TopTop
Begin typing your search above and press return to search.

'പാര്‍ട്ടി ഓഫീസ് തകര്‍ത്തെങ്കില്‍ നന്നാക്കിത്തരാം, പകരം രണ്ട് പേരുടെ ജീവന്‍ തിരിച്ച് തരുമോ', ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രതിനിധിയോട് എം സ്വരാജ്

പാര്‍ട്ടി ഓഫീസ് തകര്‍ത്തെങ്കില്‍ നന്നാക്കിത്തരാം, പകരം രണ്ട് പേരുടെ ജീവന്‍ തിരിച്ച് തരുമോ, ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രതിനിധിയോട് എം സ്വരാജ്

തൃശ്ശൂര്‍ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊത്ത സംഭവത്തില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎല്‍എ എം സ്വരാജ്. തിരിച്ചടി ഉണ്ടാവരുത് എന്ന പാര്‍ട്ടി തീരുമാനിച്ചതാണ് സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാത്തത് എന്ന് എന്ന വ്യക്തമാക്കിയായിരുന്നു സ്വരാജിന്റെ പ്രതികരണം. മാതൃഭൂമി ന്യൂസ് സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു പ്രതികരണം.

വെഞ്ഞാറമൂടില്‍ സിപിഎം പ്രവര്‍ത്തകരായ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭത്തിന് പിന്നാലെ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് പ്രതിനിധിക്ക് മറുപടിയായിട്ടായിരുന്നു സ്വരാജിന്റെ പ്രതികരണം. പാര്‍ട്ടി ഓഫീസ് ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ 'നിങ്ങളുടെ ഓഫിസും കൊടി മരവും തിരിച്ചു തരാം പകരം ഞങ്ങളുടെ നഷ്ട്ടപ്പെട്ട രണ്ടു ജീവനുകള്‍ തിരിച്ചു തരാമോ' എന്ന ചോദ്യമായിരുന്നു സ്വരാജ് ചര്‍ച്ചയില്‍ ഉന്നയിച്ചത്.

കൊലപാതകത്തെ അപലപിച്ച് നേരത്തെ ഫേസ്ബുക്കിലും സ്വരാജ് വികാരപരമായ കുറിപ്പ് പങ്കുവച്ചിരുന്നു.

അരുംകൊലകൾ അറുതിയില്ലാതെ ....

കേരളത്തിലെ പ്രധാനപ്പെട്ട സർക്കാരാശുപത്രികളിലെല്ലാം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വർഷങ്ങളായി ഉച്ചഭക്ഷണമെത്തിയ്ക്കുന്നത് DYFl ആണ്. ഹൃദയപൂർവമെന്ന മഹത്തായ ഉച്ചഭക്ഷണ പരിപാടിയ്ക്കായി പൊതിച്ചോറു സംഘടിപ്പിയ്ക്കാൻ ഇന്നലെ ഓടി നടന്ന ഒരു ചെറുപ്പക്കാരനിപ്പോൾ തൃശൂരിൽ ചോരയിൽ കുളിച്ചു ചലനമറ്റു കിടക്കുന്നു. സ .സനൂപ് DYFl മേഖലാ ജോ. സെക്രട്ടറിയാണ്. CPI(M) ബ്രാഞ്ച് സെക്രട്ടറിയാണ്. സംഘപരിവാർ ഭീകരരാണ് കൊന്നു തള്ളിയത്.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അരുംകൊല ചെയ്യപ്പെടുന്ന നാലാമത്തെ ചെറുപ്പക്കാരനാണ് സനൂപ്. RSS ഉം കോൺഗ്രസും ആയുധങ്ങൾ തേച്ചു മിനുക്കുന്നു. കമ്യൂണിസ്റ്റുകാർ ഓരോരുത്തരായി കൊല്ലപ്പെടുന്നു. കേരളം ചോരയിൽ കുതിരുമ്പോൾ മൗനം പാലിയ്ക്കുന്നവർ കൊലയാളികൾക്കൊപ്പമാണ്. ഇന്നത്തെ മുഖ്യധാരാ പത്രങ്ങളുടെ പല എഡിഷനുകളിലും ഈ വാർത്തയേ ഇല്ലത്രെ. വാർത്ത കൊടുത്തചില എഡിഷനുകളിൽ അതു കാണണമെങ്കിൽ പത്രം സൂക്ഷ്മപരിശോധന നടത്തണം.

പത്രാധിപന്മാർ മഷി നിറച്ച പേനയുമായി കാത്തിരിപ്പാണ് കൊലപാതക രാഷ്ട്രീയത്തിനെതിരെ മുഖപ്രസംഗമെഴുതാൻ. പരമ്പരകളുമായി ലേഖകരും അക്ഷമരാണ്. പക്ഷേ പ്രതിസ്ഥാനത്ത് കമ്യൂണിസ്റ്റുകാർ വരണമെന്നു മാത്രം. അപ്പോഴെ കേരളത്തിൽ മാധ്യമങ്ങളാൽ കൊലപാതകങ്ങൾ എതിർക്കപ്പെടൂ.

കൊല്ലപ്പെടുന്നവൻ്റെ മുഖവും പിടിച്ച കൊടിയുടെ നിറവും നോക്കി മാത്രം പിറക്കുന്ന മുഖപ്രസംഗങ്ങൾക്കും ലേഖന പരമ്പരകൾക്കും വാർത്തകൾക്കും നാടിനെ സമാധാനത്തിലേയ്ക്ക് നയിക്കാനാവില്ല. കൊലയാളികളെ ചിറകിൻ കീഴിലൊളിപ്പിച്ച് സമാധാനത്തെക്കുറിച്ച് ഉപന്യാസമെഴുതുന്നതിനേക്കാൾ വലിയ നെറികേടും ക്രൂരതയും വേറെയില്ല .

കൊലയാളികളെ തുറന്നു കാണിച്ചും ഒറ്റപ്പെടുത്തിയും മാത്രമേ നാട്ടിൽ സമാധാനം നിലനിർത്താനാവൂ . മണ്ണിൽ നിലയ്ക്കാതെ ചോരയൊഴുകുമ്പോൾ മൗനം പാലിയ്ക്കുന്നവർ കൊലയാളികളെ സഹായിക്കുകയാണ് ചെയ്യുന്നത്. സ. സനൂപിൻ്റെ മരണമില്ലാത്ത ഓർമകൾക്കു മുന്നിൽ തലകുനിയ്ക്കുന്നു. ഒരു പിടി രക്തപുഷ്പങ്ങൾ... എം സ്വരാജ്.
Next Story

Related Stories