TopTop
Begin typing your search above and press return to search.

ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചുവീഴുന്നു; കണക്ക് പോലുമില്ലാതെ കേന്ദ്രം

ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചുവീഴുന്നു; കണക്ക് പോലുമില്ലാതെ കേന്ദ്രം

കോവിഡ് ലോകത്ത് വ്യാപിച്ചപ്പോള്‍ മുതല്‍ ഹീറോ പരിവേഷം നല്‍കിയവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഹീറോകളെന്നും പോരാളികളെന്നും യോദ്ധാക്കളെന്നും വിളിച്ച് അമാനുഷികത അടിച്ചേല്‍പ്പിക്കുമ്പോള്‍ അവരും മനുഷ്യരാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. കുടുംബത്തെയും, പ്രിയപ്പെട്ടവരേയും ഉപേക്ഷിച്ച് ജനങ്ങളെ സേവിക്കുന്നവര്‍ എന്ന വാഴ്ത്തു പാട്ടുകള്‍ക്കപ്പുറം അവരെ സംബന്ധിച്ച് ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടിയുണ്ട്.

കോവിഡ് 19 സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍, കോവിഡ് ഡ്യൂട്ടിക്കിടെ വൈറസ് ബാധിച്ച് മരിച്ച ഡോക്ടര്‍മാരെക്കുറിച്ച് ഒന്നും പറയാതിരുന്നതില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എത്ര ഡോക്ടര്‍മാര്‍ കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ചു എന്നതിന്റെ കണക്ക് ലഭ്യമല്ല എന്നാണ് ആരോഗ്യ സഹമന്ത്രി അശ്വിനികുമാര്‍ ചൗബേ സഭയില്‍ പറഞ്ഞത്. ആരോഗ്യവും ആശുപത്രികളും സംസ്ഥാനങ്ങളുടെ അധികാരപരിധിയിലായതിനാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കലില്ല എന്നും കേന്ദ്രം പറയുന്നു. ഹീറോകളെന്നും പോരാളികളെന്നും യോദ്ധാക്കളെന്നും മറ്റും വിളിക്കുന്ന ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ഐഎംഎ കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്ക് പ്രകാരം കോവിഡ് മൂലം ഇതുവരെ 382 ഡോക്ടര്‍മാരാണ് രാജ്യത്ത് മരിച്ചിരിക്കുന്നത്. ഇത് കേവലം ഡോക്ടര്‍മാരുടെ മാത്രം കണക്കാണ്. ആരോഗ്യപ്രവര്‍ത്തകരുടെ കണക്കെടുത്താല്‍ ഈ സംഖ്യ ഇനിയും വര്‍ദ്ധിച്ചേക്കും. ഇന്ത്യയില്‍ കോവിഡിനെ നേരിടാന്‍ മതിയായ ഡോക്ടര്‍മാരോ, ആരോഗ്യ പ്രവര്‍ത്തകരോ ഇല്ലാത്ത സാഹചര്യത്തിലാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്. ഇനി മതിയായ ഡോക്ടര്‍മാര്‍ ഉണ്ടെങ്കില്‍ കൂടിയും ഇത് അംഗീകരിക്കാനാവുന്നതല്ല.

വൈറസ് ബാധിച്ചു മരിച്ച 382 പേരില്‍ 27 വയസ്സ് മുതല്‍ 85 വയസ്സ് വരെ പ്രായമുള്ള ഡോക്ടര്‍മാരുണ്ട്. ഇവരെക്കുറിച്ച് ആരോഗ്യ മന്ത്രി ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഇന്ത്യയിലേത് പോലെ ഇത്രയധികം ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മറ്റൊരു രാജ്യത്തും മരിച്ചിട്ടില്ല എന്നാണ് ഐഎംഎ പറയുന്നത്.

മാര്‍ച്ചില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അടക്കം, രാജ്യത്തെ 22.12 ലക്ഷം പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭാഗികവും ഉപയോഗപ്രദവുമല്ലാത്ത ഒരു ഇന്‍ഷുറന്‍സ് പദ്ധതി മുന്നോട്ടുവച്ച്, കഷ്ടപ്പെടുന്ന കുടുംബങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നാണ് ഐഎംഎ പറയുന്നത്. ഒരേസമയം കോവിഡിനെ ചെറുക്കുന്ന പോരാളികളെന്ന് വിളിച്ച് അഭിനന്ദിക്കുകയും എന്നാല്‍ അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അര്‍ഹതയുള്ളത് നല്‍കാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കേന്ദ്രസര്‍ക്കാരിന്റേത് എന്ന് ഐഎംഎ കുറ്റപ്പെടുത്തുന്നു.

കോവിഡ് ലോക്ക്ഡൗണിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് സര്‍ക്കാരിന്റെ കൈയിലില്ലെന്നും ഇതിനാല്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും കേന്ദ്ര തൊഴില്‍ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇത് വലിയ പ്രതിഷേധവും വിമര്‍ശനങ്ങളും ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ സമാനമായ മറുപടി പാര്‍ലമെന്റില്‍ നല്‍കിയിരിക്കുന്നത്. 'ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ, അതിലൂടെ രോഗികളുടെ സുരക്ഷ'; ഈ സന്ദര്‍ഭത്തില്‍ ഈ വര്‍ഷത്തെ ലോക പേഷ്യന്റ് സേഫ്റ്റി ദിനത്തിന്റെ ആപ്തവാക്യം കൂടി ഓര്‍ക്കാം.


Next Story

Related Stories