TopTop
Begin typing your search above and press return to search.

'പെറ്റോടംകാരികള്‍'ക്കുവേണ്ടി ഈ കവിതകള്‍; യുവ എഴുത്തുകാരന്‍ രാഹുല്‍ മണപ്പാട്ട് സംസാരിക്കുന്നു

തീവ്രമായ ഭാഷയാല്‍ ശ്രദ്ധ നേടിയ യുവ എഴുത്തുകാരനാണ് രാഹുല്‍ മണപ്പാട്ട്. രാഹുലിന്റെ പൊറ്റോടം എന്ന ആദ്യ കവിത സമാഹാരം ഇപ്പോള്‍ ഡിസി ബുക്‌സില്‍നിന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. പെറ്റോടം, സ്വവര്‍ഗാനുരാഗികളുടെ 377 പ്രണയവാചകങ്ങള്‍, കേരളപാഠാവലി, പാപികളുടെ തിരുമുറിവ് തുടങ്ങി ഇരുപത്തഞ്ചോളം കവിതകള്‍ പെറ്റോടത്തില്‍ ഉള്‍ക്കൊള്ളുന്നു.

'പേറ് തൊട്ടൊഴിയാത്ത അമ്മയുടെ മണമാണ് എല്ലാ കാലത്തേക്കും ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുള്ള ഒന്ന്.ഞാനെങ്ങോട്ട് ഓടി പോയാലും പെറ്റോടം കഴിഞ്ഞു വരുന്ന അമ്മ കയ്യില്‍ കരുതുന്ന ഗള്‍ഫ് മുട്ടായിയോ മറ്റു മധുരങ്ങളോ ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു.അതെന്റെ ഇപ്പോഴും വിട്ടുമാറാത്ത കൊതിയുടെ ബാക്കി കൂടിയാണ്.അമ്മ കുളിപ്പിക്കുന്ന കുട്ടികളുടെ ചിരികളെക്കുറിച്ച് കരച്ചിലിനെക്കുറിച്ച് നോട്ടങ്ങളെക്കുറിച്ച് ഭംഗിയെക്കുറിച്ച് എത്ര എഴുതിയാലാണ് തീര്‍ന്നു പോകുക!.ഇടയ്‌ക്കെപ്പെഴോ അമ്മയുടെ 'ജോലിയെ'ക്കുറിച്ച് ചോദിക്കുമ്പോള്‍ എണ്ണ തേച്ച് കിടത്തിയ കുഞ്ഞുങ്ങളുടെ ചിരി കൊണ്ടെന്നെ നിശ്ശബ്ദമാക്കുന്ന,

എന്റെ ഒരു വരി കവിത പോലും വായിക്കാത്ത കേള്‍ക്കാത്ത കാണാത്ത പെറ്റോടംകാരിയായ അമ്മയ്ക്ക് വേണ്ടി എഴുതി പൂര്‍ത്തിയാവാത്ത ഒന്നാണ് ഈ ആമുഖമെന്ന് ഞാന്‍ കരുതുന്നു.

യാതൊരു പ്രിവിലേജുകളും ഇല്ലാത്ത ഒരിടത്ത് നിന്നാണ് ഞാന്‍ എഴുതി തുടങ്ങിയത്. ഒരിക്കല്‍പ്പോലും ഒരു ഗോഡ് ഫാദര്‍മാരുടേയും പിന്തുണ കടമെടുക്കാതെ.എഴുതി തുടങ്ങിയ കാലങ്ങളില്‍ കാമ്പസ് പംക്തിയിലേക്കും മറ്റും അയച്ചു കൊടുക്കാറുള്ള കവിതകള്‍ അച്ചടിമഷി പ്രാപിക്കുന്നതും കാത്ത് ആഴ്ച്ചകള്‍ തോറും കാത്തിരുന്ന ദിനങ്ങളെ സന്തോഷത്തോടെ ഓര്‍ക്കുകയാണിപ്പോള്‍ ( ആ കാത്തിരിപ്പ് ദിവസങ്ങള്‍ ,മാസങ്ങള്‍ ,വര്‍ഷങ്ങള്‍ വരെ നീണ്ടുപോവാറുണ്ടായിരുന്നല്ലോ!). സന്തോഷമെന്തെന്നാല്‍ എഴുത്തിന്റെ അസ്വസ്ഥതകളില്‍ ജീവിക്കുകയെന്നതും മറ്റൊരു കവിതയില്‍ അകപ്പെടുകയെന്നതാണ്. ഇതെന്റെ കാമ്പസ് കാലഘട്ടത്തിന്റെ കവിതയുടെ വിഷം പുരട്ടിയ ജീവിതത്തിന്റെ വഴി നടപ്പും കൂടിയാണ്. സ്‌നേഹത്തിന്റെ വലിയ രാഷ്ട്രീയം പറഞ്ഞു തന്ന മനുഷ്യരിലേക്ക് എനിക്ക് പേറ്റ് മണം മാറാത്ത ഈ പുസ്തകവുമായി നടന്നു പോവേണ്ടതുണ്ട്.' പുസ്തകത്തിന്റെ ആമുഖത്തില്‍ രാഹുല്‍ എഴുതുന്നു.


Next Story

Related Stories