'കൈതോല പായവിരിച്ച്, പാലോം പാലോം' എന്നിങ്ങനെ മലയാളികള്‍ ഏറ്റെടുത്ത ഒരു കൂട്ടം നാടന്‍ പാട്ടുകള്‍ ജിതേഷിന്റതായിരുന്നു. പ്രത്യേകിച്ചും കൈതോല പായവിരിച്ച് എന്ന നാടന്‍ പാട്ട്. അത് ജിതേഷ് രചിച്ചതാണെന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളികള്‍ തിരിച്ചറിഞ്ഞത്. ഫ്ളവേഴ്സിലെ കോമഡി ഉത്സവം എന്ന പരിപാടിയില്‍ ഈ ഗാനം രചിച്ചത് താന്‍ ആണെന്ന് ജിതേഷ് തുറന്നു പറയുന്നുണ്ട്. ഇപ്പോള്‍ ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ജിതേഷ് 1992ല്‍ എഴുതിയ നാടന്‍പാട്ടാണ് കൈതോല പായ വിരിച്ച് എന്നത്. എന്നാല്‍ മറ്റ് ഗായകരിലൂടെയാണ് പാട്ട് പ്രശസ്തമായത്. ഏട്ടന്റെ കുട്ടിയുടെ കാതുകുത്ത് നടക്കുമ്പോള്‍ സങ്കടം വന്നെന്നും, അതിനു ശേഷമാണ് 'കൈതോല പായവിരിച്ച്' എന്ന ഗാനം എഴുതിയതെന്ന് ജിതേഷ് പറയുന്നു. ഒപ്പം കൈതോല പായവിരിച്ച് പാടുന്നുമുണ്ട് ജിതേഷ്.
ഇന്ന് പുലര്‍ച്ചെയാണ് ജിതേഷിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 600-ഓളം നാടന്‍ പാട്ടുകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കഥപറയുന്ന താളിയോലകള്‍ എന്ന നാടകത്തിന്റെ രചയിതാവും, സംവിധായകനും, സംഗീതസംവിധായകനും ആയിരുന്നു. കൂടാതെ പന്ത് എന്ന സിനിമയ്ക്ക് ഗാനങ്ങള്‍ എഴുതുകയും, അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.