വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വൊഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും 42 ശതമാനം മൊബൈല്‍ കോള്‍ ഡാറ്റ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുന്നു. ഇതിന് പിന്നാലെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണക്കുകള്‍ കാണിക്കുന്ന റിലയന്‍സ് ജിയോയും 40 ശതമാനം നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുന്നു. സമീപകാലത്തൊന്നും ഇത്തരത്തില്‍ ഒരു വര്‍ധന എല്ലാ ടെലികോം കമ്പനികളും ഒരേസമയം വരുത്തിയിരുന്നില്ല. ടെലിംകോം കമ്പനികളില്‍ പലതും ലയിപ്പിക്കപ്പെടുകയും വിപണിയിലെ മല്‍സരം പ്രധാനമായും രണ്ടോ മൂന്നോ കമ്പനികള്‍ക്കിടയില്‍ പരിമിതപെടുകയും ചെയ്തതിന് ശേഷമാണ് നിരക്ക് വര്‍ധനയെന്നത് കൊണ്ട് തന്നെ ഇത് ഉപഭോക്താക്കളെ കാര്യമായി ബാധിക്കും. 2016 സെപ്റ്റംബര്‍ അഞ്ച് മുതലാണ് ജിയോ ഇന്ത്യന്‍ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയത്. തീരെ ചെറിയ ഡാറ്റ നിരക്കുകളും അണ്‍ലിമിറ്റഡ് കോളുകളുമായാണ് ജിയോ വിപണി പിടിച്ചത്. 2ജി, ത്രി ജി, ഫോര്‍ജി സ്പെക്ട്രങ്ങള് ഒന്നുമില്ലാത്ത ജിയോ സാറ്റലൈറ്റ് വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ടവറുകള്‍ ഉപയോഗിക്കുന്നില്ല. 2 ജി, 3 ജി സേവനങ്ങള്‍ ജിയോ നല്‍കുന്നില്ല. പകരം വോയ്സ് ഓവര്‍ ലോംഗ് ടേം എവലൂഷന്‍ എന്ന vo LTE സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ടവറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് സര്‍വീസ് പ്രൊവൈഡേഴ്സിന് നെറ്റ് വര്‍ക്ക് കവറേജ് നല്കാന് കഴിയാത്ത ഇടങ്ങളിലും ജിയോയ്ക്ക് റേഞ്ച് ഉണ്ട്. മറ്റ് കമ്പനികള്‍ നല്കുന്നതിനേക്കാള് വേഗതയിലുള്ള ഇന്റര്‍നെറ്റും തുടക്കത്തില്‍ ജിയോ നല്‍കിയിരുന്നു. വിപണിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എയര്‍ടെല്ലിനേയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ടായിരുന്ന ഐഡിയയേയും വൊഡാഫോണിനേയും ജിയോയുടെ വരവ് സാരമായി ബാധിച്ചു. മറ്റ് സര്‍വീസ് പ്രൊവൈഡറുകളില്‍ നിന്ന് ജിയോയിലേയ്ക്ക് ഉപഭോക്താക്കളുടെ വ്യാപകമായ കൊഴിഞ്ഞുപോക്കുണ്ടായി. വിപണി മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ വൊഡാഫോണും ഐഡിയയും ഒറ്റ കമ്പനിയാവുകയും ടാറ്റ ഡോകോമോയെ എയര്‍ടെല്‍ വാങ്ങുകയും ചെയ്തു. ആഗോളവത്കരണത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന വിപണിയിലെ മത്സരം ഇന്ത്യന്‍ ടെലികോം രംഗത്ത് ഏറെക്കുറെ അപ്രസക്തമാവുകയാണ് 2016ല്‍ റിലയന്‍സ് ജിയോയുടെ വരവോടെ സംഭവിച്ചത്. പുതിയൊരു സ്വകാര്യ കമ്പനി കൂടി വിപണി മത്സരത്തിലേയ്ക്ക് വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ സുഗമമാകുന്ന അവസ്ഥക്ക് വിരുദ്ധമായ നിലയിലേയ്ക്കാണ് കാര്യങ്ങള്‍ പിന്നീട് മാറിയത്.
മല്‍സരം ഇളവുകള്‍, പിന്നീട് നിരക്ക് വര്‍ധന; ടെലികോം മേഖലയില്‍ സംഭവിക്കുന്നത്

Next Story