TopTop
Begin typing your search above and press return to search.

തിരിച്ചെത്തുമോ വെള്ളൂരിന്റെ യന്ത്രതാളം?

തിരിച്ചെത്തുമോ വെള്ളൂരിന്റെ യന്ത്രതാളം?

വെള്ളൂര്‍ എച്ച് എന്‍ എല്‍ ടൗണ്‍ഷിപ്പിനുള്ളിലെ ഇഎസ്‌ഐ ജംഗ്ഷന്‍. സമയം ഉച്ച തിരിഞ്ഞ് മൂന്ന് മണി. ഒരു കാലത്ത് വാഹനങ്ങളുടെ തിരക്കൊഴിയാതിരുന്ന നിരത്തിന്റെ ലക്ഷണം ഒന്നുമില്ലാതെ, ഒറ്റയ്ക്കും തറ്റയ്ക്കും ഇടക്ക് കടന്ന് പോവുന്ന ഓട്ടോറിക്ഷകളും ടൂവീലറുകളുമൊഴിച്ചാല്‍ റോഡ് ഏറെക്കുറെ വിജനമാണ്. മഞ്ഞ പെയിന്റടിച്ച രണ്ട് നില ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ ആള്‍ത്താമസമുണ്ടെങ്കിലും അതിന്റേതായ ലക്ഷണങ്ങളൊന്നുമില്ലാതെ ഉറങ്ങിക്കിടക്കുന്നു. പുറത്തോ റോഡിലോ ഒരാളെ പോലും കാണാനില്ല. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ ഒരാള്‍ മൂന്ന് മഞ്ഞ കവറുകളുമായി നടന്നു വന്നു. ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങളുടെ നടുവിലൂടെയുള്ള റോഡ് തുടങ്ങുന്നയിടത്ത് മരപ്പലകകളടിച്ച് ചേര്‍ത്തുണ്ടാക്കിയ ഒരു തട്ട് മൂടിയിട്ടിട്ടുണ്ട്. അവിടേക്ക് പതിയെ നടന്നടുത്ത അയാള്‍ കവറുകള്‍ നിലത്ത് വച്ച് തട്ട് വൃത്തിയാക്കി. കവറിനുള്ളില്‍ കരുതിയിരുന്ന മീനുകള്‍ കൈ കൊണ്ട് വാരി തട്ടില്‍ ഓരോ ഭാഗത്തായി നിരത്തി. കുറച്ച് മത്തിയും കൊഴുവയുമാണ് തട്ടില്‍. മൂന്നാമത്തെ കവറില്‍ കക്കയാണ്. അത് കവറോട് കൂടി തന്നെ തട്ടിലേക്ക് വച്ച് അയാള്‍ നിവര്‍ന്ന് നിന്നു. ' മാത്തന്‍ ചേട്ടോയ്.. ഇന്നെന്നാ താമസിച്ചോ?' ഇളം ലാവന്‍ഡര്‍ നിറത്തില്‍ യൂണിഫോമെന്ന് തോന്നിക്കുന്ന കുപ്പായമിട്ട ചെറുപ്പക്കാരന്‍ മീന്‍ വില്‍പ്പനക്കാരനോട് ചോദിച്ചു. ' ഇച്ചിരി താമസിച്ചെടാ വേ..' അയാള്‍ മറുപടി നല്‍കി. 'മീഡിയാക്കാരാണെങ്കില്‍ ദേ ഈ പുള്ളിയാണ് ഏറ്റവും ബെസ്റ്റ്.' ഞങ്ങളോടായി ആ ചെറുപ്പക്കാരന്‍ പറഞ്ഞു. പിന്നീട് മാത്തന്‍ ചേട്ടനാണ് സംസാരിച്ചത്. മീന്‍ കച്ചവടക്കാരനായ മാത്തന്‍ ചേട്ടന്റെ യഥാര്‍ഥ പേര് പി സി മാത്യു. വെള്ളൂര്‍ സ്വദേശി. 48 വയസ്സ്. തന്റെ ചെറുപ്പ കാലത്ത് ഇവിടെ ഒരു കമ്പനി തുടങ്ങാന്‍ പോവുന്നു എന്ന് കേട്ടത് മുതല്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനിയുടെ ഭാഗമായയാള്‍. ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തപ്പോള്‍ മാത്യുവിന്റെ കുടുംബ വക ഭൂമിയും ഏറ്റെടുത്തിരുന്നു. സ്ഥലം നല്‍കിയവര്‍ക്കെല്ലാം തൊഴില്‍ എന്ന സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ഥ്യമായപ്പോള്‍ മാത്യുവിനും ന്യൂസ് പ്രിന്റ് ഫാക്‌റിയില്‍ ജോലി കിട്ടി. പിന്നെ കമ്പനി തൊഴിലാളിയായി മുപ്പത് വര്‍ഷത്തോളം. അതിനിടയിലാണ് കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നത്. ശമ്പളമില്ലാതെ നാളുകള്‍. രണ്ട് മക്കള്‍ സ്‌കൂളില്‍ പഠിക്കുന്നു. വീട്ട് ചെലവും മക്കളുടെ പഠനവും ജീവിതവും എങ്ങനെ മുന്നോട്ട് പോവുമെന്നാലോചിച്ച് മാസങ്ങള്‍ നീങ്ങി. ഒപ്പം കമ്പനി തുറക്കുമെന്ന പ്രതീക്ഷയും. പക്ഷെ കമ്പനിയില്‍ നിന്ന് ഒരു തുണ്ട് ന്യൂസ് പ്രിന്റ് പോലും പുറത്ത് വന്നില്ല. പട്ടിണിയായപ്പോള്‍ മാത്യു മീന്‍ കച്ചവടത്തിനിറങ്ങി. എല്ലാ ദിവസവും മൂന്ന് മണിയാവുമ്പോള്‍ ഇഎസ്‌ഐ ജംഗ്ഷനില്‍ വന്ന് മീനുകള്‍ നിരത്തിയുള്ള കാത്തിരിപ്പ്...

