TopTop
Begin typing your search above and press return to search.

വെല്ലുവിളികളെ അതിജീവിച്ച് കേരളത്തിനായി രാജിയുടെ കൈത്താങ്ങ്

വെല്ലുവിളികളെ അതിജീവിച്ച് കേരളത്തിനായി രാജിയുടെ കൈത്താങ്ങ്

കോവിഡ്-19നെ അതിജീവിക്കാനുള്ള വലിയ പ്രയത്നത്തിലാണ് കേരളം. സംസ്ഥാനത്തുടനീളം ചെറുതും വലുതുമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കോവിഡ് പ്രതിരോധം എല്ലാ ജനങ്ങളുടെയും ഉത്തരവാദിത്വമാണ് എന്നു മനസിലാക്കി മുന്നോട്ടുവരുന്നവര്‍ കുറവാണ്. അവര്‍ക്കെല്ലാം മാതൃകയാവുകയാണ് തിരുവനന്തപുരം തിരുമല സ്വദേശി രാജി രാധാകൃഷ്ണന്‍. തന്റെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് കേരളത്തിനായി മാസ്‌ക് നിര്‍മിച്ചാണ് രാജി രാധാകൃഷ്ണന്‍ കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാകുന്നത്.

കോവിഡ് കാലത്ത് എല്ലാവരും മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി മാസ്‌ക് നിര്‍മിക്കാന്‍ സ്വയം മുന്നോട്ടു വന്നിരിക്കുകയാണ് ഭിന്നശേഷിക്കാരിയായ രാജി. രാജിക്ക് എല്ലാവിധ പിന്തുണയും നല്‍കി അമ്മ പ്രഭയും ഒപ്പമുണ്ട്. ഭിന്നശേഷിക്കാര കുട്ടികളെ സഹായിക്കാന്‍ മദര്‍ക്വീന്‍ ഫൗണ്ടേഷന്‍ ആരംഭിക്കുകയും വര്‍ഷങ്ങളായി നടത്തികൊണ്ടു പോവുകയും ചെയ്യുന്നയാളാണ് പ്രഭ. "ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 40-ഓളം വരുന്ന ഭിന്നശേഷിക്കാര കുട്ടികള്‍ക്ക് സോപ്പ്, നാപ്കിന്‍, അങ്ങനെ അത്യാവശ്യം ചില സാധനങ്ങള്‍ എല്ലാ മാസവും എത്തിക്കാറുണ്ട്. കൊറോണ വന്ന സമയത്ത് എല്ലാവര്‍ക്കും മാസ്‌ക് നിര്‍മിച്ചു നല്‍കാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് എല്ലാത്തിന്റെയും തുടക്കം", രാജിയുടെ അമ്മ പ്രഭ പറഞ്ഞു.

ആദ്യം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു നല്‍കി തുടങ്ങിയ മാസ്‌ക് പിന്നീട് പോലീസുകാര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കാന്‍ തടങ്ങി. മാസ്‌കുകള്‍ എത്തിക്കാനും മറ്റും പോലീസാണ് ഇവരെ സഹായിക്കുന്നത്. ഇതുവരെ ആയിരത്തോളം മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കി കഴിഞ്ഞു. "ഇനിയും മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കും. ഈ സമയത്ത് നമ്മളെ കൊണ്ട് പറ്റുന്നത് നമ്മള്‍ ചെയ്യേണ്ടതല്ലേ" പ്രഭ പറയുന്നു.

സ്വന്തമായി തയ്യാറാക്കിയ മാസ്‌കുകളുമായി കഴിഞ്ഞ ദിവസം രാജി, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ കാണുകയും അത് കൈമാറുകയും ചെയ്തിരുന്നു.


Next Story

Related Stories