TopTop
Begin typing your search above and press return to search.

'ചെലോല്‍ത് റെഡ്യാവും ചെലോല്‍ത് റെഡ്യാവൂല, എന്റേത് റെഡ്യായില്ല.... അങ്ങനെ ആയാലും ഞമ്മക്കൊരു കുഴപ്പൂല' സോഷ്യൽ മീഡിയയിലെ മോട്ടിവേറ്റർ താരം മുഹമ്മദ് ഫായിസ് ഇവിടെയുണ്ട്

ചെലോല്‍ത് റെഡ്യാവും ചെലോല്‍ത് റെഡ്യാവൂല, എന്റേത് റെഡ്യായില്ല.... അങ്ങനെ ആയാലും ഞമ്മക്കൊരു കുഴപ്പൂല സോഷ്യൽ മീഡിയയിലെ മോട്ടിവേറ്റർ താരം മുഹമ്മദ് ഫായിസ് ഇവിടെയുണ്ട്

ഞാന്‍ ബുക്ക് അട്ടിക്കെച്ച് എടുത്തതാ.. സെല്‍ഫ്യാക്കിങ്ങാണ്ട്... ആ വീഡിയോ കഴിഞ്ഞ ബുധനാഴ്ച എട്ത്തതാണ്.. ഇച്ച് യൂട്യൂബ് ചാനലൊന്നുല്ലായിരുന്നു..ഇന്നൊരു യുട്യൂബ് ചാനല്‍ തുടങ്ങീറ്റ്ണ്ട്..

സാമൂഹിക മാധ്യമങ്ങളില്‍ വയറലായ പൂവ് ഉണ്ടാക്കൽ വീഡിയോയിലൂടെ താരമായ, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത കീഴ്‌ശ്ശേരി കുഴിമണ്ണയിലെ ഇസ്സത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ' തന്റെ കടലാസു കൊണ്ട് പൂവുണ്ടാക്കി പ്രസിദ്ധനായ കഥ പറഞ്ഞ് തുടങ്ങിയത് ഇങ്ങനെയാണ്.

ഈ വീഡിയോ എങ്ങിനെയാണ് പുറത്തേക്കെത്തിയത്, താത്തമാര്‍ പറ്റിച്ചതാണോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: തര്‍വാട്ട്‌ത്തെ ഒരാള്‍ക്ക് വിട്ടപ്പോ, തര്‍വാട്ട്‌ത്തോര്‍ വേറാള്‍ക്കാര്‍ക്ക് വിട്ടൊടുത്തു, ഫാമിലി ഗ്രൂപ്പ്‌ക്കൊക്കെ വിട്ടുപ്പോ, കൊടു‌ത്തോരൊക്കെ വിട്ട് വിട്ട് പോയതാണ്..

മുഹമ്മദ് ഫായിസിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ കുറിച്ച് സഹോദരിയും ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായ ഫാലിഹയാണ് സംസാരിച്ചത്.

'' ഞങ്ങള്‍ അല്ല ഗ്രൂപ്പിലേക്ക് വിട്ടത്. ഞങ്ങള്‍ ഇത് ഇങ്ങനെ ആകുമെന്ന് വിചാരിച്ചിട്ട് പോലുമില്ല. ഞാനാണ് ഫസ്റ്റ് കണ്ടത്. മൊബൈലിലെ ഗ്യാലറി ഡിലീറ്റാക്കാന്‍ വേണ്ടി നോക്കിയപ്പോഴാണ് ഇത് കണ്ടത്. ഞാന്‍ കുറെ കണ്ട് ചിരിച്ചു, ഞാന്‍ ചിരിക്കുന്നത് കണ്ട് ഉമ്മ വന്നു. നിങ്ങളുടെ മോന്‍ കാട്ടി വെച്ചത് നോക്കാണി എന്ന് പറഞ്ഞ് ഉമ്മാക്ക് കാണിച്ച് കൊടുത്തു. ഉമ്മയും ഞാനും ഇത് കണ്ട് കുറെ ചിരിച്ചു, ചിരിച്ച് ചിരിച്ച് ഞങ്ങള്‍ക്ക് കണ്ണില്‍ നിന്ന് വരെ വെള്ളം വന്നു.. അങ്ങനെ ഉപ്പച്ചിക്കും വിട്ടു കൊടുത്തു. പിന്നെ, പിറ്റെ ദിവസം എളാപ്പയുടെ മകള്‍ വീട്ടില്‍ വന്നിരുന്നു. അവള്‍ വന്നപ്പോള്‍, ഫായിസിന് വലിയ കുറുമ്പൊന്നുമില്ല, അവന്‍ അധികം സംസാരിക്കുകയൊന്നുമില്ല, നല്ല കുട്ടിയാണ എന്നൊക്കെ പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, ആള്‍ കൂടുതല്‍ മീണ്ടൂല്ലങ്കിലും അവന്‍ ഒരു വീഡിയോ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അത് അവള്‍ക്കും കാണിച്ചു കൊടുക്കുകയായിരുന്നു. അവള്‍ അത് ഞങ്ങളുടെ കുടുംബ ഗ്രൂപ്പിലിട്ടു. അവിടെ ഞങ്ങളുടെ എളാപ്പയാണ് പുറത്തേക്കുവിട്ടത് ''.

