TopTop

ആരാണ് സാവിത്രിബായ് ഫൂലെ? 189 ആം ജന്മദിനത്തില്‍ ഓര്‍ക്കുമ്പോള്‍ (വീഡിയോ)

ഇന്ത്യന്‍ ഫെമിനിസത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന സാവിത്രിബായ് ഫൂലെയുടെ 189-ആം ജന്മദിനമാണ് ജനുവരി 3. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായും സ്ത്രീ ഉന്നമനത്തിനായും ഒരു നൂറ്റാണ്ടു മുന്‍പ് തന്നെ പ്രവര്‍ത്തിച്ച വനിതയാണ് സാവിത്രിബായ് ഫൂലെ. ഇന്ത്യയിലെ ജാതിവിരുദ്ധ പോരാട്ടങ്ങളിലും നവോത്ഥാന പ്രസ്ഥാനങ്ങളിലും മഹത്തായ പങ്കുവഹിച്ച വിപ്ലവകാരി.

ഇന്ത്യയില്‍ ആദ്യമായി ദളിത് സമുദായത്തില്‍ നിന്നടക്കമുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി സ്‌കൂള്‍ ആരംഭിച്ച സാവിത്രി ബായ് ഫൂലെ 1831 ജനുവരി മൂന്നിനാണ് ജനിക്കുന്നത്. ഒന്‍പത് വയസില്‍ തന്നെ സാവിത്രിയുടെ വിവാഹം കഴിഞ്ഞു. പതിമൂന്ന്കാരനായ ജ്യോതിറാവു ഫൂലെയായിരുന്നു വരന്‍. വിവാഹശേഷം വിദ്യാഭ്യാസം നേടിയ സാവിത്രി അധ്യാപികയായി. അക്കാലത്ത് താഴ്ന്ന ജാതിയില്‍പെട്ട കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ക്കായി പൂനെയിലെ ഫിദവാഡയില്‍ സാവിത്രി കുട്ടികള്‍ക്കായി സ്‌കൂള്‍ തുടങ്ങി. ചമാര്‍, മഹര്‍, മാംഗ് എന്നീ ജാതിയിലുള്ള കുട്ടികള്‍ക്കായിരുന്നു ആ സ്‌കൂള്‍. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം സ്‌കൂള്‍ അടയ്‌ക്കേണ്ടി വന്നു.

1851 ലാണ് സാവിത്രി പെണ്‍കുട്ടികള്‍ക്കായി വീണ്ടും ഒരു സ്‌കൂള്‍ തുടങ്ങുന്നത്. തുടക്കത്തില്‍ കുട്ടികള്‍ കുറവായിരുന്നെങ്കിലും പിന്നീട് എണ്ണം വര്‍ദ്ധിച്ചു വന്നു. 1873 ല്‍ ജ്യോതിറാവു ഫൂലെ സത്യശോധക് സമാജ് ആരംഭിച്ചപ്പോള്‍ സാവിത്രയും അതിന്റെ പ്രവര്‍ത്തകയായി. ഈ സംഘടനയുടെ ഭാഗമായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയും വിധവ വിവാഹത്തിനു വേണ്ടിയും വിധവകളുടെ കുട്ടികള്‍ക്കായുള്ള അനാഥാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനായും ഇവര്‍ പ്രവര്‍ത്തിച്ചു.

സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന വലിയ എതിര്‍പ്പുകളെ എല്ലാം അതിജീവിച്ചായിരുന്നു സാവിത്രിബായ് ഫൂലെയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയത്. ആതുരസേവന രംഗത്തും സാവിത്രി സജീവമായിരുന്നു. പ്ലേഗ് പടര്‍ന്നുപിടിച്ച കാലത്ത് രോഗം ബാധിച്ചവരെ പരിചരിക്കുന്ന കാര്യത്തിലും മുന്നില്‍ നിന്നു സാവിത്രിബായ് ഫൂലെ. ഒടുവില്‍ രോഗം ബാധിച്ച സാവിത്രിബായ് ഫൂലെ 1897 മാര്‍ച്ച് 10 ന് അന്തരിച്ചു.





Next Story

Related Stories