TopTop
Begin typing your search above and press return to search.

എന്റെ പിതാവിന്റെ ഒരു വര്‍ഷത്തെ ശമ്പള തുക വേണ്ടിവന്നു അമേരിക്കയില്‍ പഠിക്കാനെത്തിയ വിമാന ടിക്കറ്റ് വാങ്ങാന്‍: ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ (വീഡിയോ)

എന്റെ പിതാവിന്റെ ഒരു വര്‍ഷത്തെ ശമ്പള തുക വേണ്ടിവന്നു അമേരിക്കയില്‍ പഠിക്കാനെത്തിയ വിമാന ടിക്കറ്റ് വാങ്ങാന്‍: ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ (വീഡിയോ)

കോവിഡ് മഹാമാരി പടരുന്നതിനിടെയാണ് ലോകമെങ്ങും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങുന്നത്. ഇതിന്റെ ഭാഗമായി യു-ട്യൂബ് പ്രശസ്തരായ നിരവധി പേരെ കോര്‍ത്തിണക്കി പുതിയ പരിപാടി അവതരിപ്പിക്കുകയാണ്. ബരാക് ഒബാമ, മിഷേല്‍ ഒബാമ, ബിയോണ്‍സ്, ബില്ലി എല്ലിഷ്, ലേഡി ഗാഗ, സുന്ദര്‍ പിച്ചെ തുടങ്ങി നിരവധി പേരാണ് പുതുതായി പുറത്തുവരുന്ന ബിരുദദാരികളെ അഭിസംബോധന ചെയ്യുന്ന 'ഡിയര്‍ ക്ലാസസ് ഓഫ് 2020' എന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇതില്‍ ആല്‍ഫാബെറ്റ്-ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 'നിങ്ങള്‍ അതിജീവിക്കുക' തന്നെ ചെയ്യും എന്ന പ്രസംഗം വ്യാപക ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്.

"ഇതുപോലെ ഉത്സാഹമില്ലാത്ത കാലത്ത് പ്രതീക്ഷ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ എന്താണ് സംഭവിക്കുക എന്ന് ആദ്യമേ തന്നെ പറയട്ടെ, നിങ്ങള്‍ അതിജീവിക്കും", പിച്ചെ പറയുന്നു.

ലോകം മുമ്പും ഇതുപോലെ കടന്നുപോന്നിട്ടുള്ള ദുരന്തകാലഘങ്ങള്‍ പിച്ചെ ഓര്‍മിപ്പിക്കുന്നു. വലിയ മഹാമാരിയുടെ കാലത്താണ് 1920-ലെ ക്ലാസുകള്‍ കഴിയുന്നത്, 1970-ല്‍ വിയറ്റ്‌നാം യുദ്ധത്തിന്റെ ഇടയിലാണ് അക്കാലത്ത് കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങൂന്നത്, സെപ്റ്റംബര്‍ 11-നു മാസങ്ങള്‍ക്ക് മുമ്പാണ് 2001-ല്‍ ഇത് സംഭവിക്കുന്നത്- അദ്ദേഹം പറയുന്നു.

"ചരിത്രത്തിന്റെ ഈ വലിയ പരമ്പര നമ്മോട് പറയുന്നത് ഒറ്റ കാര്യമാണ്- നമുക്ക് പ്രതീക്ഷാഭരിതരാകാന്‍ കാരണങ്ങളുണ്ട്"- പിച്ചെ പറയുന്നു.

വരുന്ന തലമുറയിലുണ്ടാകുന്ന വളര്‍ച്ച എങ്ങനെയാണ് അടുത്ത തലമുറയുടെ വികാസത്തിന് അടിത്തറ പാകുന്നത് എന്ന് സ്വന്തം ഉദാഹരണത്തിലൂടെയാണ് പിച്ചെ വ്യക്തമാക്കുന്നത്. യാതൊരു വിധത്തിലുള്ള സാങ്കേതിക സംവിധാനങ്ങളും ഇല്ലാത്തിടത്താണ് താന്‍ ജനിച്ചു വളര്‍ന്നതെന്നും 10-ാം വയസിലാണ് വീട്ടില്‍ ടെലിഫോണ്‍ ലഭിച്ചതെന്നും പിച്ചെ പറയുന്നു. 1990-കളുടെ ആദ്യം അമേരിക്കയില്‍ ബിരുദപഠനത്തിന് വരുന്നതിന് മുമ്പ് തനിക്ക് സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പോലുമുള്ള സാഹചര്യമുണ്ടായിരുന്നില്ല. ടെലിവിഷനിലാകട്ടെ, ഒരു ചാനല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാലിന്ന് ലോകത്തെ ഏറ്റവും വലിയ ടെക്-കമ്പനി അദ്ദേഹം നടത്തുന്നു.

ഇന്ന് ടെക്‌നോളജിയുടെ വലിയ വികാസം നടന്ന ലോകത്താണ് നിങ്ങള്‍ ജീവിക്കുന്നത് എന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ തന്റെ തലമുറയ്ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത വികാസം അടുത്ത തലമുറയിലുടെ നിങ്ങള്‍ക്ക് സാധ്യമാകും എന്നും അദ്ദേഹം പറയുന്നു. "അതുകൊണ്ട് ചില കാര്യങ്ങള്‍ പിന്തുടരുക. അതിലൊന്ന് തുറന്ന മനസുള്ളവരായിരിക്കുക എന്നതാണ്. എനിക്കത് ടെക്‌നോളജിയായിരുന്നു".

"അമേരിക്കയില്‍ പഠിക്കാന്‍ വരാനുള്ള വിമാന ടിക്കറ്റ് എന്റെ പിതാവ് എടുത്തു തന്നത് ഒരു വര്‍ഷത്തെ മുഴുവന്‍ ശമ്പളത്തിനുള്ള തുകയ്ക്കാണ്" എന്നും സുന്ദര്‍ പിച്ചെ പറയുന്നു. "അന്ന് കാലിഫോര്‍ണിയയില്‍ വന്നിറങ്ങുമ്പോള്‍ അമേരിക്കയിലെ ജീവിതച്ചെലവ് വളരെ കൂടുതലാണെന്ന് എനിക്ക് മനസിലാകുന്നുണ്ട്. വീട്ടിലേക്ക് വിളിക്കണമെങ്കില്‍ രണ്ടു ഡോളര്‍ വേണം. അതെന്റെ പിതാവിന്റെ രണ്ടു മാസത്തെ ശമ്പളത്തിന് തുല്യമാണ്. ഊഷ്മളമായ കാലിഫോര്‍ണിയ കടല്‍ത്തീരം തണുത്തുറഞ്ഞു കിടന്നു. ഇന്ത്യയിലെ എന്റെ വീട്, ഇന്ന് എന്റെ ഭാര്യയായി തീര്‍ന്ന അന്നത്തെ കാമുകി ഒക്കെ ഞാന്‍ മിസ് ചെയ്തു".

"തുറന്ന മനസോടെ, അക്ഷമരായി, പ്രതീക്ഷാഭരിതരായിക്കുക", പിച്ചെ വിദ്യാര്‍ത്ഥികളോട് പറയുന്നു.


Next Story

Related Stories