TopTop
Begin typing your search above and press return to search.

ഉന്നതമായ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ അപകടകരം, അപലപിച്ച് ശൈലജ ടീച്ചര്‍

ഉന്നതമായ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ അപകടകരം, അപലപിച്ച് ശൈലജ ടീച്ചര്‍

സോളാര്‍ കേസ് പരാതിക്കാരിക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ അപലപിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഉന്നതമായ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയ ശൈലജ ടീച്ചര്‍ മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്നും തുടര്‍ച്ചായുണ്ടാകുന്ന ഇത്തരം നടപടികള്‍ അപലപനീയമാണെന്നും കുറ്റപ്പെടുത്തി. കെപിസിസി അധ്യക്ഷന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ആരായാലും ശരി സ്ത്രീ വിരുദ്ധ നിലപാട് മനസില്‍ വച്ച് സൂക്ഷിക്കുന്നത് അപകടകരമാണ്. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത് ശരിയല്ല. പ്രത്യേകിച്ചും വലിയ നേതാക്കള്‍. ഉള്ളിലുള്ളതല്ലേ പുറത്ത് വരാന്‍ പറ്റൂ. ബലാത്സംഗം എന്ന് പറയുന്നത് സ്ത്രീകളെ ബലമായി കീഴ്‌പ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ഒന്നാണ്. മനുഷ്യ സമൂഹത്തിന് തന്നെ ഏറ്റവും അസഹനീയവും ഗുരുതരവുമായ കുറ്റകൃത്യമാണിത്. അതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നത് എങ്ങനെയാണെന്നും മന്ത്രി പറഞ്ഞു.

ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ അന്തസുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. സ്ത്രീയുടെ കുറ്റമാണോ ബലാത്സംഗം. സ്ത്രീകളുടെ അന്തസ് കുറവ് കൊണ്ടാണോ ആത്മഹത്യ ചെയ്യാത്തത്. അതിന് വിധേയയാകുന്ന സ്ത്രീ ഒരിക്കലും കുറ്റവാളിയല്ല. ബലാത്സംഗം ചെയ്യുന്ന ആളുകളാണ് കുറ്റവാളി. അവര്‍ ശിക്ഷിക്കപ്പെടണം. വലിയ ശാരീരികവും മാനസികവുമായ പ്രയാസമാണ് അവര്‍ അനുഭവിക്കുന്നത്. ആ സ്ത്രീകള്‍ ഉടന്‍ ആത്മഹത്യ ചെയ്യണമെന്ന് പറയുന്നത് അപകടകരമായിട്ടുള്ള മനസുള്ളവര്‍ക്കേ കഴിയൂ. ഇത് അങ്ങയറ്റത്തെ തെറ്റാണ്.

ഖേദം പ്രകടിപ്പിച്ചത് നല്ല കാര്യം. പക്ഷെ ഇടയ്ക്കിടയ്ക്ക് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ല. രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനാണ് ശ്രമിക്കേണ്ടത്. അവരെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനുമൊക്കെയാണ് നോക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

യുഡിഎഫിന്റെ വഞ്ചനാ ദിനാചരണ പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം.മുന്‍മന്ത്രി എപി അനില്‍ കുമാറിനെതിരെ സോളാര്‍ കേസ് പരാതിക്കാരി മൊഴി നല്‍കിയ സംഭവത്തില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തിയാണ് മുല്ലപ്പള്ളി സംസാരിച്ചത്. മുങ്ങി താഴാന്‍ പോകുമ്പോള്‍ ഒരു അഭിസാരികയെ കൊണ്ട് വന്ന് രക്ഷപെടാം എന്നു മുഖ്യമന്ത്രി കരുതരുത് എന്നായിരുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശം.

ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ഒന്നുകില്‍ ആത്മഹത്യ ചെയ്യും. അല്ലേങ്കില്‍ പിന്നീട് അത് ഉണ്ടാകാതെ നോക്കും. എല്ലാ ദിവസവും സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞു നടക്കുന്ന ഒരു സ്ത്രീയെ കൊണ്ട് വന്ന് യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കാനുള്ള വ്യാമോഹം ജനം തിരിച്ചറിയും എന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍. പ്രസംഗത്തിലുടനീളം സമാനമായ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു അദ്ദേഹം.

അതേസമയം, പരാമര്‍ശം വിവാദമായതിന് പിന്നാലെ തിരുത്തലുമായും മുല്ലപ്പള്ളി രംഗത്തെത്തി. തന്റെ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്ന് പ്രചാരണം ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ടെന്നും പരാമര്‍ശം ആര്‍ക്കെങ്കിലും വേദയുണ്ടാക്കുന്നുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും മുല്ലപ്പള്ളി പിന്നീട് പ്രതികരിച്ചു.


Next Story

Related Stories