ് വേണ്ടതെന്നുമൊക്കെ ചര്‍ച്ചകള്‍ കൊഴുത്തു. ഇതിനിടെ മില്‍മ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ഫായിസിന്റെ വാക്കുകള്‍ പരസ്യത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും മില്‍മയുടെ സോഷ്യല്‍ മീഡിയ ടീം ഫേസ്ബുക്കില്‍ വൈറലായ ആ വാക്കുകള്‍ ഫേസ്ബുക്ക് പേജില്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും മില്‍മ മലബാര്‍ യൂണിയന്‍ എംഡി വിജയകുമാരന്‍ വ്യക്തമാക്കി. ഇത് വാണീജ്യ ആവശ്യത്തിന് ഉപയോഗിക്കില്ലെന്നും പറഞ്ഞ അദ്ദേഹം, ഫായിസിന് തങ്ങള്‍ ഉപഹാരം നല്‍കുമെന്നും വ്യക്തമാക്കി. വലിയ പോസിറ്റീവ് എനര്‍ജിയാണ് ഫായിസിന്റെ വാക്കുകള്‍ നല്‍കുന്നതെന്നു ചൂണ്ടിക്കാട്ടിയ എം.ഡി വലിയ പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരുന്നവര്‍ക്ക് ഊര്‍ജം പകരുന്നതാണ് ഫായിസിന്റെ വാക്കുകള്‍ എന്നും ചൂണ്ടിക്കാട്ടി. ഫായിസിനെ ബന്ധപ്പെട്ട് ഉപഹാരം നല്‍കുമെന്ന കാര്യവും മില്‍മ അറിയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കൊറോണ ബോധവത്ക്കരണത്തിന്റെ ഭാഗമായി മലപ്പുറം കളക്ടറും ഫായിസിന്റെ വാക്കുകള്‍ കടമെടുത്തത്. "ചെലോല്‍ക്ക് ണ്ടാവും, ചെലോല്‍ക്ക് ണ്ടാവൂല. ങ്ങക്ക് ണ്ടാവാന്‍ സമ്മയ്ക്കര്ത് - കോവിഡ് 19 ആരില്‍ നിന്നും ആര്‍ക്കും പകരാം" എന്നാണ് കളക്ടര്‍ തന്റെ ഔദ്യോഗിക പേജില്‍ കുറിച്ചത്. ഇതിനു പുറമെ ചില സ്വകാര്യ സ്ഥാപനങ്ങളും തങ്ങളുടെ പരസ്യങ്ങളില്‍ ഫായിസിന്റെ വാക്കുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

ഉമ്മയുടെ ഫോണില്‍ സ്വന്തമായി റെക്കോര്‍ഡ് ചെയ്ത ഫായിസിന്റെ വീഡിയോ നേരത്തെ തന്നെ വൈറലായിരുന്നു. എങ്ങനെയാണ് കടലാസ് പൂവ് ഉണ്ടാക്കുന്നതെന്ന് വിശദമാക്കുന്നതാണ് വീഡിയോ. പേപ്പറും കത്രികയും പെന്‍സിലുമൊക്കെ ഉപയോഗിച്ച്‌ വളരെ വിശദമായാണ് പൂ നിര്‍മാണം. തുടര്‍ന്ന് കത്രിക കൊണ്ട് പേപ്പറിന്റെ അരികുകള്‍ മുറിച്ച ശേഷം പൂ കാണിക്കാനായി നിവര്‍ത്തി നോക്കുമ്ബോള്‍ അത് ശരിയായിട്ടില്ല. തുടര്‍ന്ന് ഫായിസ് പറയുന്ന വാചകങ്ങളാണ് "ചെലോര്ത് ശരിയാവും ചെലോര്ത് റെഡിയാവൂല, എന്റത് റെഡിയായ്‌ല്യ, ന്തായാലും മ്മക്ക് കൊയ്പ്പല്യ" എന്നത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വൈറലായതും.

ഫായിസ് റെക്കോര്‍ഡ് ചെയ്ത വീഡിയോ കുടുംബാംഗങ്ങളാണ് ജിദ്ദയില്‍ ജോലി ചെയ്യുന്ന പിതാവിന് അയച്ചു കൊടുത്തത്. തുടര്‍ന്ന് അദ്ദേഹം കുടുംബക്കാരും സുഹൃത്തുക്കളുമായി പങ്കുവച്ച വീഡിയോ പിന്നീട് വലിയ തോതില്‍ വൈറലാവുകയായിരുന്നു.


Next Story

Related Stories