'ഞാന്‍ കമ്പനിയിലെ സ്ഥിരം ജീവനക്കാരനായിരുന്നു. ഇപ്പോ കുറേ നാളായി ജോലിയില്ലാതെ ബുദ്ധിമുട്ടില്‍...' മാത്യുവിന്റെ വാക്കുകള്‍ ഇടയില്‍ മുറിഞ്ഞു. കണ്ണുകള്‍ നിറഞ്ഞൊഴുകി. 'അതുകൊണ്ട് ഇപ്പോ മീനിന്റെ ബിസിനസിലേക്ക് മാറേണ്ടി വന്നു. അതുകൊണ്ട് വലിയ മെച്ചമുണ്ടായിട്ടല്ല. പിന്നെ ജീവിക്കാന്‍ വേണ്ടി ചെയ്യുന്നു. ആദ്യം പുറത്ത് പ്ലംബിങ് ജോലിയിലായിരുന്നു. പിന്നെ അകത്ത് പല മേഖലകളിലും ജോലി ചെയ്തു. ഇപ്പോള്‍ പഴയ പേപ്പറെടുത്ത് പള്‍പ്പാക്കുന്ന ഡിപ് പ്ലാന്റിലെ ഡ്രൈവറാണ് ഞാന്‍. കമ്പനി ഓടിക്കൊണ്ടിരുന്നപ്പോള്‍ ജോലിയുണ്ടായിരുന്നു, ശമ്പളമുണ്ടായിരുന്നു. കുറേയായി ജോലിയുമില്ല ശമ്പളവുമില്ല. എനിക്ക് രണ്ട് മക്കളാണ്. മൂത്തയാള്‍ ഒമ്പതിലും രണ്ടാമത്തെയാള്‍ ആറിലും. ഭാര്യക്ക് ഇവിടെ ചെറിയ ജോലിയുണ്ടായിരുന്നു. അടുത്തയിടെ എറണാകുളത്ത് എണ്ണക്കമ്പനിയില്‍ ചെറിയ ഒരു പരിപാടി കിട്ടി. നാട്ടിന്‍ പുറത്തെങ്ങും വേറെ ജോലിയില്ല. വേറെ എവിടെയെങ്കിലും ജോലിക്ക് പോണമെങ്കില്‍ കമ്പനിയില്‍ നിന്ന് എല്ലാ രേഖകളും വാങ്ങിക്കണം. പോവുകയാണെന്ന് എഴുതികൊടുക്കണം. അങ്ങനെ ചെയ്താല്‍ കിട്ടാനുള്ള ആനുകൂല്യത്തെ ബാധിക്കും. അങ്ങനെ വന്നപ്പോള്‍ മീന്‍ കച്ചവടം തുടങ്ങി. ഉച്ചക്ക് ശേഷമുള്ള പരിപാടിയേ ഉള്ളൂ. പക്ഷെ വലിയ കച്ചവടമൊന്നുമില്ല. മീന്‍ മേടിക്കാന്‍ ഇവിടെ ആരുടെ കയ്യിലും പൈസയില്ലല്ലോ. പിന്നെ കുടുംബം നടത്താന്‍ നമ്മുടെയും ഒരു സപ്പോര്‍ട്ട്.'

