TopTop
Begin typing your search above and press return to search.

'മറ്റുള്ളവര്‍ക്കുവേണ്ടി വാശിപിടിക്കുന്ന എസ് പിബി '; ഓര്‍മ്മകള്‍ പങ്കിട്ട് ചിത്ര

മറ്റുള്ളവര്‍ക്കുവേണ്ടി വാശിപിടിക്കുന്ന എസ് പിബി ; ഓര്‍മ്മകള്‍ പങ്കിട്ട് ചിത്ര

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാടില്‍ ചെന്നൈയില്‍ നടന്ന പ്രാര്‍ഥന യോഗത്തില്‍ വികാരാധീനയായി ഗായിക കെ.എസ് ചിത്ര. എസ്പിബിക്കൊപ്പമുള്ള ഓര്‍മ്മകള്‍ ചിത്ര പങ്കുവെച്ചു. എസ്.പി.ബി തനിക്ക് ഗുരുതുല്യനായിരുന്നുവെന്നും തെലുങ്ക്, തമിഴ് ഭാഷകള്‍ പഠിച്ചെടുക്കാന്‍ അദ്ദേഹം തന്നെ സഹായിച്ചുവെന്നും ചിത്ര ഓര്‍മ്മിക്കുന്നു.

'1984 ല്‍ ആണെന്ന് തോന്നുന്നു. പുന്നഗൈ മന്നന്‍ എന്ന സിനിമയുടെ റെക്കോഡിങ്ങിനിടെയാണ് ഞാന്‍ എസ്.പി.ബിയെ ആദ്യമായി കാണുന്നത്. അദ്ദേഹത്തോടൊപ്പമാണ് ഞാന്‍ ഏറ്റവും അധികം പാട്ടുകള്‍ പാടിയിട്ടുള്ളത്. തെലുങ്ക് തമിഴ് വാക്കുകളുടെ ഉച്ചാരണം പഠിപ്പിച്ചത് അദ്ദേഹമാണ്. വാക്കുകളും അക്ഷരങ്ങളുമെല്ലാം പുസ്തകത്തില്‍ എഴുതി തരുമായിരുന്നു. അതിപ്പോഴും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. ഓരോ വാക്കിന്റെയും അര്‍ഥം, അതിന് നല്‍കേണ്ട ഭാവം അതെല്ലാം എസ്.പി.ബി സാര്‍ എന്നെ പഠിപ്പിച്ചു' ചിത്ര പറയുന്നു.

ഒരു വ്യക്തിയെന്ന നിലയില്‍ എസ്.പി.ബി സാര്‍ എല്ലാവര്‍ക്കും മാതൃകയാണ്. സഹജീവികളോട് കരുതലുള്ള ഒരു വ്യക്തി. ഒരു ഉദാഹരണം പറയാം. യു.എസില്‍ ഒരിക്കല്‍ ഒരു സംഗീത പരിപാടിയ്ക്ക് പോയിരുന്നു. മൂന്ന് ദിവസം തുടര്‍ച്ചയായി ഷോ ഉണ്ടായിരുന്നു. ഹോട്ടലില്‍ താമസിക്കാനായി ചെന്നപ്പോള്‍ സാറിന്റെ മുറി മാത്രമേ തയ്യാറായിട്ടുണ്ടായിരുന്നുള്ളു. മറ്റു മ്യുസിഷന്‍സിന്റെ മുറി അവര്‍ വൃത്തിയാക്കി കൊണ്ടിരിക്കുകയാണെന്നും അവര്‍ കാത്തിരിക്കണമെന്നും പറഞ്ഞു. എസ്.പി.ബി സാര്‍ മുറിയിലേക്ക് പോയില്ല. എല്ലാവര്‍ക്കും മുറി കിട്ടിക്കഴിഞ്ഞെ പോകു എന്ന് വാശി പിടിച്ചു. 'ഞാന്‍ പോയാല്‍ നിങ്ങള്‍ ഇവരെ കാര്യമായി ഗൗനിക്കുകയില്ല. അതെനിക്കറിയാം' എന്നായിരുന്നു അദ്ദേഹം ഇതിന് കാരണമായി പറഞ്ഞത് ചിത്ര കൂട്ടിച്ചേര്‍ത്തു.



Next Story

Related Stories