TopTop
Begin typing your search above and press return to search.

കോണ്‍ക്രീറ്റ് കുഴയ്ക്കുന്ന മിക്സ്റില്‍ ഒളിച്ച് യാത്ര ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍; കോവിഡ് കാലത്തെ ഹൃദയഭേദക ദൃശ്യങ്ങള്‍

കോണ്‍ക്രീറ്റ് കുഴയ്ക്കുന്ന മിക്സ്റില്‍ ഒളിച്ച് യാത്ര ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍; കോവിഡ് കാലത്തെ ഹൃദയഭേദക ദൃശ്യങ്ങള്‍

ലോക്ഡൗണ്‍ സമയത്ത് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തൊഴിലും ആഹാരവും പണവുമില്ലാതെ കഷ്ടപ്പെടുന്ന കുടിയേറ്റ തൊഴിലാളികളുടെ വാര്‍ത്തകളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരന്തരമായി കേള്‍ക്കുന്നത്. മുന്നറിയിപ്പില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങിപ്പോയവര്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ പൊരിവെയിലത്ത് നടന്ന് സ്വന്തം നാടുകളിലെത്താന്‍ ശ്രമിക്കുന്ന ഹൃദയഭേദകമായ കാഴ്ചകളും നിത്യസംഭമാണ്. എങ്ങനെയെങ്കിലും നാട് പിടിക്കാനുള്ള ശ്രമത്തില്‍ എന്തും ചെയ്യുന്ന അവസ്ഥയിലാണ് തൊഴിലാളികള്‍.

അത്തരമൊരു സംഭവമാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഉണ്ടായത്. സിമന്റ് കുഴയ്ക്കുന്ന വലിയ യന്ത്രത്തിനുള്ളില്‍ കയറി ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലേക്ക് പോകാനുള്ള 18 തൊഴിലാളികളുടെ ശ്രമം തടഞ്ഞ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. വലിയ ട്രക്കില്‍ ഘടിപ്പിച്ചിട്ടുള്ള സിമന്റ് മിക്‌സ്റിലായിരുന്നു തൊഴിലാളികളുടെ യാത്ര. സിമന്റും വെള്ളവുമൊക്കെ ഇട്ടുകൊടുത്ത് അത് കുഴച്ച് തഴേക്കിടുന്ന ദ്വാരത്തിലൂടെയാണ് ഇവര്‍ ഇതിനകത്ത് പ്രവേശിച്ചത്. ആ ദ്വാരമല്ലാതെ വായു സഞ്ചാരത്തിന് മറ്റൊരു മാര്‍ഗവും ഇതിനകത്തില്ല. ഇവര്‍ മഹാരാഷ്ട്രയില്‍ നിന്ന് ലക്നൌവിലേക്ക് പോവുന്ന വഴിയാണ് ഇന്‍ഡോറില്‍ വച്ച് പോലീസ് വാഹനം തടഞ്ഞ് പരിശോധിച്ചത്.

മാര്‍ച്ച് 24-ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് കേവലം നാലു മണിക്കൂറിന്റെ മാത്രം മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ്. ഇത് ഏപ്രില്‍ 14-ന് തീരുമെന്ന് കരുതിയിരിക്കെയാണ് വീണ്ടും ഇത് മെയ് 3 വരെ നീട്ടിയത്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ ഇത് മെയ് 17 വരെ നീട്ടുകയും ചെയ്തു. ലോക്ഡൗണ്‍ ഓരോ ദിവസവും നീട്ടുന്നതോടെ ദുരിതം കൂടിവരുന്ന തൊഴിലാളികള്‍ ഏതു വിധത്തിലും സ്വന്തം നാട്ടിലെത്താനാണ് ശ്രമിക്കുന്നത്. ഇന്നലെ മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനുകള്‍ ഓടിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും വിവിധ പ്രദേശങ്ങളിലായുള്ള ലക്ഷക്കണക്കിന് തൊഴിലാളികളെ അവരവരുടെ നാടുകളിലെത്തിക്കണമെങ്കില്‍ ദിവസങ്ങളെടുക്കും. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ ലഭ്യമായ ഏതു വിധത്തിലും യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതും ചിലപ്പോഴൊക്കെ പിടികൂടപ്പെടുന്നതും. ഈ വിധത്തില്‍ പിടിയിലാകുന്നവരെ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് ശിക്ഷിക്കുക മാത്രമല്ല, വീണ്ടും ക്വാറന്റൈനില്‍ അയയ്ക്കുകയും ചെയ്യും.


Next Story

Related Stories