TopTop
Begin typing your search above and press return to search.

തലസ്ഥാനത്ത് എസ്ഐയുടെ വീടാക്രമിച്ച ഗുണ്ടാ സംഘത്തിൽ പത്തിലധികം പേർ, കല്ലറിയുന്നതുൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തലസ്ഥാനത്ത് എസ്ഐയുടെ വീടാക്രമിച്ച ഗുണ്ടാ സംഘത്തിൽ പത്തിലധികം പേർ, കല്ലറിയുന്നതുൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം പൂവാര്‍ സ്റ്റേഷനിലെ അഡീ. എസ് ഐ യുടെ വീടിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കണ്‍ട്രോള്‍റൂം നെയ്യാറ്റിന്‍കര യൂണിറ്റിലെ അലക്‌സാണ്ടിന്റെ വീടാണ് ആക്രമിച്ചത്. ബൈക്കിലും നടന്നും എത്തിയ പത്തിലധികം വരുന്ന സംഘം വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു. എസ് ഐക്ക് നേരെ ഗുണ്ടകളുടെ ആക്രോശവുമുണ്ടായി. രാത്രിയോടെ അലക്‌സാണ്ടറിന്റെ നെയ്യാറ്റിന്‍കരയിലെ വീടിന് നേരെയാണ് ഗുണ്ടകള്‍ ആക്രോശവുമായെത്തിയത്. വീടിന് നേരെ കല്ലെറിയുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

പുറമ്പോക്ക് ഭൂമി കയ്യേറി എസ് ഐ വീട് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നാണ് ഗുണ്ടാസംഘത്തിന്റെ ആരോപണം. എന്നാല്‍ ഇത് പുറമ്പോക്ക് ഭൂമിയല്ലെന്നും നിയമപരമായി വീട് നിര്‍മ്മിക്കുന്നതിന് തടസ്സമില്ലെന്നുമാണ് തഹസില്‍ദാര്‍ പറയുന്നത്. ഇതിനു പിന്നാലെയായിരുന്നു ആക്രമണം. നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി.




തലസ്ഥാനത്ത് അക്രമികളുടെ വിളയാട്ടം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയിലാണ് പൊലീസുകാരനു നേരെ ആക്രമണം നടക്കുന്നത്. ശ്രീകാര്യത്ത്് ഡിസിസി അംഗവും തിരുവനന്തപുരം കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ ഭര്‍ത്താവുമായ ചേന്തി അനിയുടെ ശ്രീകാര്യത്തെ വീട്ടില്‍ തലസ്ഥാനത്തെ കുപ്രസിദ്ധ അക്രമികള്‍ സംഘടിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അംഗം കൂടിയായ ചേന്തി അനിയുടെ വീട്ടില്‍ നടന്ന ഈ കൂടിച്ചേരലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നിരുന്നു. പുത്തന്‍പാലം രാജേഷ്, ഓം പ്രകാശ് തുടങ്ങി വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഒരുമിച്ച് കൂടിയത്. ഇവര്‍ ഒരുമിച്ച് നില്‍ക്കുന്നതിന്റേയും ഭക്ഷണം കഴിക്കുന്നതിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഗുണ്ടാ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുവെന്ന സംശയവും ഉയരുന്നുണ്ട്.

അടുത്തിടെ ശ്രീകാര്യത്ത് ഗുണ്ടകള്‍ തമ്മിലുള്ള വാക്കേറ്റത്തിനിടെ ശരത് ലാല്‍ എന്ന ഗുണ്ടയ്ക്ക് വെട്ടേറ്റിരുന്നു. ഇയാള്‍ അന്ന് ഓടിക്കേറിയത് ചേന്തി അനിയുടെ വീട്ടിലേക്കായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്.


Next Story

Related Stories