TopTop
Begin typing your search above and press return to search.

റിയ ചക്രബര്‍ത്തി ജയിലിലായി, ഇനി കങ്കണയുടെ വീടിനു മുന്നില്‍; പോസ്റ്റ്‌മാനെ വളഞ്ഞിട്ടാക്രമിച്ച് മാധ്യമങ്ങള്‍ (വീഡിയോ)

റിയ ചക്രബര്‍ത്തി ജയിലിലായി, ഇനി കങ്കണയുടെ വീടിനു മുന്നില്‍; പോസ്റ്റ്‌മാനെ വളഞ്ഞിട്ടാക്രമിച്ച് മാധ്യമങ്ങള്‍ (വീഡിയോ)

സുഷാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയാ ചക്രവര്‍ത്തിക്ക് നേരെ നടത്തിയ മാധ്യമ വേട്ടയുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും യാതൊരു മാറ്റവുമില്ലെന്ന് തെളിയിച്ച് മാധ്യമങ്ങള്‍. റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തതോടെ ബോളിവുഡ് നടി കങ്കണ റാണൗട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളാണ് മാധ്യമങ്ങളുടെ പുതിയ വിഷയം. അതിന് ഇന്ന് ഇരയായത് ഒരു പോസ്റ്റ്മാനും.

കങ്കണയുടെ വീടും ഓഫീസും ഇരിക്കുന്ന സ്ഥലങ്ങളില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിഎംസി ഇന്ന് ഈ ഭാഗങ്ങള്‍ പൊളിച്ചു നീക്കിയിരുന്നു. ഇതിനിടെ ബോംബെ ഹൈക്കോടതിയെ സമീപിച്ച കങ്കണ അനുകൂലമായ ഉത്തരവ് സമ്പാദിക്കുകയും പൊളിക്കല്‍ നിര്‍ത്തിവയ്പിക്കുകയും ചെയ്തു. ഇതിനിടെ കങ്കണയുടെ വീട്ടിലേക്ക് കത്തുകളുമായി വന്ന പോസ്റ്റ്മാനാണ് മാധ്യമങ്ങളുടെ കൈയില്‍പ്പെട്ടത്. എന്താണ് കത്തിലുള്ളത്, എവിടെ നിന്നാണ് എന്നു തുടങ്ങിയ ചോദ്യം ചെയ്യലില്‍ താന്‍ പോസ്റ്റ്മാനാണെന്നും തന്റേത് സര്‍ക്കാര്‍ കാര്യമാണെന്നും അദ്ദേഹം പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ആരൊക്കെയാണ് കങ്കണയുടെ വീട്ടില്‍ ഉള്ളത്, അവിടെ എന്താണ് നടക്കുന്നത് എന്നൊക്കെയായി തുടര്‍ന്നുള്ള ചോദ്യങ്ങള്‍. അതിനിടെ, ചില മാധ്യമ പ്രവത്തകര്‍ അലറി വിളിക്കുന്നതും കേള്‍ക്കാം.

നേരത്തെ റിയാ ചക്രബര്‍ത്തിയുടെ വീട്ടില്‍ ഭക്ഷണവുമായെത്തിയയാളെ മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് പുറത്തുവന്നിരുന്നു. ഇതിനു സമാനമായ രീതിയിലാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുമ്പാകെ ഹാജരാകാനെത്തിയപ്പോള്‍ റിയ നേരിടേണ്ടി വന്നത്. മാധ്യമങ്ങളുടെ തിക്കും തിരക്കും മൂലം അവര്‍ക്ക് മുന്നോട്ടു നീങ്ങാന്‍ പോലുമാകാത്ത സ്ഥിതിയുണ്ടായി. ഇതിനു പുറമെയാണ് റിയയേയും കുടുംബത്തേയും വേട്ടയാടിക്കൊണ്ടുള്ള സ്റ്റുഡിയോ റൂം ചര്‍ച്ചകളും മാധ്യമ വിചാരണകളും അരങ്ങേറിയത്. റിപ്പബ്ലിക് ടിവിയുടെ ഈ രീതിയിലുള്ള പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് അവരുടെ ജേര്‍ണലിസ്റ്റ് ശാന്തശ്രീ സര്‍ക്കാര്‍ ഇന്നലെ രാജി വയ്ക്കുകയൂം ചെയ്തിരുന്നു.



Next Story

Related Stories