ഫായിസിന്റെ വീഡിയോയിലെ മോട്ടിവേഷണല്‍ പോയിന്റൊന്നും ഞങ്ങള്‍ക്ക് ഇത് കണ്ടപ്പോള്‍ മനസ്സിലായിരുന്നില്ല എന്നാണ് സഹോദരി ഫാലിഹ പറഞ്ഞു. വീഡിയോ വൈറലായതിന് ശേഷമാണ് ഞങ്ങള്‍ക്ക് വീഡിയോ എന്ത് കൊണ്ടാണ് ചര്‍ച്ചയായത് എന്ന് മനസ്സിലായത്. ഓരോര്‍ത്തര്‍ മെസ്സേജ് അയക്കുമ്പോഴാണ് ഞങ്ങള്‍ അത് ശ്രദ്ധിക്കുന്നത് എന്നാണ് ഫാലിഹ പറഞ്ഞത്.

ഇപ്പോള്‍ നിരവധി ആളുകളാണ് മുഹമ്മദ് ഫായിസിനെ തേടി വീട്ടിലേക്ക് വരുന്നത്. വീഡിയോ വൈറലായതിന് ശേഷം കുറേ ആളുകള്‍ വിളിച്ചിരുന്നു, കുറേ ആള്‍ വന്നും ചെയ്തു എന്നാണ് ഫായിസ് പറഞ്ഞത്.

ഹായ് ഫ്രണ്ട്‌സ് ഇന്ന് ഞമ്മള്‍ ഇണ്ടാക്കാന്‍ പോകുന്നത് ഒരു പൂവാണ്, ഇങ്ങന്ത്ത പൂവ് എന്ന് പറഞ്ഞ് കൊണ്ടാണ് ഫായിസ് തന്റെ വീഡിയോ തുടങ്ങുന്നത്... പേപ്പറും പെന്‍സിലും കത്രികയും മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന പൂവ് പക്ഷെ, ഫായിസ് ഉദ്ദേശിച്ച രീതിയില്‍ വരാതായപ്പോള്‍ ഫായിസ് പറയുന്ന വാക്കുകളാണ് ചിരിയേക്കാള്‍ കൂടുതല്‍ ചിന്തക്ക് വയിമാറിയത്.

ചെലോല്‍ത് റെഡ്യാവും ചെലോല്‍ത് റെഡ്യാവൂല, എന്റേത് റെഡ്യായില്ല....ഇന്റത് ഇങ്ങനെ രണ്ട് ഷെയപ്പായിട്ട് ആയിവന്നിക്കിണ്..അപ്പോള്‍, ഇന്റത് റെഡ്യായില്ല, ഇന്റത് വേറെ മോഡലാ വന്നത്. അങ്ങനെ ആയാലും ഞമ്മക്കൊരു കുഴപ്പൂല.. എന്ന് പറഞ്ഞു കൊണ്ടാണ് രണ്ടു മിനിറ്റും രണ്ടു സെക്കന്റുമുള്ള വീഡിയോ അവസാനിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് പലരും ആറ്റിറ്റ്യൂഡ് എന്ന് പറഞ്ഞ് ഷെയർ ചെയ്തു.

ജീവിതത്തിലെ എല്ലാ പരിശ്രമങ്ങളും പാളിപോയി എന്ന് കരുതി നിരാശപ്പെട്ട് ഇരിക്കുന്നവര്‍ ഈ രണ്ട് മിനുറ്റ് വീഡിയോ കാണുക. ഇവനേക്കാള്‍ വലിയൊരു മോട്ടിവേറ്ററെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. എന്ന അടിക്കുറിപ്പോടെയാണ് ഫായിസിന്റെ രണ്ട് മിനിറ്റ് രണ്ടു സെക്കന്റ് വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.


Next Story

Related Stories