TopTop
Begin typing your search above and press return to search.

ഇത് മൃഗ സ്‌നേഹമല്ല, മനേക ഗാന്ധിയുടേത് വിദ്വേഷ രാഷ്ട്രീയം

ഇത് മൃഗ സ്‌നേഹമല്ല, മനേക ഗാന്ധിയുടേത് വിദ്വേഷ രാഷ്ട്രീയം

സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. മൃഗങ്ങളോട് മനുഷ്യര്‍ കാണിക്കുന്ന ക്രൂരതകളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ് ഈ സംഭവം. ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചാ വിഷയമായതോടെ നിരവധി പേരാണ് സംഭവത്തെ അപലപിച്ചു രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ സംഭവത്തെക്കുറിച്ച് ബിജെപി എംപി യും മൃഗാവകാശ പ്രവര്‍ത്തകയുമായ മേനക ഗാന്ധി നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. ആനയുടെ മരണത്തെ വിദ്വേഷ പ്രചരണത്തിനുള്ള അവസരമാക്കിയിരിക്കുകയാണ് മനേക ഗാന്ധി.

സൈലന്റ് വാലി ദേശീയോദ്യാനത്തില്‍, അതായത് പാലക്കാട് ജില്ലയില്‍ നടന്ന സംഭവത്തില്‍ മലപ്പുറം ജില്ലയേയും അവിടെയുള്ള ജനവിഭാഗത്തേയുമാണ് മനേക ഗാന്ധി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. മലപ്പുറം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട നാടാണെന്നു പറഞ്ഞുകൊണ്ടാണ് മനേക ഗാന്ധി കേരളത്തില്‍ വ്യാപകമായി ആനകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് പറയുന്നത്.

എന്നാല്‍ ആന ചരിഞ്ഞത് മലപ്പുറത്തല്ലെന്നും പാലക്കാടാണെന്നു നിരവധി പേര്‍ മനേക ഗാന്ധിയുടെ ട്വീട്ടിന് താഴെ ചൂണ്ടിക്കാണിച്ചെങ്കിലും അവര്‍ പ്രസ്താവന മാറ്റിയില്ല എന്നു മാത്രമല്ല ആരോപണം കൂടുതല്‍ കടുപ്പിക്കുകയും ചെയ്തു. നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പടെയുള്ളവര്‍ മേനക ഗാന്ധിയുടെ പ്രസ്താവനയെ എതിര്‍ത്തു കൊണ്ട് രംഗത്തെത്തി.

ഇതിയുമുണ്ട് ആരോപണങ്ങള്‍, മലപ്പുറത്ത് റോഡില്‍ വിഷം വിതറി നൂറുകണക്കിന് പക്ഷികളെയും നായ്ക്കളെയും കൊല്ലുന്നുണ്ടെന്നും അവര്‍ പറയുന്നു. കേരള സര്‍ക്കാരിന് മലപ്പുറത്തു നടക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും ചെയ്യാന്‍ ഭയമാണെന്നും രാഹുല്‍ ഗാന്ധി ഈ പ്രദേശത്തു നിന്നാണെന്നുമെല്ലാമുള്ള വാസ്തവ വിരുദ്ധമായ കാര്യവും അവര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. കേരളത്തിലെ വനമന്ത്രി കെ. രാജുവും വനംവകുപ്പ് ഉദ്യോഗസ്ഥരും ഒന്നിനും കൊള്ളാത്തവരാണെന്നും അവര്‍ ആക്ഷേപിക്കുന്നുണ്ട്.

ആനയ്ക്ക് സ്ഫോടക വസ്തു നല്‍കിയത് തെറ്റു തന്നെ. അതിനെ ഞായീകരിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ ഒരു സംഭവത്തെ വര്‍ഗീയ വത്കരിക്കുന്നതിനും, കേരളത്തെ ആക്രമിക്കാനുള്ള ആയുധമാക്കുന്നതിനും എതിരെ മലയാളികള്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.


Next Story

Related Stories