TopTop
Begin typing your search above and press return to search.

ലോക്ക്ഡൗൺ ലംഘിച്ച് കൂട്ടം കൂടിയവരെ 'എത്തമിടീച്ച്' കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര, മനുഷ്യാവകാശ ലംഘനമെന്ന് ആക്ഷേപം, ഡിജിപി വിശദീകരണം തേടി

ലോക്ക്ഡൗൺ ലംഘിച്ച് കൂട്ടം കൂടിയവരെ എത്തമിടീച്ച് കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര, മനുഷ്യാവകാശ ലംഘനമെന്ന് ആക്ഷേപം, ഡിജിപി വിശദീകരണം തേടി

കൊറോണ മുൻകരുതലിന്റെ ഭാഗമായി രാജ്യത്ത്‍ ലോക്ക്ഡൗൺ നിലനിൽക്കുകയാണ്. എന്നാൽ കേരളത്തിൽ ഉൾപ്പെടെ ഈ നിർദേശം നരവധി പേർ ലംഘിച്ചതോടെ പോലീസ് കർശന നടപടിയും കർശനമാക്കിയിരുന്നു. കേരളത്തിൽ പലയിടത്തും നിരോധനാജ്ഞ നിലനിൽക്കെ കൂട്ടം കൂടി പുറത്തിറങ്ങിയവരെ പോലീസ് മർദ്ദിച്ച് ആട്ടിയോടിക്കുന്ന സ്ഥിതിയും ഉണ്ടായി. ഇതോടെ പോലീസിന്റെ നടപടി വ്യാപക വിമർശനത്തിനും വിധേയമായി.

ആക്ഷേപങ്ങൾ പതിവായതോടെ മുഖ്യമന്ത്രി ഉൾപ്പെടെ ഇത്തരം നടപടികളെ അപലപിക്കുകയും പെരുമാറ്റത്തിൽ മാന്യത പുലർത്താനും നിർദേശിക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷവും നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്ത് ഇറങ്ങിയവരെ എത്തമിടീച്ച കണ്ണൂർ എസ്.പി യതീഷ് ചന്ദ്രയുടെ നടപടിയും ഇപ്പോൾ വ്യാപക വിമർശനത്തിന് വിധേയമാവുകയാണ്.

വിലക്ക് ലംഘിച്ച് റോ‍ഡിലിറങ്ങിയ മൂന്ന് മദ്ധ്യവയസ്കരെയാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റോഡിൽ വെയിലത്ത് നിർത്തി ഏത്തമിടീച്ചത്. ഇതിന്റെ വീഡിയോ സമുഹിക മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തു. എത്തമിടീയ്ക്കുന്നതിന് ഒപ്പം വിലക്ക് ലംഘിച്ചതിന് രൂക്ഷമായ ഭാഷയിൽ ഉപദേശിക്കുക കൂടി ചെയ്യുന്നുമുണ്ട് അദ്ദേഹം. ഇതിനിടെ പോലീസ് നടപടി ചോദ്യം ചെയ്യുന്ന സമീപത്തുള്ള സ്ത്രീയെ വിരട്ടി നിശബ്ദയാക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

വളപ്പട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട അഴീക്കലില്‍ രാവിലെ പെട്രോളിങിന് ഇറങ്ങിയ സമയത്താണ് തുറന്ന കടയ്ക്ക് സമീപം ആളുകള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ടത്. എസ്പി വണ്ടി നിര്‍ത്തിയതിന് പിന്നാലെ മൂന്ന് പേര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ മറ്റുള്ളവരെ വിളിച്ച് ചേര്‍ത്ത് നടുറോഡില്‍വച്ച് ഏത്തമിടിക്കുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പൊലീസ് ഏത്തമീടിക്കുന്ന സംഭവം ഉണ്ടായത്.

അതേസമയം, പോലീസ് നടപടിക്കെതിരെ വ്യാപക വിമർശനമാണ് നവമാധ്യമങ്ങളിൽ ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. നടപടി മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഇവരുടെ അരോപണം. അഭിഭാഷകനായ ഹരീഷ് വാസുദേവനാണ് ഇതിരെതിരെ രംഗത്തെത്തിയ വ്യക്തികളിൽ‌ ഒരാൾ. ജോലി സംബന്ധമായ ഫ്രഷ്‌ട്രേഷൻ അധികാര ദുർവിനിയോഗത്തിനുള്ള ന്യായമല്ലെന്ന് ചൂട്ടിക്കാട്ടുന്ന അദ്ദേഹം പൗരന്മാരുടെ അന്തസ്സിനെ പറ്റി ഉൽകണ്ഠയുള്ള ഒരു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നൽകിയ വാക്കിനു പുല്ലുവിലയാണ് ഇത്തരക്കാർ കല്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, വിമർശനം ശക്തമായതോടെ സംഭവത്തിൽ ഡിജിപി ഇടപെടുകയും ചെയ്തു. എത്തമിടീച്ച നടപടിയിൽ ഡിജിപി ലോക്നാഥ് ബെഹ്റയാണ് യതീഷ് ചന്ദ്രയോട് വിശദീകരണം ആവശ്യപ്പെട്ടത്.


Next Story

Related Stories