ഒരു കാലത്ത് കോടികള്‍ ആദായം കൊയ്ത കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഫാക്ടറിയുടെ ഇന്നത്തെ അവസ്ഥയുടെ പ്രതീകമാണ് പി സി മാത്യു. ഒരു വര്‍ഷത്തോളമായി എച്ച്എന്‍എല്‍ പ്രവര്‍ത്തിക്കുന്നില്ല. തൊഴിലാളികള്‍ക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഫാക്ടറിയില്‍ നിലക്കാതെ സൈറണ്‍ മുഴങ്ങുന്നുണ്ട്. ഷിഫ്റ്റ് മാറുന്നതിനനുസരിച്ചും ഭക്ഷണ സമയം ഓര്‍മ്മിപ്പിച്ചുകൊണ്ടും അതാത് ഇടവേളകളില്‍ സൈറണ്‍ കേള്‍ക്കാം. ഇങ്ങനെയൊരു ഫാക്ടറി ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന് തെളിവ് അത് മാത്രം. പ്രവര്‍ത്തന മൂലധനമില്ലാതെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചെങ്കിലും തൊഴിലാളികളില്‍ ചിലരെങ്കിലും മുടങ്ങാതെ ജോലിക്കെത്തുകയും ഹാജര്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. ശമ്പളമില്ലാതെ ജീവിതം പ്രതിസന്ധിയിലായപ്പോള്‍ കമ്പനിയിലെ ഭൂരിഭാഗം പേരും മറ്റ് തൊഴിലുകള്‍ അന്വേഷിച്ചിറങ്ങി. അവര്‍ പോലും മുടങ്ങാതെ കമ്പനിയിലെത്തി ഹാജര്‍ വക്കുന്നുണ്ട്. എന്നെങ്കിലും ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ച് യന്ത്രങ്ങള്‍ ഓടിത്തുടങ്ങി തങ്ങളുടെ ജീവിതവും പച്ച പിടിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളെല്ലാം. ഇന്ന് മാത്യുവുള്‍പ്പെടെയുള്ളവര്‍ക്ക് നേരിയ ആശ്വാസമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കമ്പനി വീണ്ടും പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷ ഇവരെ തെല്ല് സന്തോഷിപ്പിക്കുന്നുണ്ട്. നാളുകളുടെ അനിശ്ചിതത്വത്തിനൊടുവില്‍ നുറുങ്ങ് പ്രതീക്ഷ നല്‍കുന്നതാണ് ഇവരെ തേടിയെത്തിയ വാര്‍ത്തകള്‍. കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വച്ച പൊതു മേഖലാ സ്ഥാപനം ഏറ്റെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം വച്ചിരുന്നു. ഈ നിര്‍ദ്ദേശം കമ്പനി ലിക്വിഡേറ്റര്‍ അംഗീകരിച്ചു. എച്ച്എന്‍എല്ലിന്റെ മുഴുവന്‍ ഓഹരികളും 25 കോടി രൂപക്ക് സംസ്ഥാന സര്‍ക്കാരിന് കൈമാറാനാണ് നിലവില്‍ ധാരണയായത്. 430 കോടി രൂപയുടെ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കും. കമ്പനി ഏറ്റെടുക്കലിന് ഇനിയും കടമ്പകളുണ്ടെങ്കിലും ആദ്യം ഇതിന് തടസ്സം നിന്ന ലിക്വിഡേറ്റര്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം അംഗീകരിച്ചത് വലിയ ആശ്വാസമായാണ് തൊഴിലാളികള്‍ കരുതുന്നത്. തങ്ങളുടെ ദുരിത ജീവിതം അവസാനിക്കുന്നത് എന്നെന്ന കാത്തിരിപ്പിലാണ് എല്ലാവരും. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ പ്രവര്‍ത്തനം നിലച്ചത് മുതല്‍ അത്രത്തോളം പ്രതിസന്ധിയിലാണ് ഒരു ഗ്രാമം 'തിരിച്ചെത്തുമോ വെള്ളൂരിന്റെ യന്ത്രതാളം?' കെ ആര്‍ ധന്യ തയ്യാറാക്കിയ ഡോക്യുമെന്ററി കാണാം:


Next Story

Related